IND vs BAN: 634 ദിവസത്തെ ഇടവേള, തിരിച്ചുവരവില്‍ കസറി റിഷഭ്; ഒറ്റ കൈ സിക്‌സര്‍ വൈറല്‍
ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖമാണ് റിഷഭ് പന്ത്. ടെസ്റ്റില്‍ ഒറ്റക്ക് മത്സരഫലം മാറ്റാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് റിഷഭ് പന്തെന്ന് പറയാം. വിദേശ മൈതാനങ്ങളിലടക്കം തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന റിഷഭ് വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് 634 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനെത്തുന്നത്.
മടങ്ങിവരവില്‍ തന്റെ കരുത്തുകാട്ടുന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ റിഷഭ് പന്തിന് സാധിച്ചു.തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കരുത്തുറ്റ ബാറ്റിങ്ങാണ് റിഷഭ് ബംഗ്ലാദേശിനെതിരേ കാഴ്ചവെച്ചത്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ വരാനിരിക്കെ റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. വിക്കറ്റിന് പിന്നില്‍ മിന്നിച്ച റിഷഭ് ബാറ്റിങ്ങിലും പഴയ മികവ് കാട്ടിയതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.
തകര്‍പ്പന്‍ സെഞ്ച്വറി
ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് റിഷഭ് നേടിയെടുത്തത്. 124 പന്ത് നേരിട്ട് 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് റിഷഭിന്റെ പ്രകടനം. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ എംഎസ് ധോണിയുടെ ടെസ്റ്റ് സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനും റിഷഭ് പന്തിനായി. എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കാണികളും സഹതാരങ്ങളും റിഷഭിന്റെ സെഞ്ച്വറി പ്രകടനത്തെ അഭിനന്ദിച്ചത്.
ഒറ്റ കൈ സിക്‌സര്‍ പറത്തി റിഷഭ്
മടങ്ങിവരവില്‍ ഒറ്റ കൈ സിക്‌സറടക്കം പറത്തി കൈയടി നേടാന്‍ റിഷഭ് പന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സ്പിന്നര്‍ മെഹതി ഹസന്‍ മിറാസിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറി സിക്‌സറിക്കാന്‍ റിഷഭിനായി. ഇത് തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടായ ഒറ്റ കൈ സിക്‌സറാക്കി മാറ്റി റിഷഭ് കൈയടി നേടുകയായിരുന്നു. അനായാസം റണ്‍സുയര്‍ത്തിയ റിഷഭ് സ്പിന്നര്‍മാര്‍ക്കെതിരേ കടന്നാക്രമിച്ചാണ് കളിച്ചത്. പഴയ റിഷഭിനെ വീണ്ടും കളത്തില്‍ കാണാനായെന്ന് പറയാം.
പേസര്‍മാര്‍ക്കെതിരേ ഷോര്‍ട്ട് ബോളില്‍ അനായാസം റണ്‍സുയര്‍ത്താനും റിഷഭിനായി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നട്ടെല്ലായി താനുണ്ടാവുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് റിഷഭ് നടത്തിയത്. റിഷഭിന് പഴയ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കുമോയെന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ ഈ വെല്ലുവിളി അദ്ദേഹം മറികടന്നുവെന്ന് തന്നെ നിലവിലെ പ്രകടനത്തില്‍ നിന്ന് വിലയിരുത്താം.

ഓസ്‌ട്രേലിയക്ക് ചങ്കിടിപ്പ്
റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തിയതില്‍ ഏറ്റവും ആശങ്കപ്പെടുന്നത് ഓസ്‌ട്രേലിയയാണ്. വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി എന്ത് വിലകൊടുത്തും അലമാരയിലെത്തിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. ഇതിനായുള്ള പടയൊരുക്കം ഓസ്‌ട്രേലിയ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിരയില്‍ ഓസ്‌ട്രേലിയ ഏറ്റവും ഭയക്കുന്ന താരം റിഷഭ് പന്താണ്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടാന്‍ കാരണമായത് റിഷഭാണ്.
അതുകൊണ്ടുതന്നെ ഇത്തവണത്തെ റിഷഭിന്റെ ഫോം ഓസീസിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇപ്പോള്‍ റിഷഭ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കും ഗംഭീര ഫോമിലേക്കുമെത്തിയത് ഓസ്‌ട്രേലിയക്ക് വലിയ ആശങ്കയാവുമെന്നുറപ്പാണ്. ഇതേ മികവ് വരുന്ന മത്സരങ്ങളിലും ആവര്‍ത്തിക്കാന്‍ റിഷഭിന് സാധിക്കേണ്ടതായുണ്ട്. ഓസ്‌ട്രേലിയയില്‍ ഇത്തവണയും ഇന്ത്യ പരമ്പര നേടണമെങ്കില്‍ റിഷഭ് തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ശക്തമായ നിലയിലാണുള്ളതെന്ന് പറയാം. മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 205 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 432 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. മൂന്നാം സെക്ഷന്‍വരെ ബാറ്റ് ചെയ്ത് അവസാന സെക്ഷനില്‍ ബംഗ്ലാദേശിനെ ഇന്ത്യ ബാറ്റിങ്ങിന് അയക്കാനാണ് സാധ്യത.
പാകിസ്താനെ വൈറ്റ് വാഷ് ചെയ്ത് എത്തിയ ബംഗ്ലാദേശിന് ഈ മികവ് ഇന്ത്യക്കെതിരേ കാട്ടാന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം കാട്ടി. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കിലും ടീമെന്ന നിലയില്‍ ഇന്ത്യ ശക്തമായ നിലയിലാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications