മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഇതിനോടകം രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ചെന്നൈയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര 19നാണ് ആരംഭിക്കുന്നത്. ബംഗ്ലാദേശ് പൊതുവേ ദുര്‍ബലരാണെങ്കിലും ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. പാകിസ്താനെ അവരുടെ മണ്ണില്‍ വൈറ്റ് വാഷ് ചെയ്ത് പരമ്പര നേടാന്‍ ബംഗ്ലാദേശിനായിരുന്നു.
ഈ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തുന്നത്. മികച്ച ചില യുവതാരങ്ങളും ബംഗ്ലാദേശ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ അട്ടിമറിച്ച് ചരിത്ര പരമ്പര നേട്ടത്തോടെ അയല്‍ക്കാരായ ബംഗ്ലാദേശ് വരുന്നത്. ഇതിനോടകം ബംഗ്ലാദേശ് താരങ്ങള്‍ ഇന്ത്യക്ക് മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശിന് ഇന്ത്യയെ തോല്‍പ്പിക്കുക സ്വപ്‌നം മാത്രമാവും. കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ട്
ഇന്ത്യ സ്പിന്‍ പിച്ചാവും ബംഗ്ലാദേശിനായി ഒരുക്കുകയെന്ന് നിസംശംയ പറയാം. ബംഗ്ലാദേശിന് സ്പിന്‍ കരുത്തുണ്ടെങ്കിലും ഇന്ത്യയുടെ സ്പിന്‍ മികവിനോട് കിടപിടിക്കാന്‍ കെല്‍പ്പ് ബംഗ്ലാദേശിനില്ലെന്ന് പറയാം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാര്‍ നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരാണ്. അശ്വിനും ജഡേജയും ഇന്ത്യന്‍ പിച്ചില്‍ വളരെ അപകടകാരികളായ ബൗളര്‍മാരാണ്. ഇവരെ നേരിടുകയെന്നതാണ് ബംഗ്ലാദേശിന് മുന്നിലെ വലിയ വെല്ലുവിളി.
ഈ മൂന്ന് പേര്‍ക്കുമൊപ്പം അക്ഷര്‍ പട്ടേലുമുണ്ട്. ഇംഗ്ലണ്ടിനെയടക്കം തകര്‍ത്തടുക്കിയ അക്ഷറിന്റെ ബൗളിങ് മികവ് ഇന്ത്യയ്ക്കുള്ള ബോണസാണ്. ബംഗ്ലാദേശ് ബാറ്റിങ് നിരക്ക് ഇന്ത്യയുടെ സ്പിന്നര്‍മാരെ നേരിട്ട് വലിയൊരു പ്രകടനം നടത്തുകയെന്നത് വളരെ ദുഷ്‌കരമാണ്. അഞ്ച് ദിവസത്തേക്ക് കളി നീട്ടുകയെന്നത് പോലും ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ വിജയ പ്രതീക്ഷകളെല്ലാം വെറും പ്രതീക്ഷകള്‍ മാത്രമാണെന്ന് പറയാം.

അനുഭവസമ്പത്തുള്ള ബാറ്റിങ് നിര
ഇന്ത്യയുടെ ബാറ്റിങ് നിര ബംഗ്ലാദേശിനെക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ തന്നെയാണ് ടീമിന്റെ നട്ടെല്ല്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇരുവരും. ഇവരെ വീഴ്ത്തുകയെന്നതാണ് ബംഗ്ലാദേശിന് മുന്നിലെ വലിയ തലവേദന. ഇവരെ പുറത്താക്കിയാലും പിന്നേയും കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാര്‍ വരാനിരിക്കുന്നുണ്ട്. ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും മികച്ച റെക്കോഡുള്ളവരാണ്.
ഇംഗ്ലണ്ടിനെതിരേ ജയ്‌സ്വാളിന്റെ പ്രകടനം എല്ലാവരും കണ്ടതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിക്കും. ബംഗ്ലാദേശിനൊപ്പം മികച്ച യുവ ബൗളര്‍മാരുണ്ടെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ളതാണിതെന്ന് പറയാനാവില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയെന്നത് ബംഗ്ലാദേശിന്റെ സ്വപ്‌നം മാത്രമാണെന്ന് പറയാം.
ജസ്പ്രീത് ബുംറയെന്ന എക്‌സ് ഫാക്ടര്‍
ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറ ഇപ്പോള്‍ ഇടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്. യോര്‍ക്കറുകളിലൂടെ കളി മാറ്റുന്ന ബുംറയുടെ മികവ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. വമ്പന്മാരെപ്പോലും വിറപ്പിക്കുന്ന ബുംറയുടെ വെല്ലുവിളിയെ മറികടക്കാന്‍ ബംഗ്ലാദേശിന് നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
മുഹമ്മദ് സിറാജും പേസ് നിരയില്‍ കൂട്ടിനുണ്ട്. യുവ പേസര്‍ ആകാശ് ദീപ് ദുലീപ് ട്രോഫിയില്‍ 9 വിക്കറ്റുകളുമായാണ് കസറിയത്. ഈ മികവിനെയെല്ലാം വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിര ബംഗ്ലാദേശിനില്ലെന്ന് തന്നെ പറയാം. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ ഇന്ത്യയുടെ തട്ടകത്തിലെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ബംഗ്ലാദേശ് ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് തന്നെ പറയാം.