ചെന്നൈ: ടീം ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കാരണം കളിക്കളത്തില്‍ അത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു പലപ്പോഴും സാധിക്കാറുണ്ട്. അഗ്രസീവ് ബാറ്റിങിലൂടെ മല്‍സസരഗതി മാറ്റിമറിക്കാനുള്ള മിടുക്കാണ് റിഷഭിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. എന്നാല്‍ വിക്കറ്റ് കീപ്പിങില്‍ നിന്നും കിടിലന്‍ മാച്ച് വിന്നിങ് ഓള്‍റൗണ്ടറായി മാറാനുള്ള ശേഷി തനിക്കുണ്ടെന്നു കാണിച്ചുതന്നിരിക്കുകയാണ് അദ്ദേഹം. നെറ്റ്‌സിലാണ് മാജിക്കല്‍ ബൗളിങിലൂടെ റിഷഭ് എല്ലാവരെയും ഞെട്ടിച്ചത്.
2022 ഡിസംബറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിവരവിനൊരുങ്ങുകയാണ് അദ്ദേഹം. കാറപകടത്തിലേറ്റ ഗുരുതരമായ പരിക്കിനു ശേഷം ഈ ഫോര്‍മാറ്റില്‍ റിഷഭ് കളിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചുവരവ് അവിസ്മരണീയമാക്കാന്‍ തന്നെയാവും അദ്ദേഹത്തിന്റെ ശ്രമം.

റിഷഭിന്റെ ബൗളിങ് പ്രകടനം
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ചെപ്പോക്കില്‍ നെറ്റ്‌സിലാണ് റിഷഭ് പന്ത് തന്റെ ബൗളിങ് പാടവം കൊണ്ട് കൈയടി നേടിയത്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, യുവതാരം സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കെതിരേ നെറ്റ്‌സില്‍ 12 ഓവറുകളാണ് റിഷഭ് ബൗള്‍ ചെയ്തത്.
ഇതിനിടെ അഞ്ചു തവണ രാഹുലിനെ പുറത്താക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. 26 ബോളുകളാണ് രാഹുലിനെതിരേ റിഷഭ് എറിഞ്ഞത്. ഇതിനിടെ അഞ്ചു തവണ വിക്കറ്റ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. സര്‍ഫറാസിനെ രണ്ടു തവണയും നെറ്റ്‌സില്‍ പുറത്താക്കാന്‍ റിഷഭിനു കഴിഞ്ഞു.
റിഷഭിന്റെ ബൗളിങ് പ്രകടനം കണ്ട് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ആശ്ചര്യപ്പെടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. വൈകാതെ ഇന്ത്യക്കു വേണ്ടി ചില മല്‍സരങ്ങളില്‍ റിഷഭിനെ ബൗളിങില്‍ ഗംഭീര്‍ ഇനി പരീക്ഷിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. രാഹുല്‍ ടീമിലുണ്ടെങ്കില്‍ വിക്കറ്റ് കീപ്പിങ് തല്‍ക്കാലത്തേക്കു അദ്ദേഹത്തിനു നല്‍കാനും റിഷഭിനെ ബൗളിങില്‍ പരീക്ഷിക്കാനും ഗംഭീറിനു സാധിക്കുകയും ചെയ്യും.
റിഷഭ് ഇതാദ്യമായല്ല ബൗള്‍ ചെയ്യുന്നത്. അടുത്തിടെ ഡല്‍ഹി പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ കളിക്കവെ അദ്ദേഹം പന്തെറിഞ്ഞിരുന്നു. പക്ഷെ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബൗളിങില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്ത കോച്ചാണ് താനെന്നു ഗംഭീര്‍ നേരത്തേ തന്നെ കാണിച്ചുതന്നിട്ടുണ്ട്.
ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലൂടെയായിരുന്നു കോച്ചായുള്ള അദ്ദേഹത്തിന്റെ തുടക്കം. ഈ പരമ്പരയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവരടക്കമുള്ളവരെ ബൗളിങില്‍ ഗംഭീര്‍ പരീക്ഷിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്ലും പന്തെറിയാനെത്തിയിരുന്നു.

റിഷഭിന്റെ തിരിച്ചുവരവ്
ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കുമെന്നു ഉറപ്പായിട്ടുണ്ട്. യുവതാരം ധ്രുവ് ജുറേലും ടീമിലുണ്ടെങ്കിലും റിഷഭിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപക്ഷിച്ച് റിഷഭിനു ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് ടെസ്റ്റ് ക്രിക്കറ്റിലാണ്. ഇതു തന്നെയാണ് അദ്ദേഹത്തിനു മുന്‍തൂക്കവും നല്‍കിയത്
33 ടെസ്റ്റുകളിലായി 56 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 43.67 ശരാശരിയില്‍ 73.63 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 2271 റണ്‍സ് റിഷഭ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. വിദേശത്തെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും ടെസ്റ്റില്‍ സെഞ്ച്വറി കുറിക്കാന്‍ റിഷഭിനായിട്ടുണ്ട്.