മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ടി20 പരമ്പരയാണ്. മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കുമെന്നാണ് വിവരം. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് നോക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ ഇന്ത്യ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സാധ്യത.
ഇന്ത്യക്ക് ഇനി വലിയ ടെസ്റ്റ് പരമ്പരകളാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ മുന്നില്‍ക്കണ്ടാവും ഇന്ത്യ ടി20 പരമ്പരക്കുള്ള ടീമിനെ പരിഗണിക്കാന്‍ സാധ്യത. ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോഴും ടീമിലിടം നേടുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ ചില താരങ്ങള്‍ തഴയപ്പെട്ടേക്കും. ഇത്തരത്തില്‍ ടി20 ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജു സാംസണ്‍
സഞ്ജു സാംസണെ ഇന്ത്യ ടി20 ടീമില്‍ നിന്ന് തഴയാനുള്ള സാധ്യത കൂടുതലാണ്. അവസാന ശ്രീലങ്കന്‍ പരമ്പരയിലെ രണ്ട് മത്സരത്തില്‍ സഞ്ജു സാംസണ്‍ ഡെക്കിനാണ് പുറത്തായത്. സ്ഥിരതയോടെ വലിയ ഇന്നിങ്‌സ് കളിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യക്കൊപ്പമുള്ള സഞ്ജുവിന്റെ ടി20യിലെ കണക്കുകള്‍ മോശമാണ്. അവസരം ലഭിക്കുന്നില്ലെന്ന് പറയുമ്പോഴും സഞ്ജുവിന് ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കുന്നില്ല.
സഞ്ജു സാംസണെ നിലവില്‍ ഇന്ത്യ ടി20യിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും സഞ്ജു പരിഗണനയില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയാലും കുഴപ്പമില്ല. ദുലീപ് ട്രോഫിയില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. എന്നാല്‍ ഈ പ്രകടനങ്ങള്‍ക്കൊണ്ട് സഞ്ജുവിന് ടി20 ടീമിലേക്ക് തിരിച്ചുവരാന്‍ സാധിച്ചേക്കില്ല. ഇഷാന്‍ കിഷന്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതും സഞ്ജുവിന് തിരിച്ചടിയാണ്.
റുതുരാജ് ഗെയ്ക്‌വാദ്
ഇന്ത്യയുടെ ടി20 ടീമില്‍ ഇടം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാണ് റുതുരാജ്. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ കണക്കുകള്‍ ആരേയും മോഹിപ്പിക്കുന്നതാണ്. എന്നാല്‍ റുതുരാജിന് അര്‍ഹിച്ച പിന്തുണ ഇന്ത്യയുടെ ടി20 ടീമില്‍ ലഭിക്കുന്നില്ല. ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം മാത്രമാണ് റുതുരാജ് കാഴ്ചവെച്ചത്. ഗൗതം ഗംഭീറും റുതുരാജിന് കാര്യമായ പിന്തുണ നല്‍കുന്നില്ല.
അതുകൊണ്ടുതന്നെ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ നിന്ന് റുതുരാജ് തഴയപ്പെട്ടേക്കും. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന റുതുരാജ് നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എന്തുകൊണ്ടോ റുതുരാജിന് മികവിനനുസരിച്ച് അവസരം നല്‍കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളായ കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കൂടിയാണ്. എന്നാല്‍ ഏറെക്കാലമായി ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് രാഹുലുള്ളത്. തിരിച്ചുവരവ് രാഹുല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യ പരിഗണിക്കുന്നില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ശരാശരി പ്രകടനം മാത്രമാണ് രാഹുല്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ രാഹുലിന് ടി20 പരമ്പരയല്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.
ഇവര്‍ക്ക് വിശ്രമം നല്‍കിയേക്കും
ഇന്ത്യ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ടി20 ടീമില്‍ നിന്ന് വിശ്രമം നല്‍കിയേക്കും. യശ്വസി ജയ്‌സ്വാളും സൂര്യകുമാര്‍ യാദവും ടീമിലുണ്ടാവും. എന്നാല്‍ ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരൊന്നും ടി20 ടീമില്‍ ഉണ്ടായേക്കില്ല. ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യ ഇവര്‍ക്കെല്ലാം വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. ബംഗ്ലാദേശ് താരതമ്യേനെ ദുര്‍ബലരായ നിരയായതിനാല്‍ യുവനിരയെ ഇറക്കിയാലും ഇന്ത്യക്ക് ഭയക്കാനില്ല.