ഗ്വാളിയോര്‍: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിക്കാനുള്ള പടയൊരുക്കത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍. പരമ്പരയില്‍ ടീമിനായി വിക്കറ്റ് കാക്കുക മാത്രമല്ല, ഓപ്പണിങ് ബാറ്ററായും അദ്ദേഹം കളിച്ചേക്കുമെന്നാണ് വിവരം. ഇടംകൈയന്‍ ബാറ്ററും യുവതാരവുമായ അഭിഷേക് ശര്‍മയ്‌ക്കൊപ്പമായിരിക്കും സഞ്ജു ഓപ്പണിങ് റോളിലിറങ്ങുക.
അതിനിടെ ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിനൊപ്പം നായകന്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ ഇരിക്കുന്ന സഞ്ജുവിനോടും റിങ്കുവിനോടും കുശലം പറഞ്ഞ് ചിരിക്കുന്ന സൂര്യയെ ഇതില്‍ കാണാം. ഇവര്‍ക്കു അരികിലായി ഗംഭീറും ചിരിയോടെ നില്‍ക്കുന്നുണ്ട്.
ഈ പരമ്പരയില്‍ ഗംഭീറിന്റെ വെടിക്കെട്ട് ബാറ്റിങ് ത്രയങ്ങളാണ് സൂര്യ, സഞ്ജു, റിങ്കുവെന്നാണ് ചില ആരാധകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ സഞ്ജുവിന്റെ ഹേറ്റേഴ്‌സിനു ഇതു അത്ര രസിച്ചിട്ടില്ല. സൂര്യ, റിങ്കു എന്നിവരുമായി താരതമ്യം ചെയ്യാനൊന്നും സഞ്ജു ആയിട്ടില്ലെന്നും കളിച്ച് കഴിവ് തെളിയിക്കട്ടെയെന്നും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്തിന് സഞ്ജുവിനെ പുകഴ്ത്തുന്നു?
സഞ്ജു സാംസണിനെ എന്തിനാണ് ഇങ്ങനെ പുകഴ്ത്തുന്നത്? അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ ടീമിനായി അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണ്. വെറും 19 മാത്രമാണ് ടി20യില്‍ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി.
ഇങ്ങനെയൊരാളെ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പാടില്ല. റിങ്കു സിങാവട്ടെ വളരെ കുറച്ചു മല്‍സരങ്ങളിലൂടെ തന്റെ ഫിനിഷിങ് പാടവം തെളിയിക്കുകയും ചെയ്തു കഴിഞ്ഞു. ഇവരുമായി സഞ്ജു താരതമ്യം അര്‍ഹിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയില്‍ ആരാധകര്‍ കുറിക്കുന്നു.
സഞ്ജു കഴിവ് തെളിയിക്കട്ടെ
ടി20യിലെ മാച്ച് വിന്നര്‍മാരായ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരുമായൊന്നും സഞ്ജു സാംസണിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. സ്വന്തം കഴിവിലൂടെ ദേശീയ ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുമെന്നു കാണിച്ചുതന്നവരാണ് ഇരുവരും.
പക്ഷെ സഞ്ജു ഇതുവരെ ഒരു ടി20യിലെങ്കിലും ഇന്ത്യന്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ടോ? ആദ്യം ഈ ഫോര്‍മാറ്റില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തി അദ്ദേഹം ഇന്ത്യയെ ജയിപ്പിച്ചു കാണിക്കട്ടെ. എന്നിട്ടാവാം താരതമ്യമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ ടീമിനായി ടി20യില്‍ ഒന്നും ചെയ്യാതിരുന്നിട്ടും സഞ്ജു സാംസണിനെ ഇങ്ങനെ പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്നത് എന്തിനാണ്? ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ വളരെ പരിതാപകരമായ റെക്കോര്‍ഡാണ് അദ്ദേഹത്തിനു ഇതുവരെയുള്ളത്. ഇങ്ങനെയൊരാളെ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരുടെ അതേ തലത്തില്‍ പരിഗണിക്കുന്നത് ശുദ്ധ വിഡ്ഢിത്തരം തന്നെയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

സഞ്ജു സാംസണ്‍ തീര്‍ച്ചയായും കഴിവുള്ള ക്രിക്കറ്റര്‍ തന്നെയാണ്. പക്ഷെ ബാറ്റിങില്‍ ഒട്ടും സ്ഥിരത പുലര്‍ത്താത്തതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കാനും കൊള്ളില്ല. ഈ ചീത്തപ്പേര് ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെങ്കിലും അദ്ദേഹം മായ്ച്ചുകളഞ്ഞേ തീരൂ. ശ്രീലങ്കയുമായി അവസാനമായി കളിച്ച ടി20 പരമ്പരയിലെ രണ്ടിന്നിങ്‌സുകളിലും സഞ്ജു ഡെക്കായിരുന്നു. ബംഗ്ലാദേശിനെതിരേ ഈ നാണക്കേട് അദ്ദേഹം മായ്‌ച്ചേ തീരൂവെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
അതേസമയം, സഞ്ജുവിന്റെ ടി20 കരിയറിലേക്കു വന്നാല്‍ 30 മല്‍സരങ്ങളിലായി 26 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 19.30 ശരാശരിയില്‍ 131.36 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 444 റണ്‍സ് മാത്രമാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ടി20യില്‍ സഞ്ജു കുറിച്ചിട്ടുള്ളൂ. അയര്‍ലാന്‍ഡിനെതിരേ നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍