ഇന്ത്യയുടെ ബംഗ്ലാദേശ് ചാലഞ്ചിനു ഈയാഴ്ച തുടക്കമാവുകയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരം വ്യാഴാഴ്ച മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. ബംഗ്ലാ കടുകളെ തീര്‍ക്കാനുള്ള അവസാനവട്ട പടയൊരുക്കത്തിലാണ് രോഹിത് ശര്‍മയും സംഘവും. ജയത്തോടെ തന്നെ പരമ്പരയില്‍ ആധിപത്യം നേടാനായിരിക്കും ഇന്ത്യയുടെ ശ്രമം.
വളരെ സന്തുലിതമായ ടീമിനെയാണ് ആദ്യ ടെസ്റ്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഏറെ പ്രതീക്ഷയുള്ള രണ്ടു കളിക്കാരാണ് ഇതിഹാസ താരം വിരാട് കോലിയും യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും.

രണ്ടു പേരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ തന്നെ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കണക്കുകള്‍ നോക്കിയാല്‍ ജയ്‌സ്വാളിനേക്കാള്‍ ഏറെ മുന്നിലാണ് കോലി. പക്ഷെ വരാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തേക്കാള്‍ ബാറ്റിങില്‍ കസറുക ജയ്‌സ്വാളായിരിക്കും. ഇതിന്റെ കാരണങ്ങള്‍ നോക്കാം.
സ്പിന്നര്‍മാര്‍ക്കെതിരേയുള്ള മിടുക്ക്
വിരാട് കോലിയെ അപേക്ഷിച്ച് നിലവില്‍ സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ കൂടുതല്‍ കേമനാണ് യശസ്വി ജയ്‌സ്വാള്‍. സാധാരണയായി പേസര്‍മാര്‍ക്കെതിരേയാണ് ഓപ്പണിങ് ബാറ്റര്‍മാര്‍ കൂടുതല്‍ തിളങ്ങാറുള്ളത്. എന്നാല്‍ പേസ് ബൗളിങിനെതിരേ മാത്രമല്ല സ്പിന്നര്‍മാരെയും നന്നായി കൈകാര്യം ചെയ്യാന്‍ ജയ്‌സ്വാളിനു സാധിക്കും.
ഈ വര്‍ഷം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം റണ്‍സും സ്പിന്നര്‍മാര്‍ക്കെതിരേയാണ് ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്. ബംഗ്ലാദേശ് ടീമില്‍ ഷാക്വിബുല്‍ ഹസന്‍, മെഹ്ദി ഹസന്‍ മിറാസ് തുടങ്ങിയ മികച്ച സ്പിന്നര്‍മാരുണ്ട്. അവര്‍ക്കെതിരേയെല്ലാം എളുപ്പത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ജയ്‌സ്വാളിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.
അഗ്രസീവ് സമീപനം
ബാറ്റിങിലെ അഗ്രസീവ് സമീപനമാണ് വിരാട് കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് യശസ്വി ജയ്‌സ്വാള്‍ നേടാനുള്ള രണ്ടാമത്തെ കാരണം. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ വളരെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നാളാണ് ജയ്‌സ്വാള്‍. ഇതിനകം കളിച്ച ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 1028 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. 70.07 എന്ന സ്‌ട്രൈക്ക് റേറ്റും ജയ്‌സ്വാളിനുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യത്തെ ബോള്‍ മുതല്‍ തന്നെ തകര്‍ത്തടിച്ച് ബോളിന്റെ തിളക്കം നഷ്ടപ്പെടുത്തിയിരുന്ന ബാറ്ററാണ് സെവാഗ്. ഇപ്പോള്‍ ജയ്‌സ്വാള്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഇതാണ്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ പുറത്താക്കുകയെന്നത് അല്‍പ്പം കടുപ്പം തന്നെയായിരിക്കും.

സമീപകാലത്തെ ഫോം
സമീപകാലത്തു കളിച്ച ടെസ്റ്റുകളില്‍ വിരാട് കോലിയേക്കാള്‍ മികച്ച പ്രകടനമാണ് യശസ്വി ജയ്‌സ്വാള്‍ കാഴ്ചവച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരേ അദ്ദേഹം കൂടുതല്‍ റണ്‍സെടുക്കാനുള്ള മൂന്നാമത്തെ കാരണവും ഇതാണ്. ഏറ്റവും അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ ജയ്‌സ്വാള്‍ റണ്‍മഴ പെയ്യിച്ചിരുന്നു.
712 റണ്‍സാണ് അഞ്ചു ടെസ്റ്റുകളില്‍ അദ്ദേഹം വാരിക്കൂട്ടിയത്. മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിനു (774 റണ്‍സ്) ശേഷം ഒരു പരമ്പരയില്‍ കൂടുതല്‍ റണ്ണെടുത്ത ഇന്ത്യന്‍ താരമായും ജയ്‌സ്വാള്‍ മാറിയിരുന്നു. രണ്ടു ഡബിള്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെതിരേ അദ്ദേഹം കുറിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.