മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്ന് മത്സര ടി20 പരമ്പരയാണ്. ഇതിന് ശേഷം ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളെല്ലാം വരാനിരിക്കുന്നതിനാല്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാവും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ കളത്തിലിറക്കുക. സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം.
സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിലിടം നേടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരത്തിലും ഡെക്കിനാണ് സഞ്ജു സാംസണ്‍ പുറത്തായത്. അതുകൊണ്ടുതന്നെ സഞ്ജു തഴയപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ അവസാന ദുലീപ് ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ജു സാംസണെ മികവ് കാട്ടിയതിനാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ബംഗ്ലാദിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കം.
ഇഷാന്‍ കിഷന്‍ മുഖ്യ വിക്കറ്റ് കീപ്പറാവും
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇഷാന്‍ കിഷനെയാവും മുഖ്യ വിക്കറ്റ് കീപ്പറാക്കുക. ഇഷാന്‍ ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് കുറച്ച് നാളുകളായി. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടി. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ സെഞ്ച്വറിക്ക് തൊട്ടടുത്തുവെച്ച് തുടര്‍ സിക്‌സുകള്‍ പറത്താന്‍ ഇഷാന് സാധിച്ചിരുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇഷാന്‍ കിഷന് സാധിക്കുന്നുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഗൗതം ഗംഭീര്‍ പിന്തുണക്കുന്നുണ്ട്. ഗംഭീറിന്റേയും ടീം മാനേജ്‌മെന്റിന്റേയും നിര്‍ദേശ പ്രകാരമാണ് ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്. ടി20യില്‍ മികച്ച റെക്കോഡും ഇഷാനുണ്ട്. സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി നേടിയെങ്കിലും മറ്റ് ഇന്നിങ്‌സുകളിലൊന്നും അര്‍ധ സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ സഞ്ജുവിനായിരുന്നില്ല. അതുകൊണ്ടുതന്നെ ഇഷാനാവും ടി20യില്‍ പ്രഥമ പരിഗണന നല്‍കുക.

ഗൗതം ഗംഭീറിന് സഞ്ജുവിനോട് അതൃപ്തി
ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറിന് സഞ്ജു സാംസണിനോട് അതൃപ്തിയുണ്ടാവുമെന്നുറപ്പ്. ശ്രീലങ്കയ്‌ക്കെതിരേ റിഷഭ് പന്ത് ഉണ്ടായിട്ടും സഞ്ജു സാംസണിന് രണ്ട് മത്സരത്തില്‍ കളിക്കാന്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു നടത്തിയത്. രണ്ട് മത്സരത്തിലും അദ്ദേഹം ഡെക്കിനാണ് മടങ്ങിയത്. ഇതിന് ശേഷം സഞ്ജുവിനോടുള്ള ഗംഭീറിന്റെ മതിപ്പ് കുറഞ്ഞിട്ടുണ്ടാവുമെന്നുറപ്പ്.
സഞ്ജു സാംസണെ നിലവില്‍ ടി20യിലേക്ക് മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നത്. ഏകദിന ടീമില്‍ സഞ്ജുവിനെ പരിഗണിക്കാനും ഗംഭീര്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ടി20 ടീമിലെടുത്താലും കളിപ്പിക്കാതിരുന്നാലും ടീമിനെയത് കാര്യമായി ബാധിക്കില്ലെന്നുറപ്പ്. സഞ്ജു ടീമിന്റെ നിര്‍ണ്ണായക ഭാഗമല്ലാത്തതിനാല്‍ത്തന്നെ അദ്ദേഹത്തെ പ്ലേയിങ് 11ലേക്ക് പിന്തുണക്കാനും സാധ്യത കുറവാണെന്ന് പറയാം.
സ്ഥിരതയുള്ള വേറെ താരങ്ങളുണ്ട്
ഇന്ത്യയുടെ പ്ലേയിങ് 11ല്‍ കളിപ്പിക്കാന്‍ സ്ഥിരതയുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേറെയുണ്ട്. അഭിഷേക് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ അഭിഷേകിനെ പിന്തുണക്കും. റുതുരാജ് ഗെയ്ക് വാദിനേയും കൂടുതല്‍ അവസരങ്ങള്‍ നല്‍കി പിന്തുണക്കേണ്ടത് അത്യാവശ്യമാണ്. ക്ലാസിക് താരമായ റുതുരാജിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കുന്നില്ല. ശിവം ദുബെ, റിങ്കു സിങ് എന്നിവരെല്ലാം പ്ലേയിങ് 11 ഉണ്ടാവും. ഇവര്‍ക്കെല്ലാം ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ സഞ്ജു ബെഞ്ചിലിരുക്കാന്‍ നിര്‍ബന്ധിതനായേക്കും.
ഇന്ത്യയുടെ സാധ്യതാ 11
യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, യഷ് ദയാല്‍, ആകാശ് ദീപ്