കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 280 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മഴയുടെ വെല്ലുവിളിയെ മറികടന്നാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മഴമൂലം മൂന്നര ദിവസം മാത്രം നടന്ന മത്സരത്തില്‍ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുകാട്ടി വിജയം നേടിയെടുക്കുകയായിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.
സമനിലയില്‍ കലാശിക്കുമെന്ന് പ്രവചിക്കപ്പെട്ട മത്സരത്തില്‍ ഇന്ത്യ അത്ഭുത ജയമാണ് നേടിയെടുത്തതെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ ഇന്ത്യക്ക് നിര്‍ണ്ണായക പോയിന്റും നേടിയെടുക്കാനായി. പാകിസ്താനെ അവരുടെ മടയില്‍ തകര്‍ത്ത് ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശിന് ഇന്ത്യയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി.
ശരാശരി 10.71 മാത്രം
വെടിക്കെട്ട് ബാറ്റ്‌സ്മാനായ രോഹിത്തിന് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താനായിട്ടില്ല. ബംഗ്ലാദേശിനെതിരായ രോഹിത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. 6, 6, 21, 6, 5, 23, 8 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോര്‍. 10.71 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. മിക്ക ടീമുകള്‍ക്കെതിരേയും മികച്ച ബാറ്റിങ് റെക്കോഡുള്ള രോഹിത്തിന് ബംഗ്ലാദേശിനെതിരേ ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ഇത്തവണത്തെ പരമ്പരയിലും രോഹിത് ശര്‍മക്ക് വലിയ പ്രകടനം നടത്താനായില്ല. വെടിക്കെട്ട് ഷോട്ടുകളോടെ തുടങ്ങുമെങ്കിലും ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കുന്നില്ല. സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് രോഹിത് കൂടുതല്‍ പതറുന്നത്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ടെസ്റ്റിലെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് പറയാം.

രോഹിത്തിന്റെ ടെസ്റ്റ് ശരാശരിയും ഇടിഞ്ഞു
2019ന് ശേഷം ആദ്യമായി രോഹിത് ശര്‍മയുടെ ടെസ്റ്റ് ശരാശരി 44ല്‍ താഴെ പോയി. ബംഗ്ലാദേശിനെതിരേ പ്രതീക്ഷിച്ച പ്രകടനം നടത്താനാവാതെ പോയതാണ് രോഹിത്തിന് തിരിച്ചടിയായത്. രോഹിത്തിന്റെ ഈ ടെസ്റ്റ് പരമ്പരയിലെ ശരാശരി 10.50 ആണ്. ഇതോടെ ഒരു ഹോം ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും മോശം ശരാശരിയുള്ള മൂന്നാമത്തെ ഇന്ത്യന്‍ നായകനായി രോഹിത് മാറി. വിരാട് കോലിയും സൗരവ് ഗാംഗുലിയും ഈ റെക്കോഡില്‍ രോഹിത്തിന് മുന്നിലുണ്ടെന്നതാണ് കൗതുകം.
2017ല്‍ ഓസ്‌ട്രേലിയക്കെതിരേ കോലിയുടെ ശരാശരി 9.20 ആയിരുന്നു. ഇതാണ് ഒരു ഇന്ത്യന്‍ നായകന്റെ നാട്ടിലെ ഏറ്റവും മോശം പ്രകടനം. 2005ല്‍ സൗരവ് ഗാംഗുലി പാകിസ്താനെതിരേ 9.60 ശരാശരിയില്‍ കളിച്ചതാണ് രണ്ടാം സ്ഥാനത്ത്. ഈ നാണംകെട്ട പട്ടികയില്‍ മൂന്നാമനായി രോഹിത്തിന് പേര് ചേര്‍ക്കേണ്ടി വന്നിരിക്കുകയാണ്. ടി20യില്‍ നിന്ന വിരമിച്ച രോഹിത്തിന്റെ ഭാവി വലിയ ചോദ്യമുയര്‍ത്തുന്ന പ്രകടനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് പറയാം.
ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റിന്റെ ചരിത്ര ജയമാണ് ഇന്ത്യ നേടിയെടുത്തത്. മഴയെത്തുടര്‍ന്ന് രണ്ടര ദിവസം പോലും നടക്കാതിരുന്ന മത്സരത്തിലാണ് ഇന്ത്യ വിജയം നേടിയെടുത്തതെന്ന് പറയാം. ഇന്ത്യയുടെ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ കൈയടി അര്‍ഹിക്കുന്ന ജയമാണ് ഇന്ത്യ നേടിയെടുത്തത്.
മഴ വില്ലനായപ്പോള്‍ അതിവേഗം റണ്‍സുയര്‍ത്തി ബംഗ്ലാദേശിനെതിരേ വിജയം നേടിയെടുക്കാനുള്ള ഇന്ത്യയുടെ തന്ത്രം ഫലം കണ്ടു. പരിശീലകന്‍ ഗൗതം ഗംഭീറും ഈ വിജയത്തില്‍ കൈയടി അര്‍ഹിക്കുന്നു. എന്തായാലും ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിജയമാണിതെന്ന് നിസംശയം പറയാം.