ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിലും ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ ആക്രമണോത്സക ക്രിക്കറ്റാണ് കാഴ്ചവെക്കുന്നത്. ഗൗതം ഗംഭീര്‍ എന്ന പരിശീലകനും ഇതിനെ പിന്തുണക്കുന്നതോടെ ഇന്ത്യ എല്ലാ എതിരാളികളുടേയും പേടി സ്വപ്‌നമാവുന്നു.
ബംഗ്ലാദേശിനെതിരേ ഇന്ത്യ ആക്രമണോത്സക ക്രിക്കറ്റ് കളിച്ച് വമ്പന്‍ ജയം നേടാനാവും ശ്രമിക്കുകയെന്നുറപ്പാണ്. ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവിനെ കാത്ത് വലിയൊരു റെക്കോഡാണുള്ളത്. സൂപ്പര്‍ താരം വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കും. ഇതിന് സൂര്യക്ക് വേണ്ടത് 29 റണ്‍സാണ്. സൂര്യകുമാറിനെ കാത്തിരിക്കുന്ന റെക്കോഡ് എന്താണെന്ന് അറിയാം.
വേഗത്തില്‍ 2500 ടി20 റണ്‍സ്
ഇന്ത്യന്‍ ടീമിലേക്കെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ടീമിലേക്കെത്തിയ ശേഷമുള്ള സൂര്യകുമാര്‍ യാദവിന്റെ പ്രകടനങ്ങള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവ് കളിക്കുന്ന 73ാം ടി20 മത്സരമാണിത്. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 2500 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡില്‍ വിരാട് കോലിക്കൊപ്പമെത്താനുള്ള അവസരമാണ് സൂര്യക്കുള്ളത്. 73 മത്സരത്തില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്.
ഇന്ന് മികച്ച പ്രകടനം നടത്തി 39 റണ്‍സ് നേടാനായാല്‍ സൂര്യകുമാര്‍ യാദവിന് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്താം. ഈ റെക്കോഡില്‍ തലപ്പത്തുള്ള ബാബര്‍ അസമാണ്. മുന്‍ പാകിസ്താന്‍ നായകനായ ബാബര്‍ അസം വെറും 67 മത്സരത്തില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. ബാബറിന്റെ റെക്കോഡ് മറികടക്കാനുള്ള അവസരം സൂര്യകുമാര്‍ നഷ്ടപ്പെടുത്തി. അതുകൊണ്ടുതന്നെ കോലിക്കൊപ്പമെത്താനുള്ള സുവര്‍ണ്ണാവസരമാണ് നിലവില്‍ സൂര്യക്ക് മുന്നിലുള്ളത്.

ആദ്യ മത്സരത്തില്‍ സൂര്യ തിളങ്ങി
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവെച്ചത്. 29 റണ്‍സോടെയാണ് അദ്ദേഹം തിളങ്ങിയത്. വെറും 14 പന്തില്‍ നിന്നാണ് സൂര്യ ഈ പ്രകടനം നടത്തിയത്. രണ്ടാം ടി20യിലും സൂര്യയില്‍ നിന്ന് വെടിക്കെട്ട് പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മികച്ച ഫോമിലാണ് സൂര്യയുള്ളത്. ബംഗ്ലാദേശ് ബൗളര്‍മാര്‍ ആദ്യ മത്സരത്തില്‍ നിലവാരമില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് ഇതേ മോശം പ്രകടനം തുടര്‍ന്നാല്‍ സൂര്യക്ക് കാര്യങ്ങള്‍ എളുപ്പമാവും.
എന്നാല്‍ 39 റണ്‍സ് നേടാന്‍ സൂര്യക്ക് സാധിക്കേണ്ടതായുണ്ട്. ടി20യില്‍ വ്യക്തിഗത നേട്ടം നോക്കി കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കടന്നാക്രമിച്ച് കളിക്കുമ്പോള്‍ എത്ര സ്‌കോര്‍ നേടാനാവുമെന്നത് കണ്ടറിയണം. നിലവിലെ സൂര്യയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും രണ്ടാം മത്സരത്തില്‍ ഭാഗ്യം അദ്ദേഹത്തെ തുണക്കുമോയെന്നതാണ് അറിയേണ്ടത്.
നായകനായി സൂര്യകുമാര്‍ മിന്നിക്കുന്നു
നായകനെന്ന നിലയിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനങ്ങള്‍ ഗംഭീരമാണെന്ന് പറയാം. ഗൗതം ഗംഭീര്‍ പരിശീലകനായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിയാണ് സൂര്യകുമാര്‍ യാദവിന് നായകസ്ഥാനം നല്‍കിയത്. ഇത് തെറ്റായില്ലെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. മികച്ച ഫീല്‍ഡിങ് വിന്യാസത്തിലൂടേയും ബൗളിങ് ചെയ്ഞ്ചുകളിലൂടെയും കൈയടി നേടാന്‍ സൂര്യകുമാറിന് സാധിക്കുന്നുണ്ട്.
ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനും സൂര്യകുമാറിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. അടുത്ത ടി20 ലോകകപ്പില്‍ സൂര്യകുമാറിന് കീഴിലാവും ഇന്ത്യ കളിക്കുകയെന്നുറപ്പാണ്. സഹതാരങ്ങളോട് വലിയ സൗഹൃദം പുലര്‍ത്തുന്ന സൂര്യകുമാറിന് കീഴില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.