ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൈയടി നേടി റിഷഭ് പന്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തകര്‍ച്ച നേരിട്ടു. 34 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ നിര്‍ണ്ണായകമായ 39 റണ്‍സുമായി റിഷഭ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് റിഷഭ് പന്ത് തിളങ്ങിയത്. പരിക്കിന്റെ ഇടവേളക്ക് ശേഷം റിഷഭ് കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്.
ഇതില്‍ത്തന്നെ മികച്ചൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ റിഷഭ് പന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മധ്യനിരയില്‍ തനിക്ക് പകരക്കാരനില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് റിഷഭ്. അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് റിഷഭെന്ന് പറയാം. വലിയ സ്‌കോറിലേക്കുയരാനായില്ലെങ്കിലും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ ഇന്നിങ്‌സ് കാഴ്ചവെച്ചാണ് റിഷഭ് പന്ത് മടങ്ങിയത്. വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് റിഷഭിന്റേത്.
അഞ്ചാം നമ്പറില്‍ തകര്‍പ്പന്‍ റെക്കോഡ്
അഞ്ചാം നമ്പറിലെ റിഷഭ് പന്തിന്റെ കണക്കുകള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. അഞ്ചാം നമ്പറില്‍ 11 ഇന്നിങ്‌സ് കളിച്ച റിഷഭ് നേടിയത് 760 റണ്‍സാണ്. 76 ശരാശരിയിലാണ് റിഷഭ് പന്തിന്റെ പ്രകടനം. 92.90 സ്‌ട്രൈക്ക് റേറ്റും റിഷഭിനുണ്ട്. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും നേടാന്‍ റിഷഭിന് സാധിച്ചു. ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കുമ്പോള്‍ റിഷഭിന്റെ പ്രകടനം മോശമാവുമോയെന്ന ആശങ്കയിലായിരുന്നു എല്ലാവരും.
എന്നാല്‍ ദുലീപ് ട്രോഫി കളിച്ച് ഫിഫ്റ്റി നേടിയ റിഷഭ് അതേ മികവ് ഒന്നാം ടെസ്റ്റിലും ആവര്‍ത്തിച്ചു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള റിഷഭ് പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കെ റിഷഭ് താളം കണ്ടെത്തിയത് ഇന്ത്യക്ക് കരുത്താവും. നിലവിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് റിഷഭെന്ന് നിസംശയം പറയാം.

സഞ്ജുവും ഇഷാനും കണ്ട് പഠിക്കണം
റിഷഭ് പന്തിന്റെ പകരക്കാരനായി ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താന്‍ കാത്തിരിക്കുന്ന താരങ്ങളാണ് സഞ്ജു സാംസണും ഇഷാന്‍ കിഷനും ദ്രുവ് ജുറേലും. എന്നാല്‍ ഇവര്‍ക്കൊന്നും റിഷഭിന്റെ മികവിനൊപ്പം നില്‍ക്കാനുള്ള യോഗ്യതയില്ലെന്ന് തന്നെ പറയാം. വിക്കറ്റിന് പിന്നിലും റിഷഭ് പുലിയാണ്. പൂര്‍ണ്ണ ഫിറ്റ്‌സിലേക്കെത്താന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. പഴയ മികവോട് കട്ട് ഷോട്ടുകളടക്കം കളിച്ച് മുന്നേറാന്‍ റിഷഭിന് സാധിക്കുന്നുണ്ട്. ഇതെല്ലാം വരുന്ന വിദേശ പര്യടനങ്ങള്‍ ഇന്ത്യക്ക് ശക്തി പകരും.
ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനം നടത്തി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് ഇഷാനെത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാലും റിഷഭ് പന്ത് തന്നെയാവും ഒന്നാം നമ്പര്‍ കീപ്പര്‍. എതിരാളികളുടെ സമ്മര്‍ദ്ദ വലയത്തില്‍ വീഴാതെ ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോവാന്‍ ഇഷാന്‍ കിഷന് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
റിഷഭ് പുറത്തായത് മോശം ഷോട്ടില്‍
ബംഗ്ലാദേശിനെതിരേ റിഷഭിന്റെ പുറത്താകല്‍ നിരാശപ്പെടുത്തുന്നതാണ്. മോശം ഷോട്ട് കളിച്ചാണ് റിഷഭ് മടങ്ങിയത്. ഹസന്‍ മഹമ്മൂദിന്റെ പന്തില്‍ അലസമായ ഷോട്ട് കളിച്ച റിഷഭ് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ബൗണ്ടറി പായിച്ച് ഹസനെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിഷഭിന് സാധിച്ചെങ്കിലും പിന്നാലെ ലേറ്റ് കട്ട് ഷോട്ടിന് ശ്രമിച്ചാണ് റിഷഭ് മടങ്ങിയത്.
ഫുട് വര്‍ക്ക് നടത്താതെ ഇത്തരമൊരു ഷോട്ട് കളിക്കേണ്ടിയിരുന്നില്ല. മോശം ഷോട്ടില്‍ പുറത്തായതിന്റെ നിരാശ റിഷഭിലും പ്രകടമായിരുന്നു. പുറത്തായ ശേഷം ഈ നിരാശ പ്രകടമാക്കിയാണ് റിഷഭ് മടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ റിഷഭ് ഇതിലും മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.