IND vs BAN: മഴക്കളി തുടരും, മത്സരം സമനിലയിലേക്ക്; ഇന്ത്യക്ക് കിട്ടുക എട്ടിന്റെ പണി
കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം നേരത്തെ അവസാനിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് ഒന്നാം ദിനം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 35 ഓവറില്‍ 3 വിക്കറ്റിന് 107 റണ്‍സെന്ന നിലയിലാണുള്ളത്. സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായിരിക്കുന്നത്.
ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം വെളിച്ചക്കുറവ് തുടക്കം മുതലേ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണത്തിന് പിന്നാലെ ശക്തമായ മഴയെത്തിയതോടെ മത്സരത്തിന്റെ ആദ്യ ദിനം നേരത്തെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വരുന്ന ദിവസങ്ങളിലും ശക്തമായ മഴയെത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. മഴ തുടര്‍ന്നാല്‍ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും.

നിര്‍ണ്ണായക പോയിന്റ് പോവും
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യക്ക് എട്ട് മത്സരങ്ങളാണുള്ളത്. ഇതില്‍ മൂന്ന് മത്സരം ന്യൂസീലന്‍ഡിനെതിരേയും അഞ്ച് മത്സരം ഓസ്‌ട്രേലിയക്കെതിരേയുമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര തൂത്തുവാരി പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരാന്‍ ഇന്ത്യക്കാവും. എന്നാല്‍ സമനിലയായാല്‍ നിര്‍ണ്ണായക പോയിന്റ് ഇന്ത്യക്ക് നഷ്ടമാവും.
ഇത്തവണ ഇന്ത്യ ഫൈനല്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിന്റെ ഫലം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഈ മത്സരം സമനിലയായാല്‍ പിന്നീടുള്ള എട്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിക്കേണ്ടതായി വരും. ഇന്ത്യയെ സംബന്ധിച്ച് തട്ടകത്തില്‍ നടക്കുന്ന കിവീസ് പരമ്പര വലിയ വെല്ലുവിളി ഉയര്‍ത്തില്ല. എന്നാല്‍ ഓസീസ് പരമ്പരയില്‍ ജയിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ സമനില വഴങ്ങിയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായേക്കും.
ഓസീസ് പരമ്പര ഇത്തവണ എളുപ്പമല്ല
അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്. ഇന്ത്യയോട് കണക്കുവീട്ടാന്‍ കാത്തിരിക്കുകയാണ് ഓസീസ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഇത്തവണ ഓസീസിന്റെ ടീം കരുത്ത് പഴയതിലും ശക്തമാണ്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഇത്തവണ ഓസ്‌ട്രേലിയക്കൊപ്പമുണ്ട്.
എന്നാല്‍ ഇന്ത്യന്‍ നിരയില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ല. ഇത് തിരിച്ചടിയായി മാറാനാണ് സാധ്യത. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമെല്ലാം പിന്നാലെയുണ്ട്. ന്യൂസീലന്‍ഡും ഫൈനലിലേക്കെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ മത്സരങ്ങളുടേയും ഫലം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഒരു ജയം നഷ്ടമായാല്‍ പോലും അത് കാര്യമായി ബാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications