കാണ്‍പൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. മഴ പൂര്‍ണമായി മാറിനിന്ന നാലാംദിനത്തില്‍ നേരിയ ലീഡുമായി പിടിമുറുക്കിയിരിക്കുകയാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 233 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ഒമ്പതു വിക്കറ്റിനു 285 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇന്ത്യക്കു ലഭിച്ചത്.
തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ബംഗ്ലാദേശ് രണ്ടു വിക്കറ്റിനു 26 റണ്‍സെടുത്താണ് നാലാംദിനത്തിലെ കളി അവസാനിപ്പിച്ചത്. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 26 റണ്‍സ് കൂടി വേണം. മൊമിനുള്‍ ഹഖ് (0), ഷദ്മന്‍ ഇസ്ലാം (7) എന്നിവരാണ് ക്രീസിലുള്ളത്. സാക്കിര്‍ ഹസന്‍ (10), നൈറ്റ് വാച്ചമാനായെത്തിയ ഹസന്‍ മഹമ്മൂദ് (0) എന്നിവരാണ് പുറത്തായത്.

നേരത്തേ മഴയും പിച്ചിലെ ഈര്‍പ്പവും കാരണം രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. ആദ്യദിനമാവട്ടെ വെറും 35 ഓവറുകള്‍ മാത്രമാണ് കളിക്കാനായത്. മുന്നു വിക്കറ്റിനു 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നു ഇന്നിങ്‌സ് പുനരാരംഭിച്ചത്. ടീം സ്‌കോറിലേക്കു 126 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തുകയായിരുന്നു.
മൊമിനുളിന്റെ സെഞ്ച്വറി
ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സിനു കരുത്തേകിയത് മൊമിനുള്‍ ഹഖിന്റെ അപരാജിത സെഞ്ച്വറിയാണ്. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 107 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 194 ബോളുകള്‍ നേരിട്ട മൊമിനുളിന്റെ ഇന്നിങ്‌സില്‍ 17 ഫോറുകളും ഒരു സിക്‌സറുമുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍ 31 റണ്‍സ് നേടിയ നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ്. ഷദ്മാന്‍ ഇസ്ലാം (24), മെഹ്ദി ഹസന്‍ മിറാസ് (20) മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. 18 ഓവറില്‍ ഏഴു മെയ്ഡനുകളുള്‍പ്പെടെ 50 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ആകാശ്ദീപ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.
തകര്‍ത്തടിച്ച് ഇന്ത്യ
മറുപടി ബാറ്റിങില്‍ ഇന്ത്യ വളരെ അഗ്രസീവ് ബാറ്റിങാണ് കാഴ്ചവച്ചത്. ക്രീസിലെത്തിയവരെല്ലാം ആഞ്ഞടിച്ചപ്പോള്‍ സ്‌കോര്‍ അതിവേഗം കുതിക്കുകയായിരുന്നു. വെറും 34.4 ഓവറിലാണ് 8.22 റണ്‍റേറ്റില്‍ 285 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. യശസ്വി ജയ്‌സ്വാളും (72) കെഎല്‍ രാഹുലും (68) ഫിഫ്റ്റികളുമായി മിന്നിച്ചു. 51 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമടക്കമാണ് ജയ്‌സ്വാള്‍ 72 റണ്‍സിലേക്കു കുതിച്ചത്.
പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി രാഹുല്‍ ഇടിവെട്ട് പ്രകടനമാണ് നടത്തിയത്. 43 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കമാണ് അദ്ദേഹം 68 റണ്‍സ് നേടിയത്. വിരാട് കോലി (35 ബോളില്‍ 47), ശുഭ്മന്‍ ഗില്‍ (36 ബോളില്‍ 39), നായകന്‍ രോഹിത് ശര്‍മ (11 ബോളില്‍ 23) എന്നിവരും ഇന്ത്യന്‍ ബാറ്റിങില്‍ മിന്നിച്ചു. ബംഗ്ലാദേശിനായി സ്പിന്‍ ജോടികളായ മെഹ്ദി ഹസന്‍ മിറാസും ഷാക്വിബുല്‍ ഹസനും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്- ഷദ്മാൻ ഇസ്ലാം, സക്കീർ ഹസൻ, നജ്മുൽ ഹുസൈൻ ഷാൻ്റോ (ക്യാപ്റ്റന്‍), മൊമിനുൽ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, ഹസൻ മഹ്മൂദ്, ഖാലിദ് അഹമ്മദ്.