ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തട്ടകത്തില്‍ വലിയ പ്രതീക്ഷയോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 144 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. യശ്വസി ജയ്‌സ്വാള്‍ 56 റണ്‍സുമായി ഭേദപ്പെട്ട് നിന്നപ്പോള്‍ രോഹിത് ശര്‍മ (6), വിരാട് കോലി (6), ശുബ്മാന്‍ ഗില്‍ (0), കെ എല്‍ രാഹുല്‍ (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. റിഷഭ് പന്ത് 39 റണ്‍സുമായി ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
റിഷഭ് പന്ത് ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്ക് പോകാതെ രക്ഷിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇടവേളക്ക് ശേഷം കളിക്കാനിറങ്ങിയ റിഷഭിന് വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും നിര്‍ണ്ണായക ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചു. മത്സരത്തിനിടെ റിഷഭ് പന്ത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസുമായി ഉടക്കുന്ന സാഹചര്യമുണ്ടായി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ത്രോയില്‍ തുടങ്ങിയ പ്രശ്‌നം
ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്തിയ ബംഗ്ലാദേശ് ആതിഥേയരെ പെട്ടെന്ന് തകര്‍ക്കാമെന്നാണ് കരുതിയത്. ഇതിനിടെയാണ് യശ്വസി ജയ്‌സ്വാളും റിഷഭ് പന്തും ചേര്‍ന്ന് ടീമിനെ പതിയെ മുന്നോട്ട് കൊണ്ടുപോയത്. ഇത് ബംഗ്ലാദേശ് താരങ്ങളെ വളരെയധികം അസ്വസ്തരാക്കുകയും ചെയ്തു. ഇതിനിടെ ജയ്‌സ്വാളും റിഷഭും സിംഗിളിനായി ശ്രമിച്ചു. ഗല്ലി ഫീല്‍ഡറുടെ ത്രോ റിഷഭിന്റെ പാഡിലാണ് കൊണ്ടത്. പാഡില്‍ തട്ടി പോയ പന്തില്‍ റിഷഭ് സിംഗിളെടുക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
റിഷഭ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറായ ലിറ്റന്‍ ദാസ് പന്തിനോട് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ലിറ്റന്‍ ദാസിന്റെ ചോദ്യത്തിന് റിഷഭ് പന്തിന്റെ മറുപടി 'ഫീല്‍ഡറോട് മര്യദക്ക് ത്രോ ചെയ്യാന്‍ പറയണമെന്നും എന്തിനാണ് എന്റെ ദേഹത്ത് എറിഞ്ഞതെന്നുമാണ്' റിഷഭ് ചോദിച്ചത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.

വിറപ്പിക്കുന്ന ബൗളിങ്ങുമായി ബംഗ്ലാദേശ്
ഇന്ത്യയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ബംഗ്ലാദേശിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ ബംഗ്ലാദേശ് പേസര്‍മാര്‍ നന്നായി വിറപ്പിച്ചു. ഹസന്‍ മഹ്‌മൂദ് തുടക്കത്തിലേ നാല് വിക്കറ്റുകളുമായി ഇന്ത്യയെ വിറപ്പിച്ചു. റിഷഭ് പന്ത് മികച്ച ഷോട്ടുകളോടെ മുന്നേറി. 52 പന്തില്‍ 6 ഫോറുള്‍പ്പെടെ 39 റണ്‍സോടെയാണ് റിഷഭ് പന്ത് തിളങ്ങിയത്. വലിയ സ്‌കോറിലേക്ക് റിഷഭ് പോകുമെന്ന് തോന്നിക്കവെയാണ് ഹസന്‍ മഹമ്മൂദ് റിഷഭിനെ പുറത്താക്കിയത്.
മോശം ഷോട്ടിന് ശ്രമിച്ചായിരുന്നു റിഷഭ് പന്ത് മടങ്ങിയത്. കെ എല്‍ രാഹുലിനും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. 16 റണ്‍സ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. എന്നാല്‍ രവീന്ദ്ര ജഡേജയുടേയും ആര്‍ അശ്വിന്റേയും ചിറകിലേറി ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇന്ത്യയെ ആദ്യ ദിനം തന്നെ ഓള്‍ഔട്ടാക്കാമെന്ന ബംഗ്ലാദേശിന്റെ കണക്കുകൂട്ടല്‍ തകര്‍ത്തത് ജഡേജയുടേയും അശ്വിന്റേയും കൂട്ടുകെട്ടായിരുന്നു.
ഇന്ത്യയുടെ ടോപ് ഓഡറിന് നാണക്കേട്
ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയത് വലിയ നാണക്കേടാണെന്ന് തന്നെ പറയാം. മികച്ച റെക്കോഡുള്ള താരങ്ങളാണ് എല്ലാവരും. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. വിരാട് കോലിയുടെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ്. ടെസ്റ്റിലെ കോലിയുടെ ഈ വര്‍ഷത്തെ ശരാശരി 19ല്‍ താഴെയാണ്. ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ചേതേശ്വര്‍ പുജാരയുടേയും അജിന്‍ക്യ രഹാനെയുടേയും വിടവ് നികത്താനും സാധിക്കുന്നില്ല.
ഓസ്‌ട്രേലിയന്‍ പര്യടനമടക്കം വരാനിരിക്കെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അശ്വിനും ജഡേജയുമില്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഇന്ത്യക്ക് നേരിടേണ്ടി വന്നേനെ. എന്തായാലും ഇന്ത്യയെ നന്നായി വിറപ്പിക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് സാധിച്ചു.