ഡല്‍ഹി: ഇന്ത്യക്കു വേണ്ടി മികച്ചൊരു ഇന്നിങ്‌സുമായി ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മറ്റൊരു അവസരം കൂടി കളഞ്ഞു കുളിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായുള്ള രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിനു 10 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ഏഴു ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുള്‍പ്പെട്ടിരുന്നു.
നേരത്തേ ഗ്വാളിയോറില്‍ നടന്ന ആദ്യ ടി20യിലും ഓപ്പണറായി വലിയൊരു ഇന്നിങ്‌സ് കളിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. 19 ബോളില്‍ ആറു ഫോറുകളടക്കം 29 റണ്‍സാണ് സഞ്ജു നേടിയത്. രണ്ടാമങ്കത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം അദ്ദേഹം പുറത്തെടുക്കുമെന്നു കരുതിയെങ്കിലും അതിനേക്കാള്‍ ചെറിയ സ്‌കോറില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

നന്നായി തുടങ്ങി
ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മയ്‌ക്കൊപ്പം പ്രതീക്ഷ നല്‍കുന്നതായിരുന്നു സഞ്ജു സാംസണിന്റെ തുടക്കം. കഴിഞ്ഞ കളിയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനെയാണ് ആദ്യ ഓവറില്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ പരീക്ഷിച്ചത്. സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവായിരുന്നു ആദ്യ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നും ലഭിച്ചില്ല.
എന്നാല്‍ രണ്ടാമത്തെ ബോള്‍ കണ്ണഞ്ചിക്കുന്ന ഒരു ഷോട്ടിലൂടെ സഞ്ജു ബൗണ്ടറിയിലേക്കു പായിക്കുകയും ചെ്തു. ഫുള്‍ലെങ്ത് ബോളായിരുന്നു മെഹ്ദിയെറിഞ്ഞത്. കവര്‍ ഏരിയയിലൂടെയാണ് അദ്ദേഹം ഷോട്ട് പായിച്ചത്. അടുത്തത് ഓഫ്സ്റ്റംപ് ഏരിയയില്‍ ഷോര്‍ട്ട് ബോളായിരുന്നു. മിഡ്ഓഫിലൂടെ സഞ്ജുവിന്റെ മറ്റൊരു മനോഹരമായ ഷോട്ട്. ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി നിര്‍ത്തി ബോള്‍ ബൗണ്ടറിയിലേക്കും പാഞ്ഞു.
പക്ഷെ ടസ്‌കിന്‍ അഹമ്മദെറിഞ്ഞ അടുത്ത ഓവറില്‍ സഞ്ജു വീണു. ഓവറിലെ അവസാന ബോളിലാണ് അദ്ദേഹം പുറത്തായത്. ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളിനെതിരേ സഞ്ജു നേരത്തേ തന്നെ ഷോട്ടിനു തുനിയുകയായിരുന്നു. കവര്‍ ഏരിയയിലേക്കു കളിക്കാനായിരുന്നു ശ്രമം. പക്ഷെ ടൈമിങ് പാളിയതോടെ മുകളിലേക്കുയര്‍ന്ന ബോള്‍ നേരെ മിഡ് ഓഫില്‍ ബംഗ്ലാ നായകന്‍ ഷാന്റോയുടെ കൈകളിലേക്കു വരികയായിരുന്നു.

സഞ്ജുവിനു ഇനി കടുപ്പം
തുടര്‍ച്ചായി രണ്ടാമത്തെ മല്‍സരത്തിലും അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്. ഓപ്പണറായി അവസരം നല്‍കിയിട്ടും അതു മുതലാക്കാന്‍ സാധിക്കാതെ പോയത് അദ്ദേഹത്തിന്റെ വലിയ വീഴ്ച തന്നെയാണ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കൂടി സഞ്ജുവിനു അവസരം ലഭിച്ചേക്കും. അതിനു ശേഷം അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോയെന്നതു സംശയമാണ്.
സൗത്താഫ്രിക്കയുമായി അടുത്ത മാസമാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. ഈ പരമ്പരയില്‍ റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു ഉണ്ടാവുമോയെന്നതു കാത്തിരുന്നു കാണണം. യുവതാരം ധ്രുവ് ജുറേലിനു ബാക്കപ്പായി അവസരം കിട്ടിയേക്കും.
രൂക്ഷവിമര്‍ശനം
ഇന്ത്യക്കായി കസറാനുള്ള അവസരം ഒരിക്കല്‍ക്കൂടി പാഴാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് സഞ്ജു സാംസണിനു നേരെ ഉയരുന്നത്. കഴിവ് തെളിയിക്കാന്‍ ഇനിയും എത്ര അവസരങ്ങളാണ് അദ്ദേഹത്തിനു വേണ്ടതെന്നാണ് അവരുടെ ചോദ്യം.
സഞ്ജു ബ്രോ, നിങ്ങള്‍ക്കു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ദയവു ചെയ്ത് പിആര്‍ ടീമിനോടു ഈ നീതി വേണമെന്ന നാടകം അവസാനിപ്പിക്കാന്‍ പറയണം. ഇന്ത്യക്കായി കളിക്കാന്‍ അര്‍ഹതയുള്ള നിരവധി താരങ്ങള്‍ വേറെയുമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
സഞ്ജു സാംസണ്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ പോലും മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യക്കായി കളിക്കാന്‍ സഞ്ജുവിനു അര്‍ഹതയുമില്ല. ഇനിയും അദ്ദേഹത്തെ പരീക്ഷിക്കാതെ മറ്റാരെയെങ്കിലും പകരം കൊണ്ടുവരാനുള്ള സമയമായിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.