കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയിട്ടുണ്ട്. മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ആകാശ് ദീപാണ്. 13 പന്തിനുള്ളില്‍ രണ്ട് വിക്കറ്റുമായി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ ആകാശ് ദീപിന് സാധിച്ചു. എന്നാല്‍ ആദ്യ സെക്ഷന്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് ഇന്ത്യ രണ്ട് ഡിആര്‍എസ് പാഴാക്കിയിരിക്കുകയാണ്.
ആകാശ് ദീപിന്റെ ഓവറില്‍ ഡിആര്‍എസ് എടുത്തത് ഇന്ത്യക്ക് അനുകൂലമായിരുന്നു. എന്നാല്‍ പിന്നീടെടുത്ത രണ്ട് ഡിആര്‍എസും ഇന്ത്യക്ക് നഷ്ടമായി. ഇതില്‍ എടുത്തു പറയേണ്ടത് നായകന്‍ രോഹിത് ശര്‍മ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ വാക്കു കേള്‍ക്കാതെ ബൗളറെ വിശ്വസിച്ചുവെന്നതാണ്. ബൗളര്‍മാര്‍ സ്വാഭാവികമായും അപ്പീല്‍ ചെയ്യുമെന്ന് ഉറപ്പാണ്. അവര്‍ റിവ്യൂവിനായും വാദിക്കും. എന്നാല്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് നായകനാണ്. രോഹിത്തിന് ഇത് സാധിച്ചില്ലെന്ന് തന്നെ പറയാം.
മുഹമ്മദ് സിറാജിന്റെ ഓവറിലെ റിവ്യൂ
മുഹമ്മദ് സിറാജിന്റെ ഓവറിലാണ് ആദ്യ റിവ്യൂ പാഴായത്. എല്‍ബിക്കായി സിറാജ് അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ടാണ് വിളിച്ചത്. റിവ്യൂവിനായി സിറാജ് ആവശ്യപ്പെടുമ്പോള്‍ കമന്റേറ്റര്‍മാരുള്‍പ്പെടെ പന്ത് സ്റ്റംപിന് മുകളിലൂടെയാണെന്ന് അഭിപ്രായപ്പെട്ടു. റിഷഭ് പന്തും പന്ത് സ്റ്റംപിന് മുകളിലൂടെയാണെന്നാണ് പറഞ്ഞത്. എന്നാല്‍ അത് സ്റ്റംപിലേക്കാണെന്ന് സിറാജ് നിലപാടെടുത്തപ്പോള്‍ രോഹിത് സിറാജിനൊപ്പം നില്‍ക്കുകയായിരുന്നു.
എന്നാല്‍ റിവ്യൂ പരിശോധനയില്‍ പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോകുന്നതെന്ന് വ്യക്തമായി. സ്റ്റംപ് ലൈനിന് പുറത്താണ് പന്ത് പിച്ച് ചെയ്തതെന്നും റിവ്യുവില്‍ വ്യക്തമായി. ഇതോടെ റിവ്യൂ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ നിരാശ മുഖ ഭാവത്തോടെയാണ് തീരുമാനം കണ്ടത്. റിഷഭ് പന്തിന്റെ നിര്‍ദേശം അവഗണിച്ച് നായകന്‍ രോഹിത് ശര്‍മയെടുത്ത തീരുമാനം പാളിയെന്ന് തന്നെ പറയാം. ഇതോടെ ഒരു റിവ്യൂ ഇന്ത്യക്ക് നഷ്ടമായി.

ബുംറയുടെ ഓവറിലും റിവ്യൂ നഷ്ടം
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറിലാണ് രണ്ടാമത്തെ റിവ്യൂ പാഴാവുന്നത്. ഇതും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിച്ചു. പന്ത് ലെഗ് സ്റ്റംപ് ലൈനിലാണെന്ന് റിഷഭ് കൈകൊണ്ട് കാട്ടി. എന്നാല്‍ ജസ്പ്രീത് ബുംറയുടെ നിര്‍ദേശം തള്ളിക്കളയാന്‍ രോഹിത് തയ്യാറായില്ല. റിഷഭിനെക്കാള്‍ രോഹിത് വിശ്വാസം അര്‍പ്പിച്ചത് ബുംറയിലാണ്. സൂപ്പര്‍ ബൗളറെ വിശ്വസിച്ച രോഹിത്തിന് വീണ്ടും പിഴവ് പറ്റി.
ഈ റിവ്യൂവില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളുന്നുണ്ടെങ്കിലും അംപയേഴ്‌സ് കോളിനൊപ്പം തേര്‍ഡ് അംപയര്‍ നിന്നു. ഇതോടെ ഈ റിവ്യൂവും ഇന്ത്യക്ക് നഷ്ടമായി. നിര്‍ണ്ണായകമായ രണ്ട് റിവ്യൂകള്‍ തുടക്കത്തിലേ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ബംഗ്ലാദേശിന്റെ നിര്‍ണ്ണായക വിക്കറ്റുകള്‍ മധ്യനിരയില്‍ ഇറങ്ങാനിരിക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ഓവറുകള്‍ വരാനിരിക്കെ റിവ്യൂ നഷ്ടപ്പെടുത്തിയതിന് വലിയ വില നല്‍കേണ്ടതായി വരും.
മഴ ഭീഷണിയില്‍ രണ്ടാം ടെസ്റ്റ്
കാണ്‍പൂര്‍ ടെസ്റ്റിന് മഴ ഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ വൈകിയാണ് മത്സരം ആരംഭിക്കാനായത്. ഇരുണ്ട കാലാവസ്ഥയായതിനാല്‍ ഫ്‌ളെഡ് ലൈറ്റുകളിട്ടാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ അവസാന ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മത്സരം സമനിലയിലേക്കെത്തിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും.
ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ ജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ജയിക്കാന്‍ സാധിക്കാതെ പോയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യക്കത് നഷ്ടമുണ്ടാക്കും. മഴ മത്സരത്തില്‍ വില്ലനാവാന്‍ സാധ്യത കൂടുതലാണെന്ന് നിലവിലെ കാലാവസ്ഥയില്‍ നിന്ന് വ്യക്തമാവുന്നത്.