IND vs BAN:നെറ്റ്‌സില്‍ തകര്‍ത്താടി ജുറേല്‍, ടി20 ടീമിലേക്ക് വിളിക്കാന്‍ ഗംഭീര്‍; സഞ്ജു പുറത്ത്?
മുംബൈ: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ഇന്ത്യന്‍ ടീമിന്റെ അവസാന ഘട്ട പരിശീലനങ്ങള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പരയെന്ന സവിശേഷതയുമുണ്ട്. ബംഗ്ലാദേശ് പാകിസ്താനെ അവരുടെ മടയില്‍ തോല്‍പ്പിച്ച് പരമ്പര നേടിയാണെത്തുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനത്തിലാണ്. സ്പിന്നര്‍മാര്‍ക്കെതിരേയാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ പരിശീലനം നടത്തിയത്. നെറ്റ്‌സില്‍ യുവതാരങ്ങളെല്ലാം മികച്ച പ്രകടമാണ് നടത്തിയത്. വിക്കറ്റ് കീപ്പര്‍ ബാക്കപ്പായി ടീമിലിടം നേടിയ ദ്രുവ് ജുറേല്‍ നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഗംഭീറിനെ സാക്ഷിയാക്കി തകര്‍പ്പന്‍ സ്വീപ് ഷോട്ടുകളടക്കം കളിക്കാന്‍ ജുറേലിനായി. ഗംഭീര്‍ ജുറേലിന്റെ പ്രകടനം കണ്ട് കൈയടിക്കുകയും ചെയ്തു.
ടി20 ടീമിലേക്കും ജുറേലെത്തിയേക്കും
ദ്രുവ് ജുറേലുമായി പരിശീലനത്തിനിടെ ഗൗതം ഗംഭീര്‍ ഏറെ നേരം സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ജുറേല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുറേലിന്റെ നെറ്റ്‌സിലെ പ്രകടനം കണ്ട ഗംഭീര്‍ വളരെയധികം സന്തോഷത്തിലായിരുന്നു. ജുറേലിനെ ടി20 പരമ്പരയിലേക്ക് പരിഗണിക്കാനുള്ള നീക്കം ഗംഭീര്‍ നടത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജുറേല്‍ ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ജുറേലിന് ശേഷിയുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്ത് ഉണ്ടാവില്ലെന്നാണ് വിവരം. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കെ റിഷഭിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടതായുണ്ട്. ബംഗ്ലാദേശിനെതിരേ ജുറേല്‍ ഒന്നാം നമ്പര്‍ കീപ്പറായാലും അത്ഭുതപ്പെടാനാവില്ല.

സഞ്ജുവിന്റെ സീറ്റ് തെറിക്കും
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷയിലാണ്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനൊപ്പം അവസാന മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജു സാംസണിനായിരുന്നു. തകര്‍ത്താടുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് സഞ്ജു ശ്രമിച്ചത്. മൂന്ന് വീതം സിക്‌സും ഫോറുമടക്കമാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഉണ്ടായേക്കില്ല.
ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിന് രണ്ട് മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. ദുലീപ് ട്രോഫിയില്‍ ഒരു ഇന്നിങ്‌സില്‍ അഞ്ച് റണ്‍സാണ് സഞ്ജു നേടിയത്. സ്ഥിരതയില്ലാത്ത സഞ്ജുവിനെ വിശ്വസ്തനെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ റിഷഭിന്റെ ബാക്കപ്പായി ദ്രുവ് ജുറേലിനെ വളര്‍ത്താനാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം.
സീനിയേഴ്‌സിന് വിശ്രമം
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഉണ്ടായേക്കില്ല. ടെസ്റ്റ് ടീമില്‍ ഇല്ലാത്തതിനാല്‍ സൂര്യകുമാര്‍ യാദവ് തന്നെ നായകസ്ഥാനത്ത് ഉണ്ടായേക്കും. എന്നാല്‍ മറ്റ് പ്രധാന സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍.
അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ബംഗ്ലാദേശ് ടി20 പരമ്പരയില്‍ പ്രതീക്ഷിക്കാം. ഗൗതം ഗംഭീര്‍ വലിയ ചില അഴിച്ചുപണികള്‍ക്കൊരുങ്ങുകയാണ്. ഫോം പരിഗണിച്ച് ടീമിനെ തിരഞ്ഞെടുക്കുകയെന്നതാണ് ഗംഭീറിന്റെ രീതി. അതുകൊണ്ടുതന്നെ ആരൊക്കെ ടീമിലേക്കെത്തുമെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications