ഡല്‍ഹി: ബംഗ്ലാദേശുമായുള്ള ആദ്യ ടി20യില്‍ ഓപ്പണറായെത്തി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ താരം സഞ്ജു സാംസണിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. 19 ബോളില്‍ ആറു ഫോറുകളടക്കം 29 റണ്‍സാണ് ആദ്യ കളിയില്‍ സഞ്ജുവിനു നേടാനായത്. പക്ഷെ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ഇതു പോരായെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. പരമ്പരയിലെ അടുത്ത മല്‍സരം നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് മലയാളി താരത്തിനു ചോപ്ര മുന്നറിയിപ്പ് നല്‍കിയത്.
അഭിഷേക് ശര്‍മയ്‌ക്കൊപ്പമാണ് ആദ്യ ടി20യില്‍ സഞ്ജു ഓപ്പണറായി കളിച്ചത്. ഇന്ത്യന്‍ സംഘത്തിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ അഭിഷേകാണ്. ഈ കാരണത്താലാണ് സഞ്ജുവിനെ ഓപ്പണിങിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുംചെയ്തു. അടുത്ത മല്‍സരത്തില്‍ മികച്ചൊരു ഇന്നിങ്‌സ് തന്നെ കളിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു.

സഞ്ജുവിന്റെ സ്ഥാനം തെറിച്ചേക്കും
ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ നന്നായി കളിച്ചെങ്കിലും ഇതു പോരായെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. 'ഗ്വാളിയോറിലെ ആദ്യ കളിയില്‍ സഞ്ജുവിന്റെ പ്രകടനം നന്നായിരുന്നു. 29 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. സഞ്ജു ഇപ്പോള്‍ ടീമിന്റെ ഓപ്പണിങ് റോളിലേക്കു വന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ സ്‌കോറിങിന്റെ കാര്യത്തില്‍ അദ്ദേഹം ഇനിയും മുന്നോട്ടു പോവണമെന്നാണ് എന്റെ അഭിപ്രായം'.
കുറച്ചു റണ്‍സ് കൂടി തീര്‍ച്ചയായും സഞ്ജുവിനു സ്‌കോര്‍ ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ അവര്‍ ടീമില്‍ നിന്നും പുറത്താക്കിയേക്കും. ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തടര്‍ന്നു പോരുന്ന താരമാണ് സഞ്ജു. ബാറ്റിങ് ഓര്‍ഡറില്‍ മുന്‍നിരയിലും താഴെയുമായി പല പൊസിഷനുകളിലും അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയാണെന്നും ചോപ്ര വ്യക്തമാക്കി.
അഭിഷേക് ഉജ്ജ്വലമായി കളിച്ചു
ആദ്യ ടി20യില്‍ അഭിഷേക് ശര്‍മയുടെ പ്രകടനത്തെ ആകാശ് ചോപ്ര പ്രശംസിച്ചു. ഏഴു ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ഓപ്പണിങ് പങ്കാളിയായ സഞ്ജു സാംസണുമായുള്ള ആശയക്കുഴപ്പം കാരണം രണ്ടാം ഓവറിലെ അവസാനത്തെ ബോളില്‍ റണ്ണൗട്ടാവുകയായിരുന്നു. തൗഹിദ് റിദോയിയുടെ നേരിട്ടുള്ള ത്രോയിലാണ് അഭിഷേക് പുറത്തായത്.
സഞ്ജു സാംസണിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കേണ്ടത് ആവശ്യമാണ്. റണ്ണൗട്ടായി പുറത്താവുന്നതു വരെ അത്യുജ്വലമായിട്ടാണ് അഭിഷേക് ശര്‍മ കളിച്ചത്. പക്ഷെ സഞ്ജു എത്ര നന്നായിട്ടാണ് ബാറ്റ് ചെയ്തത്? ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ കളിച്ചില്ലെങ്കില്‍ അതു ഇന്ത്യയുടെ തന്നെ നഷ്ടമാണെന്നാണ് ഒരിക്കല്‍ ഗൗതം ഗംഭീര്‍ പറഞ്ഞത്.

ഇപ്പോള്‍ സഞ്ജുവിനു ഓപ്പണിങ് റോള്‍ നല്‍കിയിരിക്കുകയാണ്. വളരെ നല്ല ബാറ്റിങ് ടച്ചിലാണ് അദ്ദേഹം കാണപ്പെട്ടത്. അത്ര ശക്തിയായി ബോളിനെ സഞ്ജു പ്രഹരിച്ചില്ല. ബോളിനെ വേദിനിപ്പിക്കാതെ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് കാണപ്പെട്ടത്. ഒന്നിനു പിറകെ ഒന്നായി അദ്ദേഹം ഫോറുകള്‍ നേടിയതായും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
അടുത്ത രണ്ടു കളിയും നിര്‍ണായകം
സഞ്ജു സാംസണിനെ സംബന്ധിച്ച് ടി20 പരമ്പരയിലെ ഇനിയുള്ള രണ്ടു മല്‍സരങ്ങളും ഒരുപോലെ നിര്‍ണായകമാണ്. ഓപ്പണിങ് സ്ഥാനത്തേക്കു മറ്റു ഓപ്ഷനുകളില്ലാത്തതിനാല്‍ എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തെ കളിപ്പിക്കാന്‍ തന്നെയാണ് സാധ്യത. അതുകൊണ്ടു തന്നെ സഞ്ജു ഇതു പരമാവധി മുതലാക്കുകയും വേണം.
ഒരു സെഞ്ച്വറിയോ, രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോ കുറിക്കാനായാല്‍ അദ്ദേഹത്തിനു വിമര്‍ശകരുടെ വായടപ്പിക്കാനും ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാനും സാധിക്കും. എങ്കില്‍ മാത്രമേ വരാനിരിക്കുന്ന സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലും സഞ്ജുവിനു ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.