ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ വലിയ ബാറ്റിങ് തകര്‍ച്ചയാണ് കാത്തിരുന്നത്. 144 റണ്‍സിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഇതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. എന്നാല്‍ ആര്‍ അശ്വിനും (102*) രവീന്ദ്ര ജഡേജയും (86*) ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 339 എന്ന മികച്ച നിലയിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അശ്വിന്‍ 112 പന്തില്‍ 10 ഫോറും 2 സിക്‌സും പറത്തിയപ്പോള്‍ ജഡേജ 117 പന്ത് നേരിട്ട് 10 ഫോറും 2 സിക്‌സും തന്നെ പറത്തിയാണ് ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനവും ഇവരുടെ ശക്തമായ ബാറ്റിങ് പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത് അശ്വിനും ജഡേജയും ചേര്‍ന്നാണ്.
ഗംഭീറിനെ ട്രോളി സിഎസ്‌കെ ഫാന്‍സ്
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ടീം കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്. അതുകൊണ്ടുതന്നെ ടീമിന്റെ പ്രകടനത്തെ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ ടോപ് ഓഡര്‍ കാഴ്ചവെച്ചത്. ഇതിന് ശേഷം ഇന്ത്യക്ക് കരുത്തായത് അശ്വിന്റേയും ജഡേജയുടേയും പ്രകടനമാണ്.
അശ്വിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈ. രവീന്ദ്ര ജഡേജ ഏറെക്കാലമായി സിഎസ്‌കെയുടെ ഭാഗമായതിനാല്‍ ചെന്നൈ പിച്ചിനെ നന്നായി അറിയാം. ഇരുവരുടേയും ചെന്നൈയിലെ അനുഭവസമ്പത്ത് ഇന്ത്യക്ക് വലിയ കരുത്തായിട്ടുണ്ട്. അശ്വിനും നേരത്തെ സിഎസ്‌കെയുടെ താരമായിരുന്നു. അതുകൊണ്ടുതന്നെ സിഎസ്‌കെ ആരാധകര്‍ ഇവരുടെ പ്രകടനത്തെ വാഴ്ത്തുന്നു. ധോണിയുടെ ശിഷ്യന്മാര്‍ എന്ന തലക്കെട്ടോടെയാണ് സിഎസ്‌കെ ആരാധകര്‍ അശ്വിനേയും ജഡേജയേയും വാഴ്ത്തുന്നത്.

ധോണിയുടെ ശിഷ്യന്മാര്‍ രക്ഷകരായി
ധോണിയുടെ ശിഷ്യന്മാരാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചതെന്നും വിരമിച്ചാലും ധോണിയുടെ ഇംപാക്ട് കാലാകാലം ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് സിഎസ്‌കെ ആരാധകര്‍ വാഴ്ത്തുന്നത്. അശ്വിനും ജഡേജയും ധോണിക്ക് കീഴില്‍ കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയവരാണ്. അതുകൊണ്ടുതന്നെ ധോണിയുടെ ശിഷ്യന്മാരാണ് ഇവരെന്ന് നിസംശയം പറയാം. എന്നാല്‍ സിഎസ്‌കെ ആരാധകര്‍ ഗംഭീറിനെ ട്രോളാനായി ജഡേജയുടേയും അശ്വിന്റേയും പ്രകടനത്തെ ഉപയോഗപ്പെടുത്തുന്നു.
ഗംഭീറിന് കീഴില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടിയിരുന്നു. എന്നാല്‍ ഏകദിന പരമ്പര ഇന്ത്യ നാണംകെട്ട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയിലെ ഫലമെന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. നിലവില്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയ ഇന്ത്യ രണ്ടാം ദിനം ടീം സ്‌കോര്‍ 400ന് മുകളിലേക്കെത്തിക്കാനാവും ശ്രമിക്കുക. മികച്ച ബൗളിങ് കരുത്തുള്ള ഇന്ത്യക്ക് ബംഗ്ലാദേശിനെ എറിഞ്ഞ് വീഴാത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തി
ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ആറ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശുബ്മാന്‍ ഗില്‍ ഡെക്കിനാണ് മടങ്ങിയത്. യശ്വസി ജയ്‌സ്വാള്‍ 56 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റിഷഭ് പന്ത് 39 റണ്‍സെടുത്തും മടങ്ങി. ജയ്‌സ്വാളിന്റേയും റിഷഭിന്റേയും കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്ക് പോകാതെ പിടിച്ചുനിര്‍ത്തിയത്.
ഇവിടെ നിന്ന് ടീം സ്‌കോറിനെ കൈപിടിച്ചുയര്‍ത്താന്‍ അശ്വിനും ജഡേജക്കും സാധിച്ചു. എന്തായാലും ഇന്ത്യ തുടക്കത്തിലേ പതറിയെങ്കിലും ഇപ്പോള്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിട്ടുണ്ട്. ദിവസം മുന്നോട്ട് പോകുന്തോറും പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമാവും. അതുകൊണ്ടുതന്നെ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് നിസംശയം പറയാം.