ഡല്‍ഹി: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യയുടെ പടയോട്ടം. രണ്ടാം ടി20യില്‍ 86 റണ്‍സിന്റെ വമ്പന്‍ ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും സ്വന്തമാക്കിയിരിക്കുകയാണ്. ഗ്വാളിയോറിലെ ആദ്യ ടി20യിലേതു പോലെ ഡല്‍ഹിയിലും ഇന്ത്യയുടെ സമഗ്രാധിപത്യമാണ് കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റണ്‍മഴ തീര്‍ത്തപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു മുന്നില്‍ ഇന്ത്യ വച്ചത്. എന്നാല്‍ അവര്‍ക്കു ഇതു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒമ്പതു വിക്കറ്റിനു 135 റണ്‍സ് നേടാനെ ബംഗ്ലാദേശിനായുള്ളൂ. പരമ്പരയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നടക്കും.

തരിപ്പണമായി ബംഗ്ലാ കടുവകള്‍
ഇന്ത്യക്കു കാര്യമായ വെല്ലുവിളിയുയര്‍ത്താതെയാണ് റണ്‍ചേസില്‍ ബംഗ്ലാദേശ് തരിപ്പണമായത്. വെറ്ററന്‍ താരം മഹമ്മുദുള്ളയെ (41) മാറ്റിനിര്‍ത്തിയാല്‍ ബംഗ്ലാ നിരയില്‍ ഒരാള്‍ക്കു പോലും 20നു മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. തുടരെ വിക്കറ്റുകള്‍ പിഴുത് ബംഗ്ലാദേശിനെ സൂര്യകുമാര്‍ യാദവും സംഘവും വരിഞ്ഞുകെട്ടുകയായിരുന്നു. ഒമ്പതു വിക്കറ്റില്‍ 135ല്‍ അവരുടെ ചേസ് അവസാനിച്ചു.
222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നതിനാല്‍ ബംഗ്ലാദേശിനു മികച്ചൊരു തുടക്കം ആവശ്യമായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 20ല്‍ വച്ചു തന്നെ അവരുടെ ആദ്യ വിക്കറ്റ് വീണു. പതിവുപോലെ അര്‍ഷ്ദീപ് സിങാണ് ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. പര്‍വേസ് ഹുസൈന്‍ എമോനിനെ (16) അര്‍ഷ്ദീപ് ബൗള്‍ഡാക്കുകയായിരുന്നു.
പിന്നീട് ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളില്‍ വീണു കൊണ്ടിരുന്നു. നാലു റണ്‍സിനിടെ മൂന്നു വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. ഇതോടെ ഏഴാം ഓവറില്‍ അവര്‍ നാലിനു 46ലേക്കും തകര്‍ന്നു. പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്കു ദുഷ്‌കരമായിരുന്നു. 100 റണ്‍സ് തികയുമ്പോഴേക്കും ഏഴു വിക്കറ്റുകള്‍ ബംഗ്ലാദേശ് കൈവിട്ടിരുന്നു. മഹമ്മുദുള്ളയുടെ ഒറ്റയാള്‍ പോരാട്ടമാണ് അവരുടെ പരാജയഭാരം അല്‍പ്പമെങ്കിലും കുറച്ചത്.
ഏഴു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. വരുണ്‍ ചക്രവര്‍ത്തിയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഒാരോ വിക്കറ്റുകളും നേടി.
വെടിക്കെട്ടൊരുക്കി നിതീഷും റിങ്കുവും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പട്ടെ ഇന്ത്യ ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 221 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. ടോപ്പ് ത്രീ ഫ്‌ളോപ്പായെങ്കിലും കരിയറിലെ രണ്ടാമത്തെ മല്‍സരം കളിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും (74) റിങ്കു സിങും (53) വെടിക്കെട്ട് ഫിഫ്റ്റികളുമായി ഇന്ത്യയെ 200 കടത്തുകയായിരുന്നു.

വെറും 34 ബോളിലാണ് ഏഴു കൂറ്റന്‍ സിക്‌സറുകളും നാലു ഫോറുകകളുമടക്കം നിതീഷ് 74 റണ്‍സ് വാരിക്കൂട്ടിയത്. കരിയറിലെ കന്നി ഫിഫ്റ്റിയിലെത്താന്‍ അദ്ദേഹത്തിനു 27 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. സമീപകാലത്തു ബാറ്റിങില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന റിങ്കു ഇത്തവണ അഞ്ചാം നമ്പറില്‍ ലഭിച്ച അവസരം ശരിക്കും മുതലെടുത്തു. 29 ബോളില്‍ അഞ്ചു ഫോറും മൂന്നി സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
നിതീഷ്, റിങ്കു എന്നിവരെക്കൂടാതെ ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 19 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 32 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം മടങ്ങിയത്. സഞ്ജു സാംസണ്‍ (10), അഭിഷേക് ശര്‍മ (15), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (8) എന്നിവരെ പവര്‍പ്ലേയില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ മൂന്നിനു 41ലേക്കു വീണു.
എന്നാല്‍ നാലാം വിക്കറ്റില്‍ നിതീഷ്- റിങ്കു ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 108 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. ടീം സ്‌കോര്‍ 149ല്‍ വച്ച് നിതീഷ് പുറത്തായതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. അതിനുശേഷം റിങ്കുവും ഹാര്‍ദിക്കും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ മൂന്നു വിക്കറ്റുകളെടുത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.
ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), പര്‍വേസ് ഹുസൈന്‍ എമോന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, മഹമ്മുദുള്ള, ജേക്കര്‍ അലി, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹുസൈന്‍, തന്‍സിം ഹസന്‍ ഷാക്കിബ്, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്.