ഹൈദരാബാദ്: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യന്‍ ടീം ആധിപത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങള്‍ പോലെ അവസാന ടി20യിലും ഏകപക്ഷീയമായിട്ടാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. ടി20 ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ടീം ടോട്ടല്‍ ഇന്ത്യ കുറിച്ച മല്‍സരത്തില്‍ ബംഗ്ലാദേശ് 133 റണ്‍സിനു നാണംകെടുകയായിരുന്നു.
298 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് ബംഗ്ലാഗദേശിനു മുമ്പില്‍ സൂര്യകുമാര്‍ യാദവും സംഘവും വച്ചത്. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്കു ഭീഷണി ഉയര്‍ത്താതിരുന്ന ബംഗ്ലാദേശ് ടീം ഏഴു വിക്കറ്റിനു 164 റണ്‍സുമായി പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ഈ പരമ്പരയിലെ പ്രകടനത്തില്‍ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്ര വീതം ലഭിക്കുമെന്നു പരിശോധിക്കാം.

കൂടുതല്‍ ആര്‍ക്കെല്ലാം
ഇന്ത്യന്‍ താരങ്ങള്‍ക്കു പത്തിലാണ് റേറ്റിങ് നല്‍കുന്നതെങ്കില്‍ ഏറ്റവും മുന്നിലെത്തുന്നത് രണ്ടു പേരായിരിക്കും. ഒരാള്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണ്‍ ആണെങ്കില്‍ മറ്റൊരാള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും. ഇരുവര്‍ക്കും 10ല്‍ ഒമ്പതു വീതം റേറ്റിങാണ് ലഭിക്കുക. സഞ്ജുവിനെ സംബന്ധിച്ച് കരിയറിലെ ടേണിങ് പോയിന്റായി ഈ പരമ്പര മാറിയിരിക്കുകയാണ്.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 150 റണ്‍സുമായി പരമ്പരയിലെ ടോപ് സ്‌കോറാറാണ് അദ്ദേഹം. അവസാന കളിയിലെ സെഞ്ച്വറിയാണ് സഞ്ജുവിനെ ഹീറോയാക്കി മാറ്റിയത്. 47 ബോളില്‍ 111 റണ്‍സ് വാരിക്കൂട്ടിയാണ് മലയാളി താരം ക്രീസ് വിട്ടത്. 2021ലെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ വരുണ്‍ തിരിച്ചുവരവ് ഗംഭീരമാക്കുകയു ചെയ്തു. മൂന്നു കളിയില്‍ നിന്നും 6.08 ഇക്കോണി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.
സഞ്ജുവും വരുണും കഴിഞ്ഞാല്‍ റേറ്റിങില്‍ തൊട്ടു താഴെയുള്ളത് നായകന്‍ സൂര്യകുമാര്‍ യാദവാണ്. 10ല്‍ 8.5 ആണ് അദ്ദേഹത്തിന്റെ റേറ്റിങ്. മൂന്നു കളിയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 112 റണ്‍സാണ് സ്‌കൈയുടെ സമ്പാദ്യം. അവസാന മല്‍സരം മാത്രം കളിച്ച സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കും 10ല്‍ 8.5 തന്നെയാണ് റേറ്റിങ്. മൂന്നാം ടി20യില്‍ അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഈ പരമ്പരയിലൂടെ അരങ്ങേറിയ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ മായങ്ക് യാദവ് എന്നിവരുടെയെല്ലാം റേറ്റിങ് 10ല്‍ എട്ടാണ്. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് ഹാര്‍ദിക്. 118 റണ്‍സുമായി റണ്‍വേട്ടയില്‍ അദ്ദേഹം രണ്ടാമതുണ്ടായിരുന്നു. കൂടാതെ ഒരു വിക്കറ്റും വീഴ്ത്തി. നീതിഷ് ബാറ്റിങിനൊപ്പം ബൗളിങിലും സാന്നിധ്യമറിയിച്ചു. ഒരു ഫിഫ്റ്റിയടക്കം 90 റണ്‍സെടുത്ത അദ്ദേഹം മൂന്നു വിക്കറ്റുകളും വീഴ്ത്തി.

മായങ്കാവട്ടെ 6.91 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, ഫിനിഷര്‍ റിങ്കു സിങ്, പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരുടെ റേറ്റിങ് 10ല്‍ ഏഴാണ്. പരാഗിനു പരമ്പരയില്‍ ബാറ്റിങില്‍ മതിയായ അവസരം ലഭിച്ചില്ല. റിങ്കുവാകട്ടെ ഒരു ഫിഫ്റ്റിയടക്കം രണ്ടിന്നിങ്‌സില്‍ നിന്നും നേടിയത് 61 റണ്‍സുമാണ്. അര്‍ഷ്ദീപ് രണ്ടു കളിയില്‍ നിന്നും 5.85 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളും പിഴുതു.
മോശം ആരെല്ലാം
ഇന്ത്യന്‍ താരങ്ങളില്‍ റേറ്റിങില്‍ അഞ്ചില്‍ താഴെ ലഭിച്ചത് രണ്ടു പേര്‍ക്കാണ്. യുവ ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറുമാണിത്. പരമ്പരയില്‍ ഇരുവര്‍ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല.
10ല്‍ മൂന്ന് മാത്രമാണ് രണ്ടു പേരുടെയും റേറ്റിങ്. അഭിഷേകിനു മൂന്നിങ്‌സില്‍ നേടാനായത് 35 റണ്‍സ് മാത്രമാണ്. 16 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. വാഷിങ്ടണിനു മൂന്നു വിക്കറ്റുകളാണ് പരമ്പരയില്‍ ലഭിച്ചത്.