IND vs BAN: സഞ്ജുവിന് നിര്‍ണ്ണായകം, 2025 ജൂലൈവരെ ഇന്ത്യ കളിപ്പിക്കില്ല! കാരണം അറിയാം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു സാംസണ്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു സാംസണിന് വലിയ ആരാധക പിന്തുണയും ലഭിക്കുന്നുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അര്‍ഹതയ്ക്കൊത്ത് അവസരം ലഭിക്കുന്നില്ല. സമീപകാലത്തെ സഞ്ജുവിന്റെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു.
അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് മത്സരം കളിച്ച സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതോടെ ഇന്ത്യന്‍ ടീമിന് പുറത്തായിരിക്കുന്ന സഞ്ജുവിന് തിരിച്ചുവരവ് കടുപ്പമായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമാവും. ഇതിന് ചില കാരണങ്ങളുണ്ട്. എന്താണെന്ന് അറിയാം.
ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ മത്സരങ്ങള്‍
ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ മത്സരങ്ങളാണ്. ഇതിലേക്ക് സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ഇന്ത്യ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. ഇതില്‍ സഞ്ജുവിന് സീറ്റില്ലെന്ന് ഉറപ്പാണ്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാല് മത്സര ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലാണ് ഈ പരമ്പര നടക്കുന്നത്. റിഷഭ് പന്തിനൊപ്പം ഇഷാന്‍ കിഷനാവും ടീമിലേക്കെത്താന്‍ സാധ്യത കൂടുതല്‍. സഞ്ജു അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ടി20യില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത ഇല്ലെന്ന് തന്നെ പറയാം. സഞ്ജുവിന് മികവ് തെളിയിക്കാന്‍ ഇതിനിടെ മറ്റ് മത്സരങ്ങളൊന്നും ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ താരം തഴയപ്പെടാനാണ് സാധ്യത.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ സീറ്റില്ല
ഇതിന് ശേഷം ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് വരുന്നത്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടാകില്ലെന്നതാണ് സത്യം. റിഷഭ് പന്ത് ഒന്നാം നമ്പര്‍ കീപ്പറാവുമെന്നുറപ്പാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തുന്ന ഇഷാന്‍ കിഷനെ ഇന്ത്യ രണ്ടാം കീപ്പറായും പരിഗണിച്ചേക്കും. ദ്രുവ് ജുറേലും അവസരം തേടുമ്പോള്‍ സഞ്ജുവിന് ടെസ്റ്റിലേക്ക് വിളിയെത്താന്‍ സാധ്യത വളരെ കുറവായിരിക്കും.
അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയാണുള്ളത്. അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. ഇതിലും സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ടി20 പരമ്പരക്ക് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും ഇരു ടീമും ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ശേഷം അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടില്‍ നടക്കും. ഇതില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല.
ഗൗതം ഗംഭീര്‍ കനിയണം
സഞ്ജുവിന് ബംഗ്ലാദേശ് പരമ്പരയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ തിരിച്ചുവരാന്‍ ഗൗതം ഗംഭീര്‍ കനിയണം. തുടര്‍ച്ചയായി റിഷഭിനും ഇഷാനും മത്സരം കളിക്കാന്‍ സാധിക്കില്ല. ഇവര്‍ക്ക് വിശ്രമം നല്‍കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ പകരക്കാരനായി സഞ്ജുവിനെ കളിപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിക്കണമെങ്കില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പിന്തുണ അത്യാവശ്യമാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയത് ഗംഭീറിനേയും നിരാശപ്പെടുത്തി.
അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇനിയും ഗംഭീര്‍ വിശ്വസിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗംഭീര്‍ പിന്തുണച്ചില്ലെങ്കില്‍ 2025 ജൂലൈ വരെ സഞ്ജുവിന് ഇന്ത്യക്കായി കളിക്കാനുള്ള അവസരം ലഭിക്കില്ലെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications