ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്കു സഞ്ജു സാംസണും വരുന്നു. ബംഗ്ലാദേശുമായി ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തിനു നായകസ്ഥാനം ലഭിച്ചേക്കുമെന്നു സൂചനകള്‍. നായകന്‍ സൂര്യകുമാര്‍ യാദവ് പരിക്കു കാരണം ശസ്ത്രിക്രിയക്കൊരുങ്ങുന്നതാണ് സഞ്ജുവിനു ക്യാപ്റ്റന്റെ റോളിലേക്കു വഴിയൊരുക്കുന്നത്.
രണ്ടു വൈറ്റ് ബോള്‍ പരമ്പരകളാണ് ആഗസ്റ്റില്‍ ഇന്ത്യന്‍ ടീം ബംഗ്ലാദേശില്‍ കളിക്കുക. മൂന്നു വീതം ഏകദിനങ്ങളും ടി2കളും ഇതിലുള്‍പ്പെടു. ആഗസ്റ്റ് 17 മുതല്‍ 29 വരെ നീളുന്നതാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. ഏകദിന പരമ്പരയാണ് ഇന്ത്യ ആദ്യ കളിക്കുക. ടി20 പരമ്പര തുടങ്ങുക 26നാണ്.

സൂര്യക്കു ശസ്ത്രക്രിയ
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലും സ്‌കൈ തന്നെയാണ് ടീമിനെ നയിക്കാനിരുന്നത്. എന്നാല്‍ പരിക്കു കാരണം ഇപ്പോള്‍ ഇംഗ്ലണ്ടില്‍ വച്ച് ശസ്ത്രക്രിയക്കൊരുങ്ങുകയാണ് അദ്ദേഹം. ഇതിനായി സൂര്യ ലണ്ടനിലേക്കു പറന്നു കഴിഞ്ഞു.
ശസ്ത്രക്രിയക്കു ശേഷം കുറച്ചു മാസങ്ങള്‍ 33കാരനായ താരത്തിനു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിയും വരും. ഇതോടെയാണ് ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സൂര്യയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുന്നത്. അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നാല്‍ പുതിയ ക്യാപ്റ്റനു കീഴിലാവും ബംഗ്ലാദേശില്‍ ഇന്ത്യയിറങ്ങുക.
സൂര്യയില്ലെങ്കില്‍ സ്വാഭാവികമായും നായകസ്ഥാനം ഗില്ലിലേക്കു തന്നെ വരുമെന്നുറപ്പാണ്. പക്ഷെ ദൈര്‍ഘ്യമേറിയ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീമിനെ നയിക്കുന്നത് അദ്ദേഹമാണ്.
ഈ പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ കൂടി ഗില്‍ കളിച്ചേക്കും. എന്നാല്‍ ടി20 പരമ്പരയില്‍ അദ്ദേഹം ബ്രേക്കെടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു സംഭവിച്ചാല്‍ പുതിയ നായകനെയും വൈസ് ക്യാപ്റ്റനെയും ഇന്ത്യക്കു കണ്ടെത്തേണ്ടിയും വരും.

സഞ്ജു ഫേവറിറ്റ്
സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലുമില്ലെങ്കില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്കു ഫേവറിറ്റ് സഞ്ജു സാംസണായിരിക്കും. ഈ റോള്‍ ലഭിച്ചാല്‍ അതു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവു വലിയ നേട്ടങ്ങളിലൊന്നായിരിക്കുമെന്നതില്‍ സംശയമില്ല.
അന്താരാഷ്ട്ര കരിയറില്‍ ഇതുവരെ ടീമിനെ നയിക്കാനുള്ള സുവര്‍ണാവസരം സഞ്ജുവിനു ലഭിച്ചിട്ടില്ല. പക്ഷെ ബംഗ്ലാദേശില്‍ ഈ സ്വപ്‌നം പൂവണിഞ്ഞേക്കും. നായകനായില്ലെങ്കിലും ഒരു തവണ വൈസ് ക്യാപ്റ്റന്റെ റോളിലേക്കു അദ്ദേഹത്തിനു പ്രൊമോഷന്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ സിംബാബ്‌വെ പര്യടനത്തിലായിരുന്നു ഇത്. ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കി യുവനിരയെയാണ് അഞ്ചു ടി20കളുടെ പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്കു ഇന്ത്യ അയച്ചത്. ഈ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സഞ്ജുവായിരുന്നു.
അതിനു ശേഷം ഒരിക്കല്‍പ്പോലും ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്കു അദ്ദേഹം വരികയും ചെയ്തിട്ടില്ല. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ അരങ്ങേറ്റം ബംഗ്ലാദേശില്‍ നമുക്കു കാണാനായേക്കും. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനു അദ്ദേഹത്തോടുള്ള പ്രത്യേക താല്‍പ്പര്യവും കൂടി പരിഗണിക്കുമ്പോള്‍ ഈ റോള്‍ ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു കഴിഞ്ഞ താരമാണ് സഞ്ജു. 2021 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചു കൊണ്ടിരിക്കുയാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗില്‍ റോയല്‍സിനെ ഒരു തവണ റണ്ണറപ്പാക്കാനും സഞ്ജുവിനായിട്ടുണ്ട്. 2022ലെ സീസണിലായിരുന്നു അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനലില്‍ കളിച്ചത്. 2024ല്‍ റോയല്‍സ് പ്ലേഓഫിലുമെത്തിയിരുന്നു.