കാണ്‍പൂര്‍: ഇന്ത്യ vs ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന് കാണ്‍പൂരില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ ടെസ്റ്റിലെ വിജയം ഉള്‍ക്കൊണ്ട് രണ്ടാം ടെസ്റ്റിലും വിജയം നേടി പരമ്പര നേടാമെന്നാണ് ഇന്ത്യ കരുതുന്നത്. ശക്തമായ തിരിച്ചുവരവ് നടത്താനാണ് സന്ദര്‍ശകരായ ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. കാണ്‍പൂര്‍ പൊതുവേ സ്പിന്നിന് അനുകൂലമായ പിച്ചാണ്. അതുകൊണ്ടുതന്നെ ഇരു ടീമും സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയാവും ഇറങ്ങുക.
ഇന്ത്യ അവസാനമായി കാണ്‍പൂരില്‍ കളിച്ചപ്പോള്‍ ടീമിലുണ്ടായിരുന്ന പലരും ഇന്ന് ടീമിലില്ല. ഇത്തരത്തില്‍ ഇന്ത്യ അവസാനമായി കാണ്‍പൂര്‍ ടെസ്റ്റിന്റെ ഭാഗമാവുകയും ഇപ്പോള്‍ ടീമില്‍ പോലും ഇല്ലാതെ തഴയപ്പെടുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ മധ്യനിര താരമായിരുന്ന ശ്രേയസ് അയ്യര്‍ ഇപ്പോള്‍ ടീമിന് പുറത്താണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രേയസ് ഇത് അവഗണിച്ചിരുന്നു. ഇതോടെ ടീമിന് പുറത്തായ ശ്രേയസ് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ശ്രേയസിന് തിരിച്ചുവരവ് നടത്തുകയെന്നത് അല്‍പ്പം പ്രയാസമാണ്. മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കായി കളിക്കാന്‍ കാത്തിരിക്കവെ ശ്രേയസിന് മടങ്ങിവരവ് പ്രയാസമാണെന്ന് പറയാം.
ഇഷാന്ത് ശര്‍മ
ഇന്ത്യ അവസാനമായി കാണ്‍പൂരില്‍ കളിക്കുമ്പോള്‍ പേസ് നിരയില്‍ ഇഷാന്ത് ശര്‍മയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത്തവണ ഇഷാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. പേസ് നിരയില്‍ നിന്ന് ഇഷാന്ത് പുറത്തായിട്ട് നാളുകളേറെയായി. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് ഇഷാന്ത് കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം സജീവമല്ല. അതുകൊണ്ടുതന്നെ ഇനി ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്ത് തിരിച്ചെത്താന്‍ സാധ്യത വളരെ കുറവാണ്. നിലവില്‍ മികച്ച പേസര്‍മാര്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ഇഷാന്തിന്റെ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ വിലയിരുത്താം.

ചേതേശ്വര്‍ പുജാര
മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് ചേതേശ്വര്‍ പുജാര. ക്ഷമയോടെ പിടിച്ചുനിന്ന് വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ള താരമാണ് പുജാര. അവസാനമായി ഇന്ത്യ കാണ്‍പൂരില്‍ കളിച്ചപ്പോള്‍ ടീമിന്റെ ഭാഗമായി പുജാരയുമുണ്ടായിരുന്നു. മോശം ഫോം വേട്ടയാടിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുജാര പുറത്തായി. ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്. മൂന്നാം നമ്പറില്‍ ഇപ്പോള്‍ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ഇപ്പോള്‍ വളര്‍ത്തുന്നു. ഗില്‍ മികച്ച പ്രകടനവും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പുജാരയെ ഇന്ത്യ ഇനി തിരിച്ചുവിളിച്ചേക്കില്ല.
അജിന്‍ക്യ രഹാനെ
മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായിരുന്നു അജിന്‍ക്യ രഹാനെ. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിപ്പിച്ച നായകനാണ് രഹാനെ. മികച്ച ബാറ്റിങ് കണക്കുകളും അവകാശപ്പെടാന്‍ സാധിക്കുന്ന രഹാനെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ രഹാനെ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്. മികച്ച താരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ രഹാനെയുടെ ഇന്ത്യന്‍ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം.
വൃദ്ധിമാന്‍ സാഹ
ഇന്ത്യ അവസാനമായി കാണ്‍പൂരില്‍ കളിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് വൃദ്ധിമാന്‍ സാഹയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടീമിന് പുറത്താണ് സാഹ. ഇനിയൊരു തിരിച്ചുവരവ് സാഹക്ക് അസാധ്യമാണ്. പ്രായം തളര്‍ത്തുന്ന സാഹ ഐപിഎല്ലില്‍ പോലും സജീവമല്ല. ഇന്ത്യ നിലവില്‍ മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ നീണ്ട നിരയുണ്ട്. അതുകൊണ്ടുതന്നെ സാഹക്ക് ഇനി തിരിച്ചുവരവ് അസാധ്യമാണ്.