മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് ശേഷം ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. മൂന്ന് മത്സര ടി20 പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നത് കാത്തിരുന്ന് കണ്ടറിയണം. വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണ്‍ എത്താനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഇറാനി ട്രോഫിക്കുള്ള റസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടതോടെ സഞ്ജു സാംസണ്‍ ബംഗ്ലാദേശ് ടി20 കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
അവസാന ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ സഞ്ജു രണ്ട് മത്സരത്തിലും ഡെക്കായാണ് മടങ്ങിയത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജു ഫ്‌ളോപ്പായാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക പോലും പ്രയാസമാണെന്ന് പറയാം. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം
ഇഷാനും ജുറേലും അവസരം കാത്തിരിക്കുന്നു
ഇന്ത്യന്‍ ടി20 ടീമിലേക്കെത്താന്‍ ഇഷാന്‍ കിഷനും ദ്രുവ് ജുറേലും അവസരം കാത്തിരിക്കുകയാണ്. രണ്ട് പേരുടേയും സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ബംഗ്ലാദേശ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജു നിരാശപ്പെടുത്തിയാല്‍ ടീമില്‍ നിന്ന് തഴയപ്പെടാനും ആ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും ദ്രുവ് ജുറേലും എത്താനും സാധ്യതയുണ്ട്. സഞ്ജുവിന് ഇവരെ മറികടന്ന് ദേശീയ ടീമിലേക്ക് തിരിച്ചെത്തുക വലിയ പ്രയാസമായി മാറും.
അതുകൊണ്ടുതന്നെ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ പരമാവധി മുതലാക്കാന്‍ സഞ്ജുവിന് സാധിക്കണം. കടന്നാക്രമിച്ച് കളിക്കുക എന്നതിലുപരിയായി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കാന്‍ സഞ്ജു ശ്രമിക്കേണ്ടതായുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുന്ന പരിശീലകനാണ്. എന്നാല്‍ സഞ്ജു വീണ്ടും ഫ്‌ളോപ്പായാല്‍ അദ്ദേഹം തഴയപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

വിമര്‍ശകര്‍ക്ക് മറുപടി നല്‍കണം
സഞ്ജു സാംസണിന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ബംഗ്ലാദേശ് പരമ്പരയില്‍ അദ്ദേഹം തിളങ്ങേണ്ടത് അത്യാവശ്യ കാര്യമാണെന്ന് പറയാം. അവസാന ശ്രീലങ്കന്‍ പരമ്പരയിലെ നാണംകെട്ട പ്രകടനത്തോടെ സഞ്ജുവിനെതിര ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദുലീപ് ട്രോഫിയില്‍ സഞ്ജു സെഞ്ച്വറി നേടിയെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനം ശരാശരി മാത്രമായിരുന്നു. സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ മികച്ചതാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഈ മികവ് ആവര്‍ത്തിക്കേണ്ടതായുണ്ട്.
ബംഗ്ലാദേശ് ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാനായാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചേക്കും. ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെ പൂര്‍ണ്ണമായും തഴയാനുള്ള സാധ്യത കൂടും. വിമര്‍ശകര്‍ക്ക് മറുപടി നല്‍കി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തേണ്ടത് സഞ്ജു സാംസണെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം.
ആരാധകരോട് നീതി കാട്ടണം
സഞ്ജു സാംസണിനെ എല്ലാ സമയത്തും പിന്തുണക്കുന്ന വലിയൊരു ആരാധക കൂട്ടായ്മയുണ്ട്. ഏത് പ്രതിസന്ധിയിലും സഞ്ജുവിന് കരുത്താവുന്നതും ഈ ആരാധകരാണ്. എന്നാല്‍ പലപ്പോഴും ഇവരോട് നീതി കാട്ടാന്‍ സഞ്ജുവിന് സാധിക്കാറില്ല. എന്നാല്‍ ഇത്തവണത്തെ ബംഗ്ലാദേശ് ടി20യില്‍ സഞ്ജുവിന് ആരാധകരോട് നീതി കാട്ടാന്‍ സാധിക്കണം. അല്ലാത്ത പക്ഷം ആരാധകരടക്കം സഞ്ജുവിനെതിരായേക്കും.
അവസരം കുറവാണെന്ന് പറയുമ്പോഴും ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള കൂടുതല്‍ വിക്കറ്റ് കീപ്പര്‍മാര്‍ വളര്‍ന്ന് വരവെ സഞ്ജുവിന് ടീമില്‍ നിലനില്‍ക്കാന്‍ സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി സഞ്ജുവിന് ഒതുങ്ങേണ്ടി വരും.