ഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ബംഗ്ലാദേശ് ടീമിനു നേരിട്ട കനത്ത പരാജയത്തിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. 86 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. നേരത്തേ ആദ്യ ടി20യിലും ബംഗ്ലാദേശ് ടീമിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ടീം ഇന്ത്യ നേടിയത്.
222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ടീമിനു ഇന്ത്യ നല്‍കിയത്. റണ്‍ചേസില്‍ ഒരു ഘട്ടത്തിലും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാതെ അവര്‍ കീഴടങ്ങുകയും ചെയ്തു. ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ ബംഗ്ലാദേശ് ടീമിനായുള്ളൂ. ആദ്യ ടി20യിലെ അതേ പിഴവ് ഈ മല്‍സരത്തിലും തങ്ങള്‍ വരുത്തിയതായി ഷാന്റോ പറയുന്നു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് ആവര്‍ത്തിച്ചു
ഗ്വാളിയോറിലെ ആദ്യ ടി20 മല്‍സരത്തില്‍ വരുത്തിയ അതേ പിഴവ് തന്നെ ഈ കളിയിലും ബംഗ്ലാദേശ് ടീം വരുത്തിയതായും ഇതു നല്ലൊരു സൂചനയല്ലെന്നും നജ്മുല്‍ ഹുസൈന്‍ ഷാന്റോ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിട്ടും ഇന്ത്യന്‍ ടീമിനു കളിയിലേക്കു ശക്തമായി തിരിച്ചുവരാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ആദ്യ കളിയില്‍ ഞങ്ങള്‍ ചില പിഴവുകള്‍ വരുത്തിയിരുന്നു. അതു തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചതെന്നു ഞാന്‍ കരുതുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങളെ സംബന്ധിച്ചു ഇതു തീര്‍ച്ചയായും നല്ലൊരു സൂചനയല്ല. ഞങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടത് ആവശ്യമാണ്. ഈ മല്‍സരത്തില്‍ ടോസിനു ശേഷം ബൗള്‍ ചെയ്യുകയെന്നത് നല്ല തീരുമാനം തന്നെയാണ് എന്നാണ് തോന്നുന്നതെന്നും ഷാന്റോ വ്യക്തമാക്കി.
ആദ്യത്തെ ആറ്-ഏഴ് ഓവറുകള്‍ക്കു ശേഷം ഇന്ത്യ വളരെ നന്നായി ബാറ്റ് ചെയ്തു. അതിനു ശേഷം ഞങ്ങള്‍ക്കു പ്ലാനുകള്‍ പ്രതീക്ഷിച്ചതു പോലെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ബാറ്ററെന്ന ഉത്തരവാദിത്വമേറ്റെടുക്കേണ്ടതു ആവശ്യമാണ്. ഞങ്ങള്‍ സ്വയം വിശ്വാസമര്‍പ്പിക്കുകയും വേണം. ഞങ്ങളുടെ ബൗളര്‍മാര്‍ പന്തെറിഞ്ഞ രീതി വളരെ മികച്ചതായിരുന്നു. പക്ഷെ മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്കു വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഷാന്റോ കൂട്ടിച്ചേര്‍ത്തു.

ക്ലിക്കാവാതെ ബാറ്റിങ് നിര
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തുടര്‍ച്ചയായി രണ്ടാമത്തെ ടി20 മല്‍സരത്തിലും ബംഗ്ലാദേശിന്റെ പരാജയത്തിനു പ്രധാന കാരണം. ആദ്യ കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം അവര്‍ക്കു 20 ഓവറുകള്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും സാധിച്ചില്ല. 19.5 ഓവറില്‍ 127 റണ്‍സിനു ബംഗ്ലാദേശ് കൂടാരം കയറുകയായിരുന്നു. അഞ്ചു വിക്കറ്റിനു 57 റണ്‍സിലേക്കു കൂപ്പുകുത്തിയ ബംഗ്ലാദേശിനു പിന്നീടൊരു തിരിച്ചുവരവ് അസാധ്യവുമായി മാറി.
രണ്ടാംടി20യിലേക്കു വന്നാല്‍ 221 റണ്‍സ് ചേസ് ചെയ്യാന്‍ അസാധ്യമായ ടോട്ടല്‍ തന്നെയാണെങ്കിലും ജയത്തിനായുള്ള ഒരു പോരാട്ടവീര്യം പോലും ബംഗ്ലാദേശ് ടീമില്‍ കാണാന്‍ സാധിച്ചില്ല. ഈ പരമ്പരയ്ക്കു ശേഷം വിരമിക്കുമെന്നു പ്രഖ്യാപിച്ച വെറ്ററന്‍ ഓള്‍റൗണ്ടര്‍ മഹമ്മുദുള്ളയുടെ (41) ഒറ്റയാള്‍ പോരാട്ടമാണ് ബംഗ്ലാദേശിനെ 100 റണ്‍സെങ്കിലും പിന്നിടാന്‍ സഹായിച്ചത്. 39 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു സിക്‌സറുകളടിച്ചു.
മഹമ്മുദുള്ളയെ മാറ്റിനിര്‍ത്തിയാല്‍ ബംഗ്ലാദേശ് ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ലെന്നു കാണാം. ഏഴോവര്‍ ആവുമ്പോഴേക്കും അവര്‍ നാലിനു 46 റണ്‍സിലേക്കു വീണിരുന്നു. വെറും നാലു റണ്‍സിന്റെ വ്യത്യാസത്തില്‍ മൂന്നു വിക്കറ്റുകളാണ് ബംഗ്ലാദേശ് ടീം കൈവിട്ടത്. ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്ത ഏഴു പേരും വിക്കറ്റുകള്‍ വീഴ്ത്തിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.