ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 339 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. സെഞ്ച്വറി നേടിയ ആര്‍ അശ്വിനൊപ്പം (102) രവീന്ദ്ര ജഡേജയാണ് (86) ക്രീസില്‍. തുടക്കത്തിലേ തകര്‍ച്ചക്ക് ശേഷം അശ്വിന്‍-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര പ്രതീക്ഷിച്ച പ്രകടനമല്ല ബംഗ്ലാദേശിനെതിരേ കാഴ്ചവെച്ചത്.
രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ആറ് റണ്‍സില്‍ പുറത്തായപ്പോള്‍ ശുബ്മാന്‍ ഗില്‍ ഡെക്കിന് മടങ്ങി. കെ എല്‍ രാഹുല്‍ 16 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്ത് 39 റണ്‍സെടുത്ത് മടങ്ങി. യശ്വസി ജയ്‌സ്വാള്‍ 56 റണ്‍സോടെയും തിളങ്ങി. ഇന്ന് ദുലീപ് ട്രോഫിയിലും മത്സരമുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഇന്നത്തെ ആകെ പ്രകടനം വിലയിരുത്തുമ്പോള്‍ കൈയടി നേടിയത് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണെന്ന് പറയാം. രാജസ്ഥാന്‍ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ തിളങ്ങിയ താരങ്ങളെ പ്രശംസിച്ചിട്ടുമുണ്ട്.
മിന്നിച്ച് നായകന്‍ സഞ്ജു സാംസണ്‍
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ സഞ്ജു കസറി. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയുടെ താരമാണ് സഞ്ജു സാംസണ്‍. 83 പന്തില്‍ 89 റണ്‍സോടെ സഞ്ജു ക്രീസിലുണ്ട്.
10 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം സെഞ്ച്വറിയോടെ എല്ലാവരേയും ഞെട്ടിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സെഞ്ച്വറി പ്രകടനം നടത്തിയാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം പ്രതീക്ഷിക്കാന്‍ സാധിക്കും. സഞ്ജുവിന്റെ അവസാനത്തെ രണ്ട് മത്സരത്തിലെ പ്രകടനങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ ടി20 പരമ്പരക്ക് സഞ്ജു പരിഗണിക്കപ്പെടുമെന്ന് തന്നെ കരുതാം.

സെഞ്ച്വറിയോടെ ഹീറോയായി അശ്വിന്‍
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോയായ ആര്‍ അശ്വിനും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ്. സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ 112 പന്ത് നേരിട്ട് 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 102 റണ്‍സോടെയാണ് കസറിയത്. ടെസ്റ്റിലെ ആറാം സെഞ്ച്വറി പ്രകടനമാണ് അശ്വിന്‍ നടത്തിയിരിക്കുന്നത്. വിക്കറ്റു വീഴ്ത്താന്‍ മാത്രമല്ല നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും രക്ഷകനാവാന്‍ തനിക്ക് സാധിക്കുമെന്നത് അശ്വിന്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.
ടെസ്റ്റില്‍ 3411 റണ്‍സാണ് അശ്വിന്‍ നേടിയിട്ടുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 516 വിക്കറ്റും നേടിയ അശ്വിന്‍ 36 തവണ അഞ്ച് വിക്കറ്റ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. രണ്ടാം ദിനവും അശ്വിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന് തന്നെ പറയാം. 400ന് മുകളിലേക്ക് ഇന്ത്യയുടെ ടീം സ്‌കോര്‍ പോകാന്‍ അശ്വിന്‍ രണ്ടാം ദിനവും തിളങ്ങേണ്ടത് അത്യാവശ്യമാണ്. നിലവില്‍ രാജസ്ഥാന്‍ താരമായ അശ്വിന്‍ അടുത്ത സീസണില്‍ ടീം വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
നിലവാരം കാട്ടി ജയ്‌സ്വാള്‍
രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറായ യശ്വസി ജയ്‌സ്വാളും ബംഗ്ലാദേശിനെതിരേ കസറി. ഓപ്പണറായിത്തന്നെ ഇറങ്ങിയ ജയ്‌സ്വാള്‍ 118 പന്ത് ബാറ്റ് ചെയ്ത് 56 റണ്‍സാണ് നേടിയത്. 9 ബൗണ്ടറി ഉള്‍പ്പെടെ ക്ലാസിക് ഇന്നിങ്‌സാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. അതിവേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍.
എന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറിലെ മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ജയ്‌സ്വാള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പക്വതയോടെ കളിക്കുകയായിരുന്നു. അടുത്ത സീസണിലും രാജസ്ഥാന്‍ നിരയില്‍ നിര്‍ണ്ണായക താരമായി ജയ്‌സ്വാളുണ്ടാവും. ഭാവിയില്‍ രാജസ്ഥാനെ നയിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് ജയ്‌സ്വാളെന്ന് പറയാം.