IND vs BAN: പാക് പടയെ തകര്‍ത്തു, ഇപ്പോള്‍ ഇന്ത്യന്‍ മുന്‍നിര തരിപ്പണം! ആരാണ് മഹമ്മൂദ്?
ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യന്‍ ടീം പതറുകയാണ്. ഇതിനു കാരണക്കാരനാവട്ടെ അവരുടെ യുവ ഫാസ്റ്റ് ബൗളര്‍ ഹസന്‍ മഹമ്മൂദുമാണ്. ഇന്ത്യന്‍ മുന്‍നിരയെ തരിപ്പണമാക്കിയത് അദ്ദേഹമാണ്. ലഞ്ച് ബ്രേക്കിനു ശേഷം കളി 33ാം ഓവറിലേക്കു കടക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 120 റണ്‍സെന്ന നിലയിലാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മന്‍ ഗില്‍ (0), വിരാട് കോലി (6), റിഷഭ് പന്ത് (39) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. ഇവരെയെല്ലാം പുറത്താക്കിയതാവട്ടെ മഹമ്മൂദുമാണ്. ഈ ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവും വെല്ലുവിളിയുയര്‍ത്തുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് മറ്റൊരു യുവ പേസര്‍ നഹിദ് റാണയായിരുന്നു.
കാരണം 150 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. റാണയെ പേടിച്ച ഇന്ത്യക്കു ഇപ്പോള്‍ പണി തന്നിരിക്കുന്നത് മഹമ്മൂദാണ്. ടെസ്റ്റില്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയ യുവ പേസര്‍ ആരാണ്? അടുത്തറിയാം.

അരങ്ങേറ്റം 2020ല്‍
2020ല്‍ സിംബാബ്‌വെയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയാണ് 24 കാരനായ ഹസന്‍ മഹമ്മൂദ് അന്താരാഷ്ട ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി പരമ്പരയില്‍ തന്നെ സാന്നിധ്യമറിയിച്ച അദ്ദേഹം തൊട്ടടുത്ത വര്‍ഷം തന്നെ ഏകദിനത്തിലും അരങ്ങേറുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കു മഹമ്മൂദിനെ ധൃതി പിടിച്ചുകൊണ്ടുവരാന്‍ ബംഗ്ലാദേശ് തയ്യാറല്ലായിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം അരങ്ങേറ്റം നടത്തിയത്. ഈ വര്‍ഷം നാട്ടില്‍ ശ്രീലങ്കയുമായി നടന്ന ടെസ്റ്റിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ മഹമ്മൂദ് അരങ്ങേറുകയായിരുന്നു. ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, നഹിദ് റാണ, എബാദത്ത് ഹൊസെയ്ന്‍ എന്നിവരുള്‍പ്പെടുന്ന പേസ് നിരയുടെ ഭാഗമായി അദ്ദേഹം ഇടം പിടിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ നാലു വിക്കറ്റുകള്‍ പിഴുത മഹമ്മൂദിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.
ഏകദിനത്തില്‍ 22 മല്‍സരങ്ങളില്‍ മഹമ്മൂദ് ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 6.03 ഇക്കേണമി റേറ്റില്‍ 30 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 32 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം.
ടി20യില്‍ 18 മല്‍സരങ്ങളില്‍ നിന്നും 7.48 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി. ടെസ്റ്റില്‍ മൂന്നു മല്‍സരങ്ങള്‍ മാത്രമേ യുവ പേസര്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ 3.62 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ നേടുകയും ചെയ്തു.

പാകിസ്താനെതിരേ കസറി
ഹസന്‍ മഹമ്മൂദിന്റെ ടെസ്റ്റ് കരിയറിലെ ടേണിങ് പോയിന്റെന്നു പറയാവുന്നത് പാകിസ്താനുമായി അവരുടെ നാട്ടില്‍ നടന്ന അവസാനത്തെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ്. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം പാക് ടീമിന്റെ അന്തകനായി മാറുകയും ചെയ്തു.
10.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് മഹമ്മൂദ് പിഴുതത്. ഈ ടെസ്റ്റില്‍ ആറു വിക്കറ്റിന്റെ വിജയവുമായി പരമ്പര ബംഗ്ലാദേശ് 2-0നു തൂത്തുവാരുകയും ചെയ്തു.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (BPL) ടി20 ടൂര്‍ണമെന്‍റില്‍ 41 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ താരമാണ് മഹമ്മൂദ്. രംഗ്പൂര്‍ റൈഡേഴ്‌സ്, ധാക്ക ഡയനാമിറ്റ്‌സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം 8.55 ഇക്കോണമി റേറ്റില്‍ 40 വിക്കറ്റുകളു വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications