ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം നടക്കാനിരിക്കവെ ടീമിന്റെ വിക്കറ്റ് കീപ്പറെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനു ഈ റോള്‍ ഇനി ലഭിക്കില്ലെന്നും പകരക്കാരനായി മറ്റൊരാളെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. രാഹുലിനു പകരം അടുത്തിടെ മാത്രം ടെസ്റ്റില്‍ അരങ്ങേറിയ യുവതാരം ധ്രുവ് ജുറേലായിരിക്കും പുതിയ വിക്കറ്റ് കീപ്പറായി ടീമിലെത്തുകയെന്നാണ് ചോപ്രയുടെ നിരീക്ഷണം.
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് വിക്കറ്റ് കീപ്പറായി രാഹുലിനു ഇനി ടെസ്റ്റ് ടീമില്‍ ഇടം കിട്ടില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കെഎല്‍ രാഹുലിനു വിക്കറ്റ് കീപ്പറാവാന്‍ സാധിക്കില്ല. സ്‌ക്വാഡ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരിനു ശേഷം ഡബ്ല്യുകെ (WK) എന്നു എഴുതില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
ഇതേ ടീമില്‍ ധ്രുവ് ജുറേലിനെയും നിങ്ങള്‍ തിരഞ്ഞെടുത്തിനാല്‍ അവന്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ഇനി നിങ്ങളുടെ വിക്കറ്റ് കീപ്പറല്ല എന്നാണ് ഇതിന്റെ അര്‍ഥമെന്നും ചോപ്ര വിശദമാക്കി.

രാഹുലിനു വിക്കറ്റ് കീപ്പിങ് നല്‍കിയില്ലെങ്കിലും അതില്‍ കുഴപ്പമൊന്നുമില്ല. റിഷഭ് പന്ത് ഇല്ലാതിരുന്ന സമയത്താണ് അദ്ദേഹം ഈ റോളിലേക്കു വന്നത്. ദുലീപ് ട്രോഫിയില്‍ രാഹുലിനെ നിങ്ങള്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹം ക്യാപ്റ്റനുമല്ല. രാഹുല്‍ മറ്റേതെങ്കിലും ടീമിലും ആയേനെ.
അഭിമന്യു ഈശ്വരനു പകരം രാഹുലിനെയോ, റിഷഭിനെയോ ക്യാപ്റ്റന്‍ ആക്കാമായിരുന്നു. പക്ഷെ ദേശീയ ടീമില്‍ ഇപ്പോള്‍ രണ്ടു പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരെല്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചനകള്‍. ഫോമും ഫിറ്റ്‌നസുമുള്‍പ്പെടയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. റിഷഭ് പന്ത് പരിക്കില്‍ നിന്നു മോചിതനായി തിരിച്ചെത്തിയതും രാഹുലിനു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ അദ്ദേഹം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നു അവസാന കളിയില്‍ രാഹുലിനു പകരം റിഷഭിനെ ഇന്ത്യ ഇറക്കുകയും ചെയ്തു.

അടുത്ത മാസം 19 മുതലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസത്തിന്റെ തുടക്കത്തിലായിരിക്കും ടീമിനെ തിരഞ്ഞെടുത്തേക്കുകയെന്നാണ് സൂചനകള്‍. അടുത്ത മാസം തുടങ്ങുന്ന ദുലീപ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയാവും ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കുക.
വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ അഞ്ചു വിക്കറ്റ് കീപ്പര്‍മാരെ നാലു ടീമുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിഷഭ് പന്ത്, രാഹുല്‍, ജുറേല്‍, ഇഷാന്‍ കിഷന്‍, കെഎസ് ഭരത് എന്നിവരാണിത്. അടുത്ത മാസം അഞ്ചിനാണ് റെഡ് ബോള്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് ആരംഭിക്കുക. ടീം പ്രഖ്യാപനം വരാനിരിക്കുന്നതിനാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഏറെ ശ്രദ്ധിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.