For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു പവര്‍, മിന്നല്‍ സൂര്യ; നാണംകെട്ട് ബംഗ്ലാദേശ്! പരമ്പര തൂത്തുവാരി ഇന്ത്യ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 133 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 297 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

സെഞ്ച്വറി നേടിയ സഞ്ജു സാംസണിനൊപ്പം (111) സൂര്യകുമാര്‍ യാദവും (75) ഹാര്‍ദിക് പാണ്ഡ്യയും (47) കസറിയതാണ് ടി20 ചരിത്രത്തിലെ റെക്കോഡ് സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി രവി ബിഷ്‌നോയ് മൂന്നും മായങ്ക് യാദവ് രണ്ടും വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ മിന്നല്‍ ബാറ്റിങ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം അല്‍പ്പം അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ടീമിന്റെ പദ്ധതി എന്തായിരുന്നുവെന്ന് പിന്നാലെ കാട്ടിത്തരുന്ന പ്രകടനമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാട്ടിത്തന്നത്. ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായില്ല. നാല് റണ്‍സെടുത്ത് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. തന്‍സീം സന്‍ സക്കീബിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച അഭിഷേകിന്റെ ശ്രമം പാളിയപ്പോള്‍ നിരാശപ്പെട്ട് മടങ്ങി. പിന്നീട് കണ്ടത് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടാണ്.

സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളര്‍മാരെ പൊങ്കാലയിടുകയായിരുന്നു. ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറില്‍ തുടര്‍ച്ചയായി നാല് ബൗണ്ടറികള്‍ പറത്തി സഞ്ജു സാംസണ്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പിന്നീടങ്ങോട്ട് കത്തിക്കയറിയ സഞ്ജു 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാരന്റെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്.

sanju samson ind vs ban t20

സഞ്ജുവിന്റെ വെടിക്കെട്ട്

മികച്ച തുടക്കത്തെ മുതലാക്കിയ സഞ്ജു പിന്നീടങ്ങോട്ട് കത്തിക്കയറി. ഒരുവശത്ത് സൂര്യകുമാര്‍ യാദവ് മികവ് കാട്ടിയപ്പോള്‍ അതിനും മുകളില്‍ നില്‍ക്കുന്ന ബാറ്റിങ് പ്രകടനത്തോടെയാണ് സഞ്ജു കത്തിക്കയറിയത്. ഒടുവില്‍ 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി സഞ്ജു ചരിത്ര നേട്ടത്തിലെത്തി. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡിലേക്കാണ് സഞ്ജു തന്റെ പേര് ചേര്‍ത്തത്.

എംഎസ് ധോണിക്കും റിഷഭ് പന്തിനും പോലും സാധിക്കാത്ത നേട്ടമാണിത്. 47 പന്തില്‍ 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സോടെയാണ് സഞ്ജു സാംസണ്‍ പുറത്തായത്. മുസ്തഫിസുര്‍ റഹ്‌മാനാണ് വിക്കറ്റ് നേടിയത്. 236.17 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. അധികം വൈകാതെ സൂര്യകുമാര്‍ യാദവും പുറത്തായി. 35 പന്തില്‍ 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 75 റണ്‍സോടെയാണ് സൂര്യകുമാര്‍ മടങ്ങിയത്.

ഹാര്‍ദിക്കിന്റെ സൂപ്പര്‍ ഫിനിഷിങ്

300 റണ്‍സ് ലക്ഷ്യംവെച്ചാണ് ഇന്ത്യ മുന്നോട്ട് പോയത്. വന്നവരെല്ലാം കടന്നാക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഹാര്‍ദിക് പാണ്ഡ്യ 18 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ റിയാന്‍ പരാഗ് 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സും നേടി. റിങ്കു സിങ് 8 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പ്രതീക്ഷിച്ച വെടിക്കെട്ട് വാലറ്റത്ത് ഉണ്ടായില്ല. നിതീഷ് കുമാര്‍ ഗോള്‍ഡന്‍ ഡെക്കായി. ഇതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 297 എന്ന വമ്പന്‍ സ്‌കോര്‍ ഇന്ത്യ നേടി.

ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. ബംഗ്ലാദേശ് ബൗളര്‍മാരെ ഒന്നുമല്ലാതാക്കിക്കളയുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ ബാറ്റിങ് നിര കാഴ്ചവെച്ചത്. 300ലേക്ക് ഇന്ത്യയെ എത്തിച്ചില്ലെന്നത് മാത്രമാണ് സന്ദര്‍ശകരായ ബംഗ്ലാദേശിന് ആശ്വസിക്കാവുന്ന ഏക കാര്യം.

ravi bishnoi ind vs ban t20

ബാറ്റിങ്ങിലും നിരാശപ്പെടുത്തി ബംഗ്ലാദേശ്

മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ പന്തില്‍ത്തന്നെ മായങ്ക് യാദവ് പര്‍വേസ് ഹൊസൈന്‍ ഇമോനെ പുറത്താക്കി. തന്‍സിദ് ഹസനെ (12 പന്തില്‍ 15) വാഷിങ്ടണ്‍ സുന്ദര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കൈയിലെത്തിച്ചു. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്തോ 11 പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ പതിയെ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 14 റണ്‍സെടുത്ത ഷാന്തോയെ രവി ബിഷ്‌നോയ് സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു.

ഒരുവശത്ത് ലിറ്റന്‍ ദാസ് റണ്‍സുയര്‍ത്തി. എന്നാല്‍ 25 പന്തില്‍ 8 ഫോറടക്കം 42 റണ്‍സെടുത്ത ലിറ്റന്‍ ദാസിനെ രവി ബിഷ്‌നോയ് പുറത്താക്കി. തന്റെ അവസാന ടി20 മത്സരത്തിനിറങ്ങിയ മഹമ്മൂദുല്ലയെ (8) മായങ്ക് യാദവ് പുറത്താക്കി. മെഹതി ഹസനെ (3) നിതീഷ് കുമാറും മടക്കി. റിഷാദ് ഹൊസൈനെ രവി ബിഷ്‌നോയ് ഡെക്കിന് പുറത്താക്കി. ഇതോടെ 7 വിക്കറ്റിന് 164 എന്ന സ്‌കോറില്‍ ബംഗ്ലാദേശ് ഒതുങ്ങി.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c) നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, രവി ബിഷ്‌നോയ്

ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്തോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Saturday, October 12, 2024, 16:12 [IST]
Other articles published on Oct 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+