For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 9 വര്‍ഷത്തിനിടെ സഞ്ജുവിന് ഇരട്ട റോള്‍!! ഇനി കിട്ടുകയുമില്ല? ക്ലിക്കാവുമോ

ഗ്വാളിയോര്‍: അന്താരാഷ്ട്ര കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പര കളിക്കാനൊരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായുള്ള മൂന്നൂ മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇരട്ട റോളാണ് അദ്ദേഹത്തിനു ലഭിക്കാന്‍ പോവുന്നത്. കരിയറില്‍ ഇങ്ങനെയൊരു അവസരം സഞ്ജുവിനെ തേടിയെത്തുന്നതും ഇതാദ്യമായിട്ടാണ്. അതുകൊണ്ടു തന്നെ ഇതു ഏറ്റവും നന്നായി തന്നെ പ്രയോജനപ്പെടുത്താനും അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്.

ദേശീയ ടീമില്‍ സഞ്ജുവിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാല്‍ ബംഗ്ലാദേശുമായുള്ള പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സഞ്ജു കിടിലന്‍ ഇന്നിങ്‌സുകളുമായി ഇതു നന്നായി മുതലെടുക്കേണ്ടേതും ആവശ്യമാണ്.

SANJU SAMSON

ഒമ്പതു വര്‍ഷത്തിനിടെ ആദ്യം

2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20യില്‍ കളിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ അരങ്ങേറിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി ഒരു വൈറ്റ് ബോള്‍ പരമ്പരയില്‍ അദ്ദേഹത്തിനു ഇരട്ടറോള്‍ ലഭിക്കാന്‍ പോവുകയാണ്. ബംഗ്ലാദേശിനെതിരേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുന്നതോടൊപ്പം ഓപ്പണറുടെ അധികച്ചുമതല കൂടി സഞ്ജുവിനായിരിക്കുമെന്നാണ് സൂചനകള്‍.

ഇത്തരമൊരു ഇരട്ടറോള്‍ ഭാവിയില്‍ അദ്ദേഹത്തിനു ഇനി ലഭിക്കാനും സാധ്യതയില്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ അഭാവവും സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ടീമില്‍ ഇല്ലാതിരിക്കുകയും ചെയ്തതാണ് സഞ്ജുവിനു ഇരട്ട റോളിലേക്കു അവസരമൊരുക്കിയത്. സ്ഥിരം ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. മറ്റൊരു ഓപ്പണറായ റുതുരാജ് ഗെയ്ക്വാദാവട്ടെ ഈ പരമ്പരയിലേക്കു പരിഗണിക്കപ്പെടുകയും ചെയ്തിട്ടില്ല.

അഭിഷേക് ശര്‍മ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി ഇപ്പോള്‍ സംഘത്തിലുള്ളത്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയാര് എന്ന ചോദ്യത്തിനു ഉത്തരമായി കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കണ്ടുവച്ചിരിക്കുന്നത് സഞ്ജുവിനെയാണ്. ഇതാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റര്‍ കീപ്പര്‍ സ്ഥാനത്തോടൊപ്പം ഓപ്പണിങും അദ്ദേഹത്തിലേക്കു വരാനുള്ള കാരണം. ഇത്തരമൊരു സുവര്‍ണാവസരം ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി സഞ്ജുവിനു ലഭിക്കാനുമിടയില്ല.

ടി20യിലെ ദുഷ്‌പേര് മായ്ക്കണം

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കൊപ്പം ഗംഭീര റെക്കോര്‍ഡാണ് സഞ്ജു സാംസണിനുള്ളത്. ലഭിച്ച അവസരങ്ങള്‍ കുറവാണെങ്കിലും അതു ഏറ്റവും നന്നായി അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ടി20യില്‍ തന്റെ പ്രതിഭയോടു ഇനിയും നീതി പുലര്‍ത്താന്‍ മലയാളി താരത്തിനു കഴിഞ്ഞിട്ടില്ല.

ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 99.60 സ്‌ട്രൈക്ക് റേറ്റില്‍ 56.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 510 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

പക്ഷെ ടി20യില്‍ ഇതിന്റെ നേര്‍വിപരീതമാണ് അദ്ദേഹത്തിന്റെ പ്രകടനമെന്നു കാണാം. 26 ടി20 ഇന്നിങ്‌സുകളാണ് സഞ്ജു ഇതിനകം കളിച്ചിട്ടുള്ളത്. 131.36 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് വെറും 444 റണ്‍സ് മാത്രം. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ടി20യില്‍ താരം കുറിച്ചിട്ടുള്ളൂ.

ടി20ക്കു പറ്റില്ലെന്ന തന്റെ പേരിലുള്ള ചീത്തപ്പേര് ബംഗ്ലാദേശിനെതിരേ സഞ്ജു മായ്‌ക്കേണ്ടതുണ്ട്. അതോടൊപ്പം ദേശീയ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ ഫോര്‍മാറ്റില്‍ താന്‍ അര്‍ഹിക്കുന്നുണ്ടെന്നു തെളിയിക്കുകയും വേണം.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പര സഞ്ജുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്നുകില്‍ അദ്ദേഹം മിന്നുന്ന പ്രകടനങ്ങളിലൂടെ ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ പിടിച്ചുവാങ്ങും, അല്ലെങ്കില്‍ ടീമിലേക്കു മടങ്ങിവരാന്‍ സാധിക്കാത്ത വിധം പിന്തള്ളപ്പെടുകയും ചെയ്യും.

SANJU SAMSON

കൂടുതല്‍ ബോളുകള്‍

ടി20 ഫോര്‍മാറ്റില്‍ നേരത്തേയെല്ലാം മധ്യനിരയിലാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ വേണ്ടത്ര ബോളുകളും അദ്ദേഹത്തിനു നേരിടാന്‍ കഴിയാറില്ല. എന്നാല്‍ ഓപ്പണിങിലേക്കു വന്നാല്‍ ആകെയുള്ള 120 ബോളുകളില്‍ പകുതിയെങ്കിലും നേരിടാന്‍ സഞ്ജുവിനു ഉറപ്പായും അവസരം ലഭിച്ചും.

ടി20യില്‍ 60 ബോളുകള്‍ കളിക്കുകയെന്നത് ഒരു ബാറ്ററെ സംബന്ധിച്ച് കഴിവ് തെളിയിക്കാന്‍ ധാരാളമാണ്. അദ്ദേഹത്തെപ്പോലെ അഗ്രസീവായിട്ടുള്ള ഒരു ബാറ്റര്‍ക്കു ഇത്രയും ബോളുകളില്‍ നിന്നും സെഞ്ച്വറി കുറിക്കുകയെന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. സെഞ്ച്വറി തന്നെയായിരിക്കണം ഈ പരമ്പരയില്‍ സഞ്ജു ലക്ഷ്യം വയ്‌ക്കേണ്ടത്.

Story first published: Saturday, October 5, 2024, 12:52 [IST]
Other articles published on Oct 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+