കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മഴ ഭീഷണിയിലാണുള്ളത്. ആദ്യ ദിനം ടോസ് നടന്നത് തന്നെ വളരെ വൈകിയാണ്. ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യുകയാണ് പൊതുവേ ചെയ്യാറ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ പൊതുവേ ടോസ് ലഭിക്കുമ്പോള്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് ചെയ്യാറ്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു.
മഴ പെയ്ത് ഈര്‍പ്പമുള്ള പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടോസ് അനുകൂലമായിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതിനെ വിചിത്രമായാണ് എല്ലാവരും വിലയിരുത്തുന്നത്. ഹോം ടെസ്റ്റില്‍ ടോസ് നേടിയിട്ടും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാതിരിക്കുന്നത് 9 വര്‍ഷത്തിനിടെ ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.
എന്തുകൊണ്ട് ഇത്തരമൊരു തീരുമാനം
ഇന്ത്യയുടെ ബൗളിങ് കരുത്ത് ശക്തമാണ്. ഇതില്‍ സംശയമില്ല. എന്നാല്‍ ഇന്ത്യക്ക് മെച്ചപ്പെടേണ്ടത് ബാറ്റിങ്ങിലാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പര വരാനിരിക്കെ ഇന്ത്യക്ക് ബാറ്റിങ് നിരയുടെ പ്രകടനമാണ് മെച്ചപ്പെടുത്തേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാത്തത് തെറ്റായ തീരുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്.
ഈ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പരമാവധി ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടത്. ബൗളര്‍മാര്‍ ബംഗ്ലാദേശിനെ എറിഞ്ഞു പിടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എത്രത്തോളം ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലിന് രണ്ടാം ഇന്നിങ്‌സില്‍ അധികം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. മോശം ഫോമിലുള്ള താരങ്ങള്‍ക്ക് കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുടെ പദ്ധതിയെന്ത്?
കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിനം മഴ വീണ്ടും പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ മത്സരം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യം പന്തെറിഞ്ഞ് പിച്ചിന്റെ സ്വഭാവം മനസിലാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യയുള്ളത്. ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലരായ നിരക്കെതിരേ ഇന്ത്യക്ക് അനായാസം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാനാവുമെന്ന ആത്മവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ബൗളിങ് കരുത്ത് പരീക്ഷിക്കാനാണ് ഇന്ത്യ കൂടുതല്‍ താല്‍പര്യം കാട്ടിയിരിക്കുന്നത്.
ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നുമാണ് കരുതിയതെങ്കിലും ഇന്ത്യ ആദ്യ മത്സരത്തിലെ അതേ പ്ലേയിങ് 11നെ നിലനിര്‍ത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഇന്ത്യ ആഗ്രഹിക്കുക. എന്തായാലും 9 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടോസ് നേടിയിട്ടും ആദ്യം ബൗളിങ് തിരഞ്ഞെടുത്തതെന്നത് വിചിത്രമായ കാര്യമായിത്തന്നെ പറയാം.
രണ്ടാം ടെസ്റ്റിലെ പ്ലേയിങ് 11
ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ബംഗ്ലാദേശ്-ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), മൊമിനുല്‍ ഹഖ്, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, മെഹതി ഹസന്‍ മിറാസ്, ഹസന്‍ മഹമ്മൂദ്, തയ്ജുല്‍ ഇസ്ലാം, ഖാലിദ് അഹമ്മദ്