അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ഇതു ചെറിയൊരു ബ്രേക്കിന്റെ സമയമാണ്. അടുത്ത മാസം പകുതിയാണ് ഇന്ത്യന്‍ ടീം വീണ്ടും മല്‍സരച്ചൂടിലേക്കു നടക്കുന്നത്. ബംഗ്ലാദേശുമായി നാട്ടില്‍ ടെസ്റ്റ്, ടി20 പരമ്പരകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. രണ്ടു ടെസ്റ്റുകളും മൂന്നു ടി20കളുമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ കളിക്കുക. ടെസ്റ്റ് പരമ്പര സപ്തംബര്‍ 19നും ടി20 പരമ്പര ഒക്ടോബര്‍ ആറിനുമാണ് ആരംഭിക്കുന്നത്. ഇവയ്ക്കുള്ള ടീമുകളെ അടുത്ത മാസമായിരിക്കും പ്രഖ്യാപിച്ചേക്കുക.
ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണ ഇടം പിടിക്കാനുള്ള സാധ്യത തീരെ കുറവാണെന്നു പറയേണ്ടി വരും. ഈ വര്‍ഷം ടീം നേരത്തേ കളിച്ചിട്ടുള്ള ടി20 പരമ്പരകളിലെല്ലാം അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. ടി20 ലോകകപ്പിലുള്‍പ്പെടെ സഞ്ജു ഉള്‍പ്പെടുകയും ചെയ്തിരുന്നു. പക്ഷെ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തെ പരിഗണിച്ചേക്കില്ല. ഇതിന്റെ കാരണങ്ങളറിയാം.

സഞ്ജുവിനെ ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അദ്ദേഹം അടുത്ത പരമ്പരയ്ക്കു മുമ്പ് മല്‍സരങ്ങളൊന്നും കളിക്കുന്നില്ലെന്നതാണ്. അടുത്ത മാസം നടക്കുന്ന പ്രഥ കേരള ക്രിക്കറ്റ് ലീഗില്‍ (KCL) നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. കെസിഎല്ലിനു പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു അവകാശവാദമുന്നയിക്കുന്നതിനു വേണ്ടി ദുലീപ് ട്രോഫിയില്‍ കളിക്കാനുള്ള നീക്കത്തിലായിരുന്നു സഞ്ജു.
പക്ഷെ ടൂര്‍ണമെന്റിനുള്ള നാലു ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നില്‍പ്പോലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. ഇതോടെ കെസിഎല്ലിനൊപ്പം ദുലീപ് ട്രോഫിയും നഷ്ടമായതിന്റെ ഞെട്ടലിലും നിരാശലുമായിരിക്കും സഞ്ജു. രണ്ടു ടൂര്‍ണമെന്റകളിലും കളിക്കുന്നില്ല എന്നതിനാല്‍ തന്നെ സ്വാഭാവികമായും ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തെ സെലക്ടര്‍മാര്‍ പരിഗണിക്കാനും സാധ്യതയില്ല.
സഞ്ജുവിനു തിരിച്ചടിയാവുന്ന മറ്റൊരു കാര്യം അവസാനമായി കളിച്ച ടി20കളിലെ ദയനീയ പ്രകടനാണ്. ശ്രീലങ്കയുമായി ഇന്ത്യ അവസാനം കളിച്ച മൂന്നു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ആദ്യ കളിയില്‍ അവസരം ലഭിച്ചില്ലെങ്കിലും അടുത്ത രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു സഞ്ജു. ഈ അവസരം അദ്ദേഹം നന്നായി മുതലെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായ സഞ്ജു അടുത്ത കളിയിലും ഡെക്കായി ക്രീസ് വിട്ടു.
പുതിയ കോച്ച് ഗൗതം ഗംഭീര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കൂടിയാണ് അദ്ദേഹം കളഞ്ഞുകുളിച്ചത്. നേരത്തേ സഞ്ജുവിനെക്കുറിച്ച് വലിയ മതിപ്പോടെ സംസാരിക്കുകയും കഴിവിനെ പുകഴ്ത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷെ ഗംഭീറിന്റെ സകല പ്രതീക്ഷകളും ഈ പരമ്പരയില്‍ സഞ്ജു തകര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിനു ഇനിയുമൊരു അവസരം ലഭിച്ചേക്കില്ല.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു ഒഴിവാക്കപ്പെടാനുള്ള മൂന്നാമത്തെ കാരണം ഇഷാന്‍ കിഷന്റെ തിരിച്ചുവരവാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു ദേശീയ ടീമില്‍ നിന്നും ഈ വര്‍ഷം പൂര്‍ണമായും അദ്ദേഹം തഴയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തെറ്റ് തിരുത്തിയ ഇഷാന്‍ ടീമിലേക്കുള്ള മടങ്ങിവരവിന്റെ പാതയിലാണ്.
ഇതിന്റെ ആദ്യ പടിയായി ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി കളിക്കുകയാണ് ഇഷാന്‍. അതിനു ശേഷം അടുത്ത മാസം ദുലീപ് ട്രോഫിയിലും താരം കളിക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തിയാല്‍ ഇഷാനെ തീര്‍ച്ചയായും ബംഗ്ലാദേശുമായുള്ള പരമ്പരയിലേക്കു പരിഗണിക്കുമെന്നുറപ്പാണ്. ഇടംകൈയന്‍ ബാറ്ററാണെന്നതും താരത്തിന്റെ പ്ലസ് പോയിന്റാണ്.
ബംഗ്ലാദശിനെതിരേ ടീമിലെത്തുകയും കസറുകയും ചെയ്താല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ അടുത്ത പരമ്പരയിലും ഇഷാന്‍ സ്ഥാനം നിലനിര്‍ത്തും. അങ്ങനെ വന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമില്‍ സഞ്ജു അവസരം പ്രതീക്ഷിക്കേണ്ടതില്ല. രണ്ടു ടി20 പരമ്പര മാറ്റി നിര്‍ത്താല്‍ ഈ വര്‍ഷം ഇന്ത്യ കളിക്കുന്നതെല്ലാം ടെസ്റ്റുകളാണ്.