ഇന്ത്യന്‍ ടീം ചെറിയൊരു ഇടവേളയ്ക്കു ശേഷം അടുത്ത മാസം റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുകയാണ്. ബംഗ്ലാദേശുമായി നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ടെസ്റ്റ് പരമ്പരയാണിത്. ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടുമായിട്ടാണ് അവസാനമായി ടെസ്റ്റില്‍ ഇന്ത്യന്‍ ടീം കൊമ്പുകോര്‍ത്തത്.
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വലിയൊരു റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുകയാണ്. മുഖ്യ കോച്ച് കൂടിയായ ഗൗതം ഗംഭീറിനെ ഓവര്‍ടേക്ക് ചെയ്യാനും ഹിറ്റ്മാന് സാധിക്കും. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് ഗംഭീറിനെ രോഹിത് ഓവര്‍ടേക്ക് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. 4154 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. ഇതിനെ മറികടക്കുന്നതിന് തൊട്ടരികിലാണ് ഇപ്പോള്‍ രോഹിത്.

59 ടെസ്റ്റുകളില്‍ നിന്നും 4137 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. ഗംഭീറിനെ പിന്തള്ളാന്‍ ഇനി വെറും 18 റണ്‍സ് മാത്രമേ അദ്ദേഹത്തിനു ആവശ്യമുള്ളൂ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ തന്നെ ഗംഭീറിനെ ഓവര്‍ടേക്ക് ചെയ്ത് ലിസ്റ്റില്‍ മുന്നേറാനായിരിക്കും രോഹിത്തിന്റെ ശ്രമം. ടെസ്റ്റില്‍ ഇതിനകം 12 സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞപ്പോള്‍ ഒമ്പതു സെഞ്ച്വറികളാണ് ഗംഭീറിന്റെ പേരിലുള്ളത്.
ടെസ്റ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ തലപ്പത്തുള്ളത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഇന്ത്യയുടെ മാത്രമല്ല, ടെസ്റ്റില്‍ ലോകത്തിലെ തന്നെ ഓള്‍ടൈം റണ്‍വേട്ടക്കാരനും കൂടിയാണ് അദ്ദേഹം. 15,921 റണ്‍സുമായിട്ടാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്. മറ്റൊരു മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് 13,265 റണ്‍സുമായി ഈ ലിസ്റ്റിലെ രണ്ടാമന്‍.
മുന്‍ ബാറ്റിങ് വിസ്മയം സുനില്‍ ഗവാസ്‌കര്‍ മൂന്നാംസ്ഥാനത്തുണ്ട്. 10,122 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. വിരാട് കോലി (8848), വിവിഎസ് ലക്ഷ്മണ്‍ (8781) എന്നിവര്‍ ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്. ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യത്തെ അഞ്ചു റണ്‍വേട്ടക്കാരില്‍ ഒരാളായി കരിയര്‍ അവസാനിപ്പിക്കുകയെന്നത് രോഹിത്തിനു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും. കാരണം 37 കാരനായ രോഹിത്തിന് ഇനി അധികകാലം ഈ ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് കടുപ്പം തന്നെയായിരിക്കും.
ടീം ഇന്ത്യക്കു ഇപ്പോള്‍ ഒരു മാസത്തിലേറെ ബ്രേക്കാണെങ്കിലും ബംഗ്ലാദേശുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയോടെ തിരക്കേറിയ ഷെഡ്യൂളാണ് കാത്തിരിക്കുന്നത്. സപ്തംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കാനിരിക്കുന്നത്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് സപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 1 വരെ കാണ്‍പൂരിലും നടക്കും.

ഈ പരമ്പര തൂത്തുവാരി അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ഒരു പടി കൂടി അടുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. രോഹിത്തും ഗംഭീറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ബംഗ്ലാദേശുമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ആധികാരിക പ്രകടനത്തോടെ തുടക്കം ഗംഭീരമാക്കുകയാവും ഇരുവരുടെയും ലക്ഷ്യം.
ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡ് ടീം മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. അതിനു ശേഷം സൗത്താഫ്രിക്കയില്‍ അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കും. തുടര്‍ന്നു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കും. അഞ്ചു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര.