Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സൂര്യ നയിക്കും, സഞ്ജുവും ടീമില്‍! മായങ്കടക്കം 3 പുതുമുഖങ്ങള്‍; ടി20 ടീം പ്രഖ്യാപിച്ചു

മുംബൈ: ബംഗ്ലാദേശുമായി അടുത്തയാഴ്ച ആരംംഭിക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ പല മുന്‍നിര താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ ടെസ്റ്റ് ടീമന്റെ ഭാഗമായിട്ടുള്ളവരൊന്നും ടി20 ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.

ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത മാസം ആറിനാണ് ടി20 പരമ്പരയിലെ ആദ്യ മല്‍സരം നടക്കാനിരിക്കുന്നത്.

MAYANK YADAV

മൂന്ന് പുതുമുഖങ്ങള്‍

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ മൂന്നു പുതുമുഖ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ഐപിഎല്ലില്‍ എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ട യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡി, പുതിയ പേസ് സെന്‍സേഷന്‍ മായങ്ക് യാദവ്, മറ്റൊരു യുവ പേസര്‍ ഹര്‍ഷിത് റാണ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പുതുമുഖ താരങ്ങള്‍.

നിതീഷിനും മായങ്കിനും ഇതാദ്യമായാണ് ദേശീയ ടീമിലേക്കു വിളിയെത്തിയതെങ്കില്‍ ഹര്‍ഷിതിനു ഇതു രണ്ടാമത്തെ കോളാണ്. ടി20 ലോകകപ്പിനു ശേഷമുള്ള സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലാണ് ഹര്‍ഷിത് ആദ്യമായി ദേശീയ ടീമിന്റെ ഭാഗമായത്. പക്ഷെ ഈ പരമ്പരയില്‍ അദ്ദേഹത്തിനു അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. ഇത്തവണ ബംഗ്ലാദേശിനെതിരേ പ്ലെയിങ് ഇലവന്റെ ഭാഗമാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹര്‍ഷിത്.

ഇഷാനും റുതുരാജുമില്ല

നേരത്തേയുള്ള സൂചനകള്‍ പോലെ തന്നെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്. റിഷഭ് പന്തിനു വിശ്രമം നല്‍കിയതോടെ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്.

ഇഷാന്‍ കിഷനു ഈ പരമ്പരയിലൂടെ ദേശീയ ടീമിലേക്കു തിരികെ വിളിയെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. കാരണം ആഭ്യന്തര ക്രിക്കറ്റിലേക്കു അടുത്തിടെ മടങ്ങിയെത്തിയതിനു ശേഷം ബുച്ചി ബാബു, ദുലീപ് ട്രോഫി എന്നീ റെഡ് ബോള്‍ ടൂര്‍ണമെന്റുകളില്‍ സെഞ്ച്വറിയോടെ ഇഷാന്‍ കസറിയിരുന്നു. പക്ഷെ ഇതു അദ്ദേഹത്തിനു ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തില്ല.

SURYAKUMAR YADAV- SANJU SAMSON

യുവതാരം റുതുരാജ് ഗെയ്ക്വാദും ഈ പരമ്പരയില്‍ ടീമില്‍ നിന്നും തഴയപ്പെട്ടു. എന്നാല്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയെന്നതു ശ്രദ്ധേയമാണ്. 2021ലെ ടി20 ലോകകപ്പിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്‍റിനു ശേഷം പുറത്താക്കപ്പെട്ട വരുണ്‍ പിന്നീട് പരിഗണിക്കപ്പെട്ടതുമില്ല. ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനിന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

Story first published: Saturday, September 28, 2024, 22:18 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+