ഹൈദരാബാദ്: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ശരാശരി ബാറ്റിങ് പ്രകടനത്തിനു പിന്നിലെ കാരണത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ. ഇന്നു ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കളിക്കാന്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലു സഞ്ജുവിനു അവസരം ലഭിച്ചെങ്കിലു ഇതു പ്രയോജനപ്പെടുത്താനായില്ല.
ഗ്വാളിയോറിലെ ആദ്യ ടി20യില്‍ 19 ബോളില്‍ 29 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഡല്‍ഹിയിലെ രണ്ടാം ടി20യില്‍ ഏഴു ബോളില്‍ 10 റണ്‍സും നേടി അദ്ദേഹം പുറത്താവുകയായിരുന്നു. ആദ്യ ടി20യില്‍ സഞ്ജുവിനു അനായാസം ഫിഫ്റ്റി നേടാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഡുഷാറ്റെയുടെ അഭിപ്രായം. പക്ഷെ എന്തുകൊണ്ട് ഇതിനു സാധിച്ചില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

സഞ്ജുവിനു ഫിഫ്റ്റി നേടാമായിരുന്നു
ഗ്വാളിയോറിലെ ആദ്യ ടി20 മല്‍സരത്തില്‍ സഞ്ജു സാംസണിനു അനായാസം ഫിഫ്റ്റി നേടാന്‍ സാധിക്കുമായിരുന്നുവെന്നാണ് റയാന്‍ ടെന്‍ ഡുഷാറ്റെയുടെ വിലയിരുത്തല്‍. റണ്‍ചേസില്‍ മികച്ച ഇന്നിങ്‌സ് കളിച്ചാണ് അദ്ദേഹം പുറത്തായത്. 19 ബോളില്‍ ആറു ഫോറുകളടക്കമാണ് സഞ്ജു 29 റണ്‍സ് കണ്ടെത്തിയത്. 152.63 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്.
'ആദ്യത്തെ രണ്ടു ടി20 മല്‍സരങ്ങള്‍ നോക്കൂ. ഗ്വാളിയോറിലെ ആദ്യ കളിയില്‍ സഞ്ജു സാംസണിനു അതിവേഗ തുടക്കമാണ് ലഭിച്ചത്. അതു ഒരു ഫിഫ്റ്റിയാക്കി മാറ്റിയെടുക്കുകയെന്നതു അദ്ദേഹത്തിനു എളുപ്പമായിരുന്നു. പക്ഷെ സഞ്ജു കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ ശ്രമിച്ചതു കാരണമാണ് ഇതിനു സാധിക്കാതെ പോയത്. ഇതിലൂടെ നല്‍കുന്ന സന്ദേശം വളരെ വ്യക്തവുമാണ്'.
സ്വന്തം ഗെയിം കൂടുല്‍ വികസിപ്പിക്കാന്‍ ഞങ്ങളുടെ താരങ്ങള്‍ ശ്രമിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴത്തേതു പോലെ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോവാനാണ് ഞങ്ങളുടെ ശ്രമം. അടുത്ത 18 മാസത്തിനിടെ നടക്കാനിരിക്കുന്ന നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കായി തയ്യാറെടുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഡുഷാറ്റെ വിശദമാക്കി.
വ്യത്യസ്ത റോളുകള്‍
കളിക്കളത്തില്‍ ഇന്ത്യക്കു വേണ്ടി വ്യത്യസ്ത റോളുകള്‍ വഹിക്കാന്‍ സാധിക്കുന്ന താരങ്ങളുണ്ടെന്നും ഇതു ടീമിനു ശരിയായ ബാലന്‍സ് നല്‍കാന്‍ സഹായിക്കുമെന്നും റയാന്‍ ടെന്‍ ഡുഷാറ്റെ ചൂണ്ടിക്കാട്ടി. റിയാന്‍ പരാഗിനെപ്പോലെയൊരു താരത്തെ നോക്കൂ. അദ്ദേഹത്തിനു ഈ പരമ്പരയില്‍ വേണ്ടത്ര ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ല. 4-5 അഞ്ച് സ്ഥാനങ്ങള്‍ കൂടാതെ ഫിനിഷറായും കളിക്കാന്‍ സാധിക്കുന്ന നിതീഷ് കുമാര്‍ റെഡ്ഡിയെപ്പോലെയുള്ള താരങ്ങളെയും നമ്മള്‍ കണ്ടുകഴിഞ്ഞു.
ഒരു ടീമെന്ന നിലയില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അതിര്‍ത്തികള്‍ ഭേദിക്കാനാണ് ഞങ്ങളുടെ ശ്രമം. അതിനുള്ള കഴിവ് ഈ ടീമിനുണ്ട്. സുരക്ഷിതമായ ഇടത്താണ് തങ്ങള്‍ ഉള്ളതെന്ന വിശ്വാസം താരങ്ങള്‍ക്കു നല്‍കുകയാണ് പ്രധാനം.

കാര്യങ്ങള്‍ ശരിയായി പോവുന്നില്ലെങ്കില്‍ ഈ പിന്തുണ താരങ്ങള്‍ക്കു ആത്മവിശ്വാസവും നല്‍കും. കളിക്കളത്തില്‍ തങ്ങള്‍ക്കു എന്താണോ ചെയ്യാന്‍ സാധിക്കുക അതിനുളള സ്വാതന്ത്ര്യം താരങ്ങള്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. ഇന്നിങ്‌സിലെ 120 ബോളുകളിലും ഷോട്ടുകള്‍ കളിച്ച് സ്‌കോര്‍ ചെയ്യാനുള്ള ചിന്താഗതിയാണ് ടീമിനുള്ളതെന്നും ഡുഷാറ്റെ കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിനു നിര്‍ണായകം
ബംഗ്ലാദേശുമായി ഇന്നു വൈകീട്ട് നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരം സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്രതീക്ഷിച്ചതു പോലെ മികച്ചൊരു ഇന്നിങ്‌സ് പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല.
അതുകൊണ്ടു തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോറെങ്കിലും ഇന്നത്തെ കളിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്‌തേ തീരൂ. ഇതിനു സാധിക്കാതെ പോയാല്‍ അടുത്ത മാസം സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും സഞ്ജു തഴയപ്പെട്ടേക്കും. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പര കൂടിയാണിത്.