ഹൈദരാബാദ്: ഇടിവെട്ട് സെഞ്ച്വറിയുമായി അന്താരാഷ്ട്ര ടി20യില്‍ തന്റെ കരിയര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ തീപ്പൊരി സെഞ്ച്വറിയാണ് അദ്ദേഹം കുറിച്ചത്. ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ വലിയൊരു ഇന്നിങ്‌സ് കളിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ സഞ്ജു സെഞ്ച്വറിയോടെ തന്നെ അതു സാധിച്ചെടുക്കുകയായിരുന്നു.
വെറും 47 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 111 റണ്‍സാണ്. 11 ഫോറുകളും എട്ടു കൂറ്റന്‍ സിക്‌സറുകളുമുള്‍പ്പെടെയാണിത്. 236.17 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയ പിന്തുയാണ് ഇത്തമൊരു ഗംഭീര ഇന്നിങ്‌സ് കളിക്കാന്‍ തന്നെ സഹായിച്ചതെന്നും തൊട്ടുമുമ്പത്തെ ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ആശങ്കയുണ്ടായിരുന്നതായും സഞ്ജു വെളിപ്പെടുത്തി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രസിങ് റൂമിലും ഏറെ സന്തോഷം
മൂന്നാം ടി20യില്‍ താന്‍ കുറിച്ച കന്നി ടി20 സെഞ്ച്വറിയില്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലെ എല്ലാവരും വലിയ സന്തോഷത്തിലാണെന്നു സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. ഡ്രസിങ് റൂമിലെ എനര്‍ജി വളരെ വലുതാണ്. എന്റെ പ്രകടനത്തില്‍ എല്ലാവരും വലിയ സന്തോഷത്തിലുമാണ്. ഞാനും വളരെയധികം സന്തോഷവാനാണെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.
ബാറ്റിങിലെ പരാജയങ്ങളെയും സമ്മര്‍ദ്ദത്തെയും കുറിച്ചുമെല്ലാം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. നിങ്ങള്‍ക്കു ഗ്രൗണ്ടില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് അറിയുമ്പോള്‍ അതു തീര്‍ച്ചയായും നിരാശപ്പെടുത്തും. ഞാന്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന രീതി നോക്കുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നു ചിന്തിച്ചിരുന്നു.
ഈ തരത്തിലുള്ള ചിന്തകള്‍ തലയിലേക്കു വന്നു കൊണ്ടേയിരിക്കും. ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചതിനാലും ഒത്തിരി അനുഭവസമ്പത്തുള്ളതിനാലും പരാജങ്ങളെയും സമ്മര്‍ദ്ദത്തെയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്നു എനിക്കറിയാം. ബാറ്റിങില്‍ ഞാന്‍ ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിനു അനുസരിച്ച് എന്റെ മനസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാമെന്നും സഞ്ജു പറഞ്ഞു.
ഒരു ദിവസം ഫലമുറപ്പ്
സ്വന്തം പ്രക്രിയയില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യുകയെന്നു ഞാന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നു. അതോടൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയും സ്വന്തം കഴിവില്‍ വിശ്വസിക്കുകയും ചെയ്യേണ്ടതു പ്രധാനമായിരുന്നു. ഒരു ദിവസം അതിനുള്ള ഫലം ലഭിക്കുമെന്നും അറിയാമായിരുന്നു. രാജ്യത്തിനായി കളിക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദത്തോടെയാണ് നിങ്ങള്‍ എത്തുക. ആ സമ്മര്‍ദ്ദം അവിടെയുണ്ടായിരുന്നു.
എനിക്കു എന്താണ് സാധിക്കുകയെന്നു കാണിക്കാനും നന്നായി പെര്‍ഫോം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരു സമയത്തു ഒരു ബോളില്‍ മാത്രം ശ്രദ്ധിക്കുക, ഷോട്ടുകള്‍ കളിച്ചുകൊണ്ടിരിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയെന്നു താന്‍ സ്വയം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതായും സഞ്ജു വിശദമാക്കി.

തുടരെ രണ്ടു ഡെക്കുകള്‍
തൊട്ടുമുമ്പത്തെ ശ്രീലങ്കന്‍ പരടനത്തിലെ രണ്ടു ടി20 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഡെക്കായപ്പോള്‍ കരിയറിനെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നതായി സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. എന്നാല്‍ ടീം മാനേജ്‌മെന്റ് തന്നില്‍ വിശ്വാസമര്‍പ്പിച്ചതായും അവരുടെ പിന്തുണയാണ് ഇത്തരമൊരു ഇന്നിങ്‌സ് കളിക്കാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു.
നിങ്ങള്‍ക്കു ഏതു തരത്തിലുള്ള കഴിവാണ് ഉള്ളതെന്നും എന്തു സംഭവിച്ചാലും ഞങ്ങള്‍ പിന്തുണയ്ക്കുമെന്നും ടീം മാനേജ്‌മെന്റും ഡ്രസിങ് റൂമിലുള്ളവരും എന്നോടു പറഞ്ഞു കൊണ്ടിരുന്നു. അവസാനത്തെ പരമ്പരയില്‍ രണ്ടു ഡെക്കുകള്‍ക്കു ശേഷം കേരളത്തിലേക്കു മടങ്ങിപ്പോവുമ്പോള്‍ എന്താവും സംഭവിക്കുക ഭായ് എന്നാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. പക്ഷെ ഈ പരമ്പരയില്‍ അവര്‍ എന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനെയും കോച്ചിനെയും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനുമാണ്.
സെഞ്ച്വറിക്കു ശേഷമുള്ള ആഹ്ലാദപ്രകടനത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു. അതിനൊരു വലിയ കഥയുണ്ടെന്നായിരുന്നു മറുപടി. ഈ മല്‍സരത്തില്‍ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പായിച്ചതിനു പിന്നിലെ രഹസ്യത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷമായി ഇങ്ങനെ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ അതിനെ ചേസ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇതു സംഭവിച്ചതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.