ഇന്ത്യന്‍ ടീമിന്റെ അടുത്ത ചാലഞ്ച് ബംഗ്ലാദേശുമായി സപ്തംബറില്‍ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ്. ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ടീം ഇന്ത്യയുടെ മടങ്ങിവരവ് കൂടിയാണിത്. സപ്തംബര്‍ 19 മുതലാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. 2025ല്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഇതിലേക്കു ഒരു പടി കൂടി അടുക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയാണ് ഈ പരമ്പര.
പുതിയ കോച്ചായ ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യത്തെ ടെസ്റ്റ് പരമ്പരയെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ഗംഭീറിനു കീഴില്‍ ഓരോ ടി20, ഏകദിന പരമ്പരകളാണ് ടീം ഇന്ത്യ കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നു ഇത്. മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഏകദിനത്തില്‍ ഇന്ത്യയെ 2-0നു ലങ്ക സ്തബ്ധരാക്കിയിരുന്നു.

ഈ വര്‍ഷം ഒരു ടെസ്റ്റ് പരമ്പയില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. നാട്ടില്‍ ഇംഗ്ലണ്ടുമായാണ് റെഡ് ബോള്‍ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ത്തത്. ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ എങ്ങനെയാവും ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവനെന്നു നോക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ഇടംകൈന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡ് റണ്‍വേട്ടയാണ് ജയ്‌സ്വാള്‍ നടത്തിയത്.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക യുവതാരം ശുഭ്മന്‍ ഗില്ലായിരിക്കും. ഈ പൊസിഷനില്‍ അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. വലിയ ഇന്നിങ്‌സുകളുമായി സ്ഥാനം ഭദ്രമാക്കാനുള്ള അവസരമാണ് ബംഗ്ലാദേശിനെതിരേ ഗില്ലിനു ലഭിച്ചിരിക്കുന്നത് നാലാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി തിരിച്ചെത്തുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു ലഭിച്ചിരുന്നില്ല.
കോലിക്കു ശേഷം അഞ്ചാം നമ്പറില്‍ കളിച്ചേക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുകയും ചെയ്യുന്നു. ഇതോടെ സ്ഥാനം നഷ്ടമാവുക യുവതാരം സര്‍ഫറാസ് ഖാനായിരിക്കും. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. കന്നി ഫിഫ്റ്റിയും ഈ പരമ്പരയില്‍ സര്‍ഫറാസ് കുറിച്ചിരുന്നു.

ആറാം നമ്പറില്‍ കളിക്കുക വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഇത്. 2022ല്‍ ബംഗ്ലാദേശുമായി അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് റിഷഭ് അവസാനമായി കളിച്ചത്. ഈ പരമ്പരയ്ക്കു ശേഷം താരത്തിനു കാറപകടത്തില്‍ സാരമായി പരിക്കേല്‍ക്കുകയും തുടര്‍ന്നു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു.
ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തേക്കു റിഷഭ് മടങ്ങിയെത്തിയത്. അതിനു ശേഷം ഇന്ത്യക്കായി ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ അദ്ദേഹം കളിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരേ റിഷഭിനു ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ കളിക്കുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരിക്കും.
ഒമ്പതാമനായി വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനുമുണ്ടാവും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. പരിചയസമ്പന്നായ പേസര്‍ മുഹമ്മദ് ഷമി പരിക്കില്‍ നിന്നും മോചിതനായെങ്കിലും ഈ പരമ്പരയിലുണ്ടാവുമോയെന്നുറപ്പില്ല. അതിനാല്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങുമായിരിക്കും പേസ് നിരയിലുണ്ടാവുക.
ഇന്ത്യയുടെ സാധ്യതാ ടെസ്റ്റ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.