IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്
മുംബൈ: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ കളിപ്പിക്കാതിരുന്ന സൂപ്പര്‍ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയിട്ടും ഇന്ത്യക്ക് രക്ഷയില്ല. ഒറ്റ വിക്കിനാണ് ഇന്ത്യയെ ആതിഥേയരായ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിനാണ് ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് നാല് ഓവറും ഒരു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയിച്ചത്.
2023ലെ ഏകദിന ലോകകപ്പിന് 8 മാസത്തോളം മാത്രം ശേഷിക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ഇപ്പോഴും നിരവധി ദൗര്‍ബല്യങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നു. പല പ്രശ്‌നങ്ങള്‍ക്കും ഇന്ത്യ ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഇന്ത്യയുടെ ഡെത്ത് ബൗളര്‍ ആരാണ്?
ഇന്ത്യയുടെ മത്സരമായിരുന്നു ഇത്. ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നു. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ നിറം മങ്ങിയപ്പോഴും ബൗളിങ് നിര കരുത്തുകാട്ടി. 40 ഓവറോളം ഇന്ത്യ നന്നായി പന്തെറിഞ്ഞു. എന്നാല്‍ അവസാന 10 ഓവറിനുള്ളിലാണ് കളി നഷ്ടമായത്. ഇന്ത്യയുടെ ഡെത്ത് ബൗളര്‍ ആരായിരുന്നു? കുല്‍ദീപ് സെന്നോ ദീപക് ചഹാറോ?-കൈഫ് ചോദിച്ചു. ഇന്ത്യക്ക് കൃത്യമായ ബൗളിങ് കൂട്ടുകെട്ടിനെ സൃഷ്ടിക്കാനാവുന്നില്ല. ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുകയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് മികച്ച ബൗളിങ് കൂട്ടുകെട്ടിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്.

ഇന്ത്യയുടെ ഫീല്‍ഡിങ് മോശം
ഇന്ത്യ ജയിക്കേണ്ടിയിരുന്ന മത്സരം തോറ്റത് കെ എല്‍ രാഹുല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിനാലാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ രാഹുലിന് വലിയ മികവ് കാട്ടാനായിട്ടില്ലെന്ന് തന്നെ പറയാം. 'നമ്മള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. സാധിക്കുമെങ്കില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവരുത്. മികച്ചൊരു ഫീല്‍ഡറാണവന്‍. ടി20 ലോകകപ്പില്‍ ലിറ്റന്‍ ദാസിനെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കാന്‍ രാഹുലിനായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ച് നേടാന്‍ ഡൈവിങ്ങിന് ശ്രമിച്ചില്ല- കൈഫ് പറഞ്ഞു.

ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 വേണം
സമീപകാലത്തായി ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം ഐസിസി കിരീടം നേടാന്‍ സാധിക്കുന്നില്ലെന്നതാണ്. 2021, 2022ലെ ടി20 ലോകകപ്പുകളില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താനായില്ല. അതുകൊണ്ട് തന്നെ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ വേദിയാവുന്ന 2023 ലോകകപ്പില്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് മികച്ച ടീം കരുത്ത് വേണം. പരീക്ഷണം നിര്‍ത്തി ഇന്ത്യ ഏകദിന ലോകകപ്പിലേക്ക് മികച്ച പ്ലേയിങ് കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരണം.

ലോകകപ്പ് നേടാന്‍ ഇന്ത്യ സമ്മര്‍ദ്ദം മറികടക്കണം
ഏകദിന ലോകകപ്പില്‍ കപ്പടിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദത്തെ അതിജീവിക്കേണ്ടതായുണ്ടെന്നാണ് കൈഫ് പറയുന്നത്. 'ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ സമ്മര്‍ദ്ദത്തിലാണ്. സമ്മര്‍ദ്ദത്തില്‍ ഇന്ത്യ പിഴവുകള്‍ വരുത്തുന്നു. വൈഡ് ബോളും നോബോളും ഇന്ത്യ എറിയുന്നു. സമ്മര്‍ദ്ദത്തിലൂടെയുണ്ടാവുന്ന പിഴവുകളെ അതിജീവിക്കാതെ ഇന്ത്യക്ക് കപ്പിലേക്കെത്താനാവില്ല. ന്യൂസീലന്‍ഡിനെയും ഇംഗ്ലണ്ടിനേയുമെല്ലാമാണ് ഇന്ത്യ ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടത്.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ ക്യാപ്റ്റന്‍സിയെക്കുറിച്ചും ബൗളിങ് ചെയ്ഞ്ചുകളെക്കുറിച്ചും നിങ്ങള്‍ക്ക് പറയാം. എന്നാല്‍ യുവ ബൗളര്‍മാര്‍ക്ക് കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയതാണ് തോല്‍വിക്ക് കാരണം-കൈഫ് കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിലെത്തിയ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ട് തുടര്‍ ജയങ്ങള്‍ ആവിശ്യമാണ്. ഇതിന് സാധിക്കാത്ത പക്ഷം ഇന്ത്യക്ക് തോല്‍വിയോടെ മടങ്ങേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications