മുംബൈ: ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ആദ്യ ടി20 പരമ്പര ഗംഭീറിന് കീഴില്‍ ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര നാണംകെട്ട് തോറ്റു. ഇപ്പോള്‍ ബംഗ്ലാദേശിനോട് ടെസ്റ്റും ജയിച്ച് തുടങ്ങാന്‍ ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഇതിനോടകം ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗംഭീര്‍ തയ്യാറായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് താരങ്ങള്‍ ഫോം കണ്ടെത്തണമെന്നതടക്കം പല പരിഷ്‌കാരങ്ങളും ഗംഭീര്‍ വരുത്തിയിട്ടുണ്ട്.
പ്രതിഭയുള്ള പല യുവതാരങ്ങളേയും ഗംഭീര്‍ ടീമിലേക്ക് വളര്‍ത്തുകയും ചെയ്തു. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്തമായ ടീമിനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് ഗംഭീര്‍ ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ ഗംഭീര്‍ കോച്ചായതോടെ ചില താരങ്ങളുടെ കഷ്ടകാലവും തുടങ്ങി. ഇന്ത്യന്‍ ടീമില്‍ ഇവരുടെ അവസരം കുറഞ്ഞിട്ടുണ്ട്. ഗംഭീര്‍ വേണ്ടത്ര പിന്തുണ ഇൗ താരങ്ങള്‍ക്ക് നല്‍കുന്നില്ല. ഇത്തരത്തില്‍ ഗംഭീര്‍ വന്നതോടെ അവസരം കുറഞ്ഞ താരങ്ങളിതാ.
തിലക് വര്‍മ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് തോന്നിപ്പിച്ച താരങ്ങളിലൊരാളാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ തിലക് അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന പ്രതിഭയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച് മിന്നിച്ച തിലക് ആഭ്യന്തര ക്രിക്കറ്റിലും വലിയ മികവ് കാട്ടുന്ന താരങ്ങളിലൊരാളാണ്. ഇതിനോടകം ഇന്ത്യക്കായി 16 ടി20യും നാല് ഏകദിനവും കളിക്കാന്‍ തിലകിനായി.
യുവരാജ് സിങ്ങിന്റെ വിടവ് നികത്താന്‍ കരുത്തുള്ളവനെന്നടക്കം വാഴ്ത്തപ്പെട്ട തിലകിന് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ആവശ്യത്തിന് അവസരം ലഭിക്കുന്നില്ല. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം തിലകിനെ കാര്യമായി പിന്തുണക്കുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ ശേഷിയുള്ള താരം ടോപ് ഓഡറിലും മധ്യനിരയിലും കളിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ ഗംഭീര്‍ താരത്തെ കാര്യമായി പിന്തുണക്കുന്നില്ല.

റിങ്കു സിങ്
എംഎസ് ധോണിയെപ്പോലെ ഏത് സമ്മര്‍ദ്ദത്തിലും പിടിച്ചുനിന്ന് കളിക്കാനും മത്സരം ഫിനിഷ് ചെയ്യാനും കഴിവുള്ള താരമെന്ന് വിശേഷിപ്പിക്കപ്പെട്ടവനാണ് റിങ്കു സിങ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികവ് തെളിയിച്ചാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ റിങ്കു തഴയപ്പെടുകയാണ്. ഗംഭീര്‍ കെകെആറിന്റെ ഉപദേഷ്ടാവായപ്പോള്‍ റിങ്കുവിനെ ഒതുക്കുകയാണ് ചെയ്തത്.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിന് അവസരം കുറഞ്ഞിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പോലും റിങ്കു ഒതുക്കപ്പെടുന്നു. ദുലീപ് ട്രോഫിയിലേക്ക് റിങ്കുവിനെ പരിഗണിച്ചില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീം പദ്ധതികള്‍ക്ക് പുറത്താണ് റിങ്കുവിന്റെ സ്ഥാനമെന്ന് പറയാം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും റിങ്കുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്ന ഫിനിഷറുടെ കരിയര്‍ നശിപ്പിക്കുകയാണെന്ന് പറയാം.
മുകേഷ് കുമാര്‍
പേസ് നിരയിലേക്ക് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന താരങ്ങളിലൊരാളാണ് മുകേഷ് കുമാര്‍. ഇന്ത്യക്കായി മൂന്ന് ടെസ്റ്റും ആറ് ഏകദിനവും കളിച്ച താരം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. തുടര്‍ അവസരങ്ങള്‍ ലഭിച്ചാല്‍ മെച്ചപ്പെടാന്‍ സാധ്യതയുള്ള താരമാണ് മുകേഷ് കുമാര്‍. എന്നാല്‍ ഗംഭീര്‍ മുകേഷിനെ പിന്തുണക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരം ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടു.
ഇനി മുകേഷിന് തിരിച്ചുവരവും പ്രയാസമാണ്. ഗംഭീര്‍ മുകേഷിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ആകാശ് ദീപിനും യഷ് ദയാലിനും ഗംഭീര്‍ പിന്തുണ നല്‍കിയപ്പോള്‍ മുകേഷ് ഒതുക്കപ്പെട്ടു. നിലവില്‍ മുകേഷ് ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമല്ലെന്ന് തന്നെ പറയാം.