ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ബാറ്റിങ് വെടിക്കെട്ടുമായി സഞ്ജു സാംസണ്‍. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന സഞ്ജു സാംസണ്‍ മൂന്നാം ടി20യില്‍ എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജു സാംസണിന്റെ ക്ലാസ് വ്യക്തമാക്കുന്ന പ്രകടനം പുറത്തെടുത്ത സഞ്ജു സ്പിന്നര്‍ റിഷാദ് ഹൊസൈനെ കരയിപ്പിച്ചിരിക്കുകയാണ്. റിഷാദിന്റെ ഓവറില്‍ അഞ്ച് തുടര്‍ സിക്‌സുകള്‍ പറത്തിയാണ് സഞ്ജു എല്ലാവരേയും ഞെട്ടിച്ചത്.
ആദ്യ പന്ത് ഡോട്ടായ ശേഷം പിന്നീട് നേരിട്ട അഞ്ച് പന്തുകളിലും സഞ്ജു സിക്‌സര്‍ പറത്തുകയായിരുന്നു. സ്പിന്നര്‍ക്കെതിരേ മികച്ച റെക്കോഡുള്ള ബൗളറാണ് സഞ്ജു സാംസണ്‍. ഇത് വ്യക്തമാക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഇന്ത്യക്കായി ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തുന്ന താരങ്ങളുടെ അപൂര്‍വ്വ റെക്കോഡിലാണ് സഞ്ജു പേര് ചേര്‍ത്തിരിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന സഞ്ജുവിനെയാണ് ബംഗ്ലാദേശിനെതിരേ കണ്ടിരിക്കുന്നത്.
40 പന്തില്‍ സെഞ്ച്വറി
തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കം മുതലാക്കിയ സഞ്ജു 40 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 9 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 243ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വലിയ കാത്തിരിപ്പിനൊടുവിലാണ് സഞ്ജു തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയത്. പരിശീലകന്‍ ഗൗതം ഗംഭീര്‍ അര്‍പ്പിച്ച വിശ്വാസം മുതലാക്കി കളിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സാധിക്കാതെ പോയതിന്റെ ക്ഷീണം തീര്‍ക്കുന്ന ബാറ്റിങ്ങാണ് ഹൈദരാബാദില്‍ അദ്ദേഹം തീര്‍ത്തത്.
സ്പിന്നര്‍മാരേയും പേസര്‍മാരേയും കടന്നാക്രമിച്ച സഞ്ജു ടി20യിലെ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍ എന്ന റെക്കോഡും സഞ്ജു നേടിയിരുന്നു. വലിയ സമ്മര്‍ദ്ദത്തിനിടെയിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത സഞ്ജു ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറില്‍ നാല് തുടര്‍ ബൗണ്ടറികള്‍ പറത്തിയപ്പോള്‍ റിഷാദ് ഹൊസൈനെ അഞ്ച് തുടര്‍ സിക്‌സുകള്‍ പറത്തിയാണ് കരുത്തുകാട്ടിയത്.

സഞ്ജുവിന് അപൂര്‍വ്വ നേട്ടം
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന അപൂര്‍വ്വ റെക്കോഡും സഞ്ജു സാംസണ്‍ സ്വന്തമാക്കി. ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിജയ് മഞ്ജരേക്കറാണ്. ഏകദിനത്തില്‍ ഈ നേട്ടം രാഹുല്‍ ദ്രാവിഡിനാണ്. ടി20യില്‍ സഞ്ജു ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. എംഎസ് ധോണി, റിഷഭ് പന്ത് എന്നിവരെല്ലാം ഉണ്ടായിട്ടും ഇവര്‍ക്കൊന്നും സാധിക്കാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്.
ഇന്ത്യയുടെ ടി20 ടീമില്‍ തുടര്‍ അവസരം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ത്യക്കായി ഇടക്കിടെ മാത്രം അവസരം ലഭിച്ചിരുന്ന സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ തനിക്ക് എന്താണ് ചെയ്യാനാവുകയെന്ന് കാട്ടിത്തരുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. അസാധ്യമായി റണ്‍സടിക്കാനുള്ള സഞ്ജുവിന്റെ മികവ് വ്യക്തമാക്കിയാണ് അദ്ദേഹം കളം വിട്ടത്.
111 റണ്‍സുമായി മടക്കം
47 പന്ത് നേരിട്ട് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ മടങ്ങിയത്. 236.17 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കസറിയത്. നായകന്‍ സൂര്യകുമാര്‍ യാദവ് ഒരുവശത്ത് മികച്ച പിന്തുണ നല്‍കിയപ്പോള്‍ സഞ്ജു കത്തിക്കയറുകയായിരുന്നു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും സഞ്ജുവിന് സീറ്റ് നേടിക്കൊടുക്കുന്ന പ്രകടനമാണ് ഹൈദരാബാദില്‍ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.
സഞ്ജുവിന് വിമര്‍ശകരേറെയാണെങ്കിലും ഇവരുടെയെല്ലാം വായടപ്പിക്കുന്ന ബാറ്റിങ്ങാണ് അദ്ദേഹം കാട്ടിക്കൊടുത്തത്. എന്തായാലും സഞ്ജുവിന്റെ കരുത്ത് വ്യക്തമാകുന്ന പ്രകടനമാണ് അദ്ദേഹം കളിച്ചതെന്ന് നിസംശയം പറയാം.
പ്ലേയിങ് 11
ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c) നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, രവി ബിഷ്‌നോയ്
ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്തോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍