മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര ബംഗ്ലാദേശിനെതിരേ നടക്കാന്‍ പോവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും പിന്നാലെ മൂന്ന് മത്സര ടി20 പരമ്പരയുമാണ് വരാനിരിക്കുന്നത്. പാകിസ്താനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യക്ക് നിസാരക്കാരായി കാണാനാവില്ല. എന്നാല്‍ ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ വരാനിരിക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതായുണ്ട്.
ഇപ്പോഴിതാ പുറത്തുവരുന്ന വിവരം അനുസരിച്ച് ടെസ്റ്റ് ടീമില്‍ കെ എല്‍ രാഹുലും റിഷഭ് പന്തും ഉണ്ടായേക്കില്ല. രണ്ട് പേര്‍ക്കും വിശ്രമം നല്‍കി ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ടെസ്റ്റിലേക്ക് വിളി നല്‍കിയേക്കുമെന്നാണ് വിവരം. ഇഷാന്‍ കിഷന്‍ ഇടവേളക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബുച്ചിബാബു ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയടക്കം നേടാന്‍ താരത്തിനായി. ഇതിന് ശേഷം ദുലീപ് ട്രോഫി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഷാന്‍.
എന്നാല്‍ ഇടം കൈയന്‍ വിക്കറ്റ് കീപ്പറെ പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ബംഗ്ലാദേശ് പരമ്പര താരത്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇഷാന്‍ കിഷനും സഞ്ജുവിനും ടെസ്റ്റ് ടീമില്‍ ഇടം നല്‍കി റിഷഭിനും രാഹുലിനും വിശ്രമം നല്‍കാനാണ് പരിശീലകനായ ഗൗതം ഗംഭീര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. റിഷഭ് പന്തിനെ മികച്ച ഫിറ്റ്‌നസോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയെ അവരുടെ മടയില്‍ വീഴ്ത്തിയ ഇന്ത്യക്ക് ഇത്തവണയും നേട്ടം ആവര്‍ത്തിക്കേണ്ടതായുണ്ട്. എന്നാല്‍ കപ്പ് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഓസീസ്. അതുകൊണ്ടുതന്നെ ഇന്ത്യ സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്‌നസ് കാത്ത് മുന്നോട്ട് പോകേണ്ടതായുണ്ട്. റിഷഭ് പന്ത് ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് അദ്ദേഹത്തിന് വിശ്രമം നല്‍കാനാണ് സാധ്യത.

കെ എല്‍ രാഹുലിന് മധ്യനിരയില്‍ നിര്‍ണ്ണായക റോളാണുള്ളത്. അജിന്‍ക്യ രഹാനെയുടെ വിടവ് നികത്താന്‍ അഞ്ചാം നമ്പറില്‍ ഇന്ത്യ രാഹുലിനെ പരിഗണിച്ചേക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ രാഹുലിന് വിശ്രമം നല്‍കി കിവീസ്, ഓസീസ് പരമ്പരയ്ക്കായി മുന്നൊരുക്കുകയാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇഷാനും സഞ്ജുവും വലിയ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. ദ്രുവ് ജുറേലിനെ നിലവില്‍ ഗംഭീര്‍ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് വിവരം.
എന്നാല്‍ പാകിസ്താനെ തോല്‍പ്പിച്ചെത്തുന്ന ബംഗ്ലാദേശിനെതിരേ യുവനിരയെ ഇറക്കി പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ എക്‌സ് ഫാക്ടര്‍ താരങ്ങള്‍ക്കും പരിക്ക് ഭീഷണി നേരിടുന്നവര്‍ക്കും മാത്രമായിരിക്കും വിശ്രമം നല്‍കുക. രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ടീമില്‍ നിന്ന് വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര കളിക്കും. എന്നാല്‍ ജസ്പ്രീത് ബുംറക്ക് ബംഗ്ലാദേശ് പരമ്പരയിലും വിശ്രമം നല്‍കുമെന്നാണ് വിവരം.
സര്‍ഫറാസ് ഖാനെ മധ്യനിരയില്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരേ കസറാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ് സര്‍ഫറാസ്. ഇത്തരമൊരു ശൈലി ഇന്ത്യക്കാവശ്യമാണെന്നാണ് ഗംഭീറിന്റെ നിലപാട്. സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് കൊണ്ടുവരാനും ഗംഭീര്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള സൂര്യകുമാര്‍ ബംഗ്ലാദേശ് പരമ്പര കളിക്കില്ലെന്നാണ് വിവരം.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ സ്പിന്നിനെതിരായ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നിനെതിരേ പതറിയിരുന്നു. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പരമ്പരക്കിറങ്ങുമ്പോള്‍ ഇന്ത്യ സ്പിന്നിനെതിരായ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ പണി കിട്ടാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.