ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് 144 റണ്‍സിനിടെയാണ് ആറ് വിക്കറ്റുകള്‍ നഷ്ടമായത്. സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി. നായകന്‍ രോഹിത് ശര്‍മയും ഇതിഹാസ താരം വിരാട് കോലിയും ആറ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ശുബ്മാന്‍ ഗില്‍ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.
യശ്വസി ജയ്‌സ്വാള്‍ 56 റണ്‍സുമായി തിളങ്ങിയപ്പോള്‍ റിഷഭ് പന്ത് 39 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മധ്യനിരയില്‍ ഇന്ത്യ വിശ്വസിച്ച കെ എല്‍ രാഹുല്‍ 16 റണ്‍സെടുത്താണ് പുറത്തായത്. തട്ടകത്തിലെ ഇന്ത്യയുടെ പതിവ് ആധിപത്യം ബംഗ്ലാദേശിനെതിരേ കാട്ടാനായിട്ടില്ലെന്ന് തന്നെ പറയാം. ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ഇന്ത്യക്കായി ബാറ്റിങ് നിര നിരാശപ്പെടുത്തി. ഓസീസ് ടെസ്റ്റ് പരമ്പരയടക്കം വരാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.
രാഹുലും ഗില്ലും മികവ് കാട്ടുന്നില്ല
ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ വിശ്വസ്തരായ രണ്ട് താരങ്ങളായിരുന്നു ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും. രണ്ട് പേരും ടീം വിട്ടതോടെ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായി. ഈ റോളിലേക്ക് ഇന്ത്യ കണ്ടെത്തിയ രണ്ട് പേര്‍ ശുബ്മാന്‍ ഗില്ലും കെ എല്‍ രാഹുലുമാണ്. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ നിരാശപ്പെടുത്തുമ്പോള്‍ രഹാനെയുടെ വിടവ് നികത്താന്‍ മധ്യനിരയില്‍ കെ എല്‍ രാഹുലിനും സാധിക്കുന്നില്ല.
ബംഗ്ലാദേശിനെതിരേ ഡെക്കിനാണ് ഗില്‍ പുറത്തായത്. ലെഗ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ഗില്ലിന്റെ മടക്കം. ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട മൂന്നാം നമ്പറില്‍ ഗില്ലിന്റെ ബാറ്റിങ് ശൈലികൊണ്ട് കാര്യമില്ല. പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്. എന്നാല്‍ ഗില്‍ ക്ഷമ കാട്ടാത്ത ബാറ്റ്‌സ്മാനാണ്. പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതാണ്.

റുതുരാജിനെ പരിഗണിക്കാം
മൂന്നാം നമ്പറിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്ന താരം റുതുരാജ് ഗെയ്ക് വാദാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനും കഴിവുള്ള ക്ലാസിക് താരമാണ് റുതുരാജ്. എന്നാല്‍ ഇന്ത്യ ടെസ്റ്റിലേക്ക് താരത്തെ പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ റുതുരാജിന് സാധിച്ചിരുന്നു. എന്നാല്‍ റുതുരാജിനെ പരിഗണിച്ചിട്ടില്ല. പുജാരക്ക് പകരക്കാരനാവാന്‍ ഏറ്റവും മികച്ച താരം റുതുരാജാണ്.
സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് റുതുരാജ്. ഗില്ലിനെക്കാളും ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ റുതുരാജിന് സാധിക്കുമെന്നുറപ്പ്. ഇന്ത്യക്കാവശ്യം പിടിച്ചുനിന്ന് വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള താരത്തെയാണ്. മൂന്നാം നമ്പര്‍ വളരെ പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനായതിനാല്‍ ഇന്ത്യക്ക് ഇനിയും ഗില്ലിനെ വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ല.
സര്‍ഫറാസോ ജുറേലോ വരണം
മധ്യനിരയില്‍ രാഹുലിനെപ്പോലെ അമിത പ്രതിരോധം നടത്തുന്ന താരത്തെയല്ല ഇന്ത്യക്കാവശ്യം. സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍ എന്നിവരിലൊരാള്‍ ഈ റോളിലേക്കെത്തണം. ഇരുവരും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കുന്നവരാണ്. സര്‍ഫറാസ് റിഷഭ് പന്തിനെപ്പോലെ പെട്ടെന്ന് റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്.
ഇംഗ്ലണ്ട് പരമ്പരയില്‍ കസറിയ സര്‍ഫറാസ് ദുലീപ് ട്രോഫിയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ജുറേലും മോശമല്ല. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ സമ്മര്‍ദ്ദ ഘട്ടത്തിലടക്കം ടീമിനെ രക്ഷിക്കാന്‍ ജുറേലിന് സാധിച്ചിരുന്നു. ഈ മാറ്റങ്ങള്‍ ഇന്ത്യ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഈ മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.