ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിനിടെ ടീമിനെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള മുന്‍നിര താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടുകയെന്നാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരുമായി വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യക്കു ഏറെ നിര്‍ണായകവുമാണ്. തുടര്‍ച്ചയായി മൂന്നാമതും ഡബ്ല്യുടിസി ഫൈനലിനു ടിക്കറ്റെടുക്കണമെങ്കില്‍ ശേഷിച്ച എട്ടു ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ. അതുകൊണ്ടു തന്നെ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ളവര്‍ക്കു പരിക്കേല്‍ക്കാതെ നോക്കേണ്ടതും പ്രധാനമാണ്.
ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മലയാളി താരം സഞ്ജു സാംസണായിരിക്കുമെന്നു ഉറപ്പായിട്ടുണ്ട്. ബാക്കപ്പായി ഇഷാന്‍ കിഷനായിരിക്കും ടീമിലെത്തുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ടി2യില്‍ സഞ്ജുവിനെ ഓപ്പണിങില്‍ പരീക്ഷിച്ചേക്കുമെന്നും ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥത്തില്‍ സഞ്ജു, ഇഷാന്‍ ഇവരില്‍ ആരാണ് ടി20 പരമ്പരയില്‍ കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നത്? ഇതേക്കുറിച്ചു നോക്കാം.

സഞ്ജുവോ, ഇഷാനോ, ആരു കളിക്കണം?
ടി20 കരിയര്‍ നോക്കുകയാണെങ്കില്‍ സഞ്ജു സാംസണിനേക്കാള്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നത് ഇഷാന്‍ കിഷനാണെന്നു കാണാന്‍ സാധിക്കും. കാരണം ടി20യില്‍ അത്ര മാത്രം പരിതാപകരമാണ് സഞ്ജുവിന്റെ റെക്കോര്‍ഡ്. 30 ടി20കളിലായി 26 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 19.30 എന്ന ദനയീയ ശരാശരിയില്‍ വെറും 444 റണ്‍സ് മാത്രമേ സഞ്ജുവിനു നേടാനായിട്ടുള്ളൂ.
വെറും രണ്ടു ഫിഫ്റ്റികളാണ് 26 ഇന്നിങ്‌സുകളില്‍ അദ്ദേഹം കുറിച്ചിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ അയര്‍ലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നേടിയ 77 റണ്‍സുമാണ്. വിക്കറ്റ് കീപ്പിങെടുത്താല്‍ ടി20യല്‍ 19 ക്യാച്ചുകളും നാലു സ്റ്റംപിങുകളുമാണ് സഞ്ജുവിന്റെ പേരിലുള്ളത്.
ഇനി ഇഷാന്റെ ടി20 കരിയറിലേക്കു വരികയാണെങ്കില്‍ 32 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇത്ര തന്നെ ഇന്നിങ്‌സുകളില്‍ ബാറ്റും ചെയ്ത താരം 42.40 ശരാശരിയില്‍ 124.37 സ്‌ട്രൈക്ക് റേറ്റോടെ 796 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ശരാശരിയിലും നേടിയിട്ടുള്ള റണ്‍സിലുമെല്ലാം സഞ്ജുവിനേക്കാള്‍ ഏറെ മുന്നിലാണ് ഇഷാനെന്നു ഇതില്‍ നിന്നും വ്യക്തം.
ടി20യില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് സഞ്ജു ഇതിനകം നേടിയതെങ്കില്‍ ഇഷാന്‍ ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചുകഴിഞ്ഞു. 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റ് കീപ്പിങ് നോക്കിയാല്‍ അവിടെ നേരിയ മുന്‍തൂക്കം സഞ്ജുവിനാണ്. ഇഷാന്‍ ഇതുവരെ 13 ക്യാച്ചുകളും മൂന്ന് സ്റ്റംപിങുകളുമാണ് ടി20യില്‍ നടത്തിയിട്ടുള്ളത്.

ബാറ്റിങ് പ്രകടനം മാത്രമല്ല മറ്റൊരു കാര്യം കൂടി ഇഷാന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇടംകൈയന്‍ ബാറ്ററാണെന്നതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ഇടംകൈ- വലംകൈ കോമ്പിനേഷനുകള്‍ എല്ലായ്‌പ്പോഴും ടീമുകള്‍ക്കു ഗുണം ചെയ്യാറുണ്ട്. ഇതു എതിര്‍ ടീമുകളുടെ താളം തെറ്റിക്കുകയും അവര്‍ക്കു ഫീല്‍ഡിങ് ക്രമീകരണം കൂടുതല്‍ കടുപ്പമാക്കുകയും ചെയ്യുന്നു.
ആദ്യ കളിയില്‍ സഞ്ജു തന്നെ
ഒക്ടോബര്‍ ആറിനു രാത്രി നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണ്. കാരണം ഈ മല്‍സരത്തിന്റെ തലേദിവസമാണ് റെസ്റ്റ് ഓഫ് ഇന്ത്യയും മുംബൈയും തമ്മിവുള്ള ഇറാനി കപ്പ് പോരാട്ടം സമാപിക്കുക. ഈ മല്‍സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ഭാഗമാണ് ഇഷാന്‍.
അതുകൊണ്ടു തന്നെ ആദ്യ ടി20ക്കു മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയെന്നത് അദ്ദേഹത്തിനു അസാധ്യം തന്നെയായിരിക്കും. എന്നാല്‍ ആദ്യ ടി20യില്‍ സഞ്ജു ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ രണ്ടാമങ്കത്തില്‍ ഇഷാന് പ്ലെയിങ് ഇലവനിലേക്കു വിളിയെത്താന്‍ സാധ്യതയുണ്ട്.