മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 86 റണ്‍സിനാണ് വിജയം ആഘോഷിച്ചത്. ഇതോടെ തട്ടകത്തില്‍ ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യക്കൊപ്പം യുവതാരങ്ങളടക്കം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. അരങ്ങേറ്റ പരമ്പര കളിക്കുന്ന നിതീഷ് കുമാര്‍ റെഡ്ഡി ഓള്‍റൗണ്ട് പ്രകടനത്തോടെ മത്സരത്തിലെ താരമാവുകയും ചെയ്തു.
എന്നാല്‍ സഞ്ജു സാംസണ്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തിലും ഡെക്കായ സഞ്ജുവിന് ബംഗ്ലാദേശിനെതിരേ ഓപ്പണറായി വീണ്ടും അവസരം ലഭിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 29 റണ്‍സ് നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ 10 റണ്‍സെടുത്താണ് പുറത്തായത്. വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
ഇതോടെ സഞ്ജു തഴയപ്പെടാനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്. ഇപ്പോഴിതാ സഞ്ജു സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതില്‍ നിരാശപ്പെടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.
ഓപ്പണര്‍മാര്‍ ഏറ്റവും നിരാശപ്പെടുത്തി
ഇന്ത്യ ഇത്തവണ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് പരീക്ഷിച്ചത്. യുവതാരം അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണര്‍മാരായെത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടാള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇരുവരും നഷ്ടപ്പെടുത്തിയത് ഏറ്റവും മികച്ച അവസരങ്ങളാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. 'അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഏറ്റവും നിരാശപ്പെടുത്തി. രണ്ട് പേര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.
വലിയ പ്രകടനം നടത്താനുള്ള അവസരമാണ് ഇരുവര്‍ക്കുമുള്ളത്. ദക്ഷിണാഫ്രിക്കന്‍ പരമ്പര വരുമ്പോള്‍ ജയ്‌സ്വാളും ശുബ്മാനും റുതുരാജുമെല്ലാം തിരിച്ചുവന്നേക്കും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിനും അഭിഷേകിനും മാറികൊടുക്കേണ്ടി വരും. എല്ലാ ഓപ്പണര്‍മാരേയും കളിപ്പിക്കുകയെന്നത് സാധ്യമല്ല. ഇഷാന്‍ കിഷനും തിരിച്ചുവരാന്‍ വാതിലില്‍ മുട്ടുകയാണ്. സാഹചര്യം തിരിച്ചറിഞ്ഞ് അവസരത്തിനൊത്ത് ഉയരണം. അല്ലെങ്കില്‍ നശിപ്പിച്ച അവസരത്തെയോര്‍ത്ത് പിന്നീട് ദുഖിക്കേണ്ടി വരും' ആകാശ് പറഞ്ഞു.

വലിയ സ്‌കോര്‍ നേടാനാവുന്നില്ല
സഞ്ജു സാംസണ്‍ അനുഭവസമ്പന്നനായ താരമാണ്. ഒമ്പത് വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള സഞ്ജുവിന് വലിയ ഇന്നിങ്‌സുകള്‍ കളിച്ച് മുന്നില്‍ നിന്ന് നയിക്കേണ്ടത് നിലനില്‍ക്കാന്‍ അത്യാവശ്യമാണ്. രണ്ട് മത്സരത്തിലും ഭേദപ്പെട്ട തുടക്കം സഞ്ജുവിന് ലഭിച്ചു. എന്നാല്‍ ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കുന്നില്ല. ആദ്യ മത്സരത്തില്‍ 29 റണ്‍സ് നേടിയ സഞ്ജുവിന് കളി ജയിപ്പിക്കുന്നത് വരെ ക്രീസില്‍ തുടരാന്‍ സാധിക്കണമായിരുന്നു.
എന്നാല്‍ ഇതിന് അദ്ദേഹത്തിന് സാധിക്കാതെ പോയി. രണ്ടാം മത്സരത്തില്‍ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം സഞ്ജു നേടി. എന്നാല്‍ പിന്നീട് വലിയ സ്‌കോര്‍ നേടാതെ മടങ്ങി. മോശം ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രശ്‌നം. നിലയുറപ്പിച്ച് ആക്രമിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ആക്രമിച്ച് കളിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇതിന് മുമ്പ് തന്നെ സഞ്ജു ആക്രമണത്തിന് ശ്രമിച്ച് വിക്കറ്റ് തുലക്കുകയാണെന്ന് പറയാം.
അഭിഷേകും നിരാശപ്പെടുത്തി
ആദ്യ മത്സരത്തില്‍ സഞ്ജു സാംസണുമായുള്ള ആശയ വിനിമയത്തിലെ അപാകതകൊണ്ട് അഭിഷേക് റണ്ണൗട്ടായി. രണ്ടാം മത്സരത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനം നടത്താന്‍ അഭിഷേകിന് സാധിക്കണമായിരുന്നു. പക്ഷെ അഭിഷേകും വലിയ സ്‌കോര്‍ നേടാതെ നിരാശപ്പെടുത്തി. സിംബാബ് വെക്കെതിരേ സെഞ്ച്വറി പ്രകടനത്തോടെ കൈയടി നേടാന്‍ അഭിഷേകിന് സാധിച്ചിരുന്നു.
എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല. പന്തുകൊണ്ടും ടീമിന് ഉപകാരിയാണെങ്കിലും ബാറ്റിങ്ങില്‍ താരം പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. അതുകൊണ്ടുതന്നെ ടീമില്‍ സീറ്റുറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചേക്കില്ല.