ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു രൂക്ഷ വിമര്‍ശനം. മികച്ച ഫോമില്‍ നില്‍ക്കവെ ഈ ടെസ്റ്റില്‍ കളിക്കാനെത്തിയ അദ്ദേഹം രണ്ടക്കം പോലും കടക്കാനാവാതെയാണ് പുറത്തായത്. 19 ബോളുകള്‍ നേരിട്ട ഹിറ്റ്മാന് ഒരു ഫോറുള്‍പ്പെടെ ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ.
യുവ പേസര്‍ ഹസന്‍ മഹമ്മൂദാണ് ആറാം ഓവറില്‍ ഇന്ത്യന്‍ നായകനെ മടക്കിയത്. ഓഫ്സ്റ്റംപ് ഏരിയയില്‍ ഗുഡ് ലെങ്ത് ബോളാണ് മഹമ്മൂദ് പരീക്ഷിച്ചത്. പിച്ച് ചെയ്ത ശേഷം അല്‍പ്പം പുറത്തേക്കു പോയ ബോള്‍ രോഹിത് പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ രണ്ടാം സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരേ പതറുന്നതെന്ത്?
ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ രോഹിത് ശര്‍മ തുടര്‍ച്ചയായി പതറുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അവര്‍ക്കെതിരേ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം വളരെ പരിതാപകരമാണെന്നു കണക്കുകള്‍ പറയുന്നു. ഇതുവരെ നാലിന്നിങ്‌സുകളില്‍ മാത്രമേ ബംഗ്ലാദേശിനെതിരേ രോഹിത് ബാറ്റ് ചെയ്തിട്ടുള്ളൂ.
ഇവയില്‍ നിന്നും 9.75 എന്ന ദയനീയ ശരാശരിയില്‍ വെറും 39 റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകനു നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 2015ല്‍ മിര്‍പൂരിലാണ് ബംഗ്ലാദേശിനെതിരേ രോഹിത് ആദ്യമായി ടെസ്റ്റില്‍ കളിച്ചത്. ഒരിന്നിങ്‌സില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒമ്പതു ബോളില്‍ ആറു റണ്‍സ് നേടി പുറത്താവുകയായിരുന്നു.
അതിനു ശേഷം 2019ല്‍ ഇന്‍ഡോറിലാണ് ബംഗ്ലാദേശിവനെതിരേ അദ്ദേഹം അടുത്ത ടെസ്റ്റില്‍ ഇറങ്ങിയത്. ഒരിന്നിങ്‌സില്‍ ബാറ്റ് വീശിയ ഹിറ്റ്മാന്‍ 14 ബോളില്‍ ആറു റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. ഇതേ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റിലും ബംഗ്ലാദേശിനെതിരേ അദ്ദേഹം നിരാശപ്പെടുത്തി. 35 ബോളില്‍ 21 റണ്‍സ് മാത്രമേ രോഹിത്തിനു നേടാനായുള്ളൂ. ഇപ്പോള്‍ ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം നിരാശപ്പെടുത്തിയിരിക്കുകയാണ്.
രോഹിത് വിരമിക്കണം
രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതാണ് നല്ലത്. ബംഗ്ലാദേശിനെതിരേ പോലും റെഡ് ബോള്‍ ക്രിക്കറ്റില്‍ റണ്‍സ് നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ കളിക്കുന്നതില്‍ അര്‍ഥമില്ല. ഏകദിന ഫോര്‍മാറ്റില്‍ മാത്രം രോഹിത്തിനു ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

രോഹിത് ശര്‍മ ഒട്ടും താളത്തിലല്ല തുടക്കം മുതല്‍ കാണപ്പെട്ടത്. ഇത്തരം ഫോമില്‍ അദ്ദേഹം ഈ ഫോര്‍മാറ്റില്‍ കളി തുടരണമോയെന്നത് ചോദ്യമാണ്. ടെസ്റ്റ് മതിയാക്കുന്നതിനെക്കുറിച്ച് രോഹിത് ഗൗരവമായി തന്നെ ആലോചിക്കണമെന്നും ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഈ വര്‍ഷം 12 ടെസ്റ്റ് ഇന്നിങ്‌സകളിലാണ് രോഹിത് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 461 റണ്‍സ് നേടുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള അവസാനത്തെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കുറിക്കാന്‍ ഹിറ്റ്മാന് സാധിച്ചിരുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2023-25) ഈ സൈക്കിളില്‍ മൂന്നു സെഞ്ച്വറികളടക്കം 706 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. യശസ്വി ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ റണ്ണെടുത്തതും രോഹിത്താണ്.