ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ള മുന്‍നിര കളിക്കാരെല്ലാം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ മികച്ച ഫോമിയുള്ള യുവതാരം റുതുരാജ് ഗെയ്ക്വാദ് തഴയപ്പെട്ടിരിക്കുകയാണ്. ടെസ്റ്റില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിട്ടും അദ്ദേഹത്തെ എന്തിന് ഒഴിവാക്കിയെന്നതാണ് ആരാധകരുടെ ചോദ്യം.
റെഡ് ബോള്‍ ക്രിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനേക്കാള്‍ മികച്ച താരമാണ് റുതുരാജെന്നും പക്ഷെ അദ്ദേഹത്തെ സെലക്ടര്‍മാര്‍ നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാനയ താരം സഞ്ജു സാംസണല്ല, മറിച്ച് റുതുരാജാണെന്നുമാണ് ആരാധകരുടെ വാദം.

ഗില്ലിനേക്കാള്‍ മികച്ചയാള്‍ റുതുരാജ്
ശുഭ്മന്‍ ഗില്ലിനേക്കാള്‍ കഴിവുറ്റ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിന്റെ ശരാശരി 35ഉം റുതുരാജിന്റേത് 43ഉം ആണ്. എന്നിട്ടും എന്തുകൊണ്ടാണ് സെലക്ടര്‍മാര്‍ റുതുരാജിനു ഗില്ലിനെ കൂടുതല്‍ പിന്തുണയ്ക്കുന്നത്?
മികച്ച സ്‌കോറുകള്‍ നേടിയിട്ടും എന്തുകൊണ്ടാണ് റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞു കൊണ്ടിരിക്കുന്നതെന്നു മനസ്സിലാവുന്നില്ല. ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും ആ ഫോര്‍മാറ്റിലും അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ നല്‍കുന്നില്ല.
റുതുരാജ് മറ്റൊരു രാജ്യത്തെ ക്രിക്കറ്ററായിരുന്നെങ്കില്‍ മൂന്നു ഫോര്‍മാറ്റുകളിലും തീര്‍ച്ചയായും ടീമിലുണ്ടാവുമായിരുന്നു. പക്ഷെ ഇന്ത്യയില്‍ എല്ലായിടത്തും രാഷ്ട്രീയമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുകയാണ്.
സഞ്ജുവിനേക്കാള്‍ ഭാഗ്യം കെട്ട താരം
ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴപ്പെടുമ്പോഴേക്കും അദ്ദേഹത്തിന്റെ ആരാധകര്‍ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കുമെതിരേ വാളെടുക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര സ്ഥിരതയാര്‍ന്ന പ്രകടനം നടത്താതിരുന്നിട്ടും ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്നാണ് പലരും അദ്ദേഹത്തെ ചൂണ്ടിക്കാണിക്കാറുള്ളത്.
പക്ഷെ സഞ്ജുവിനേക്കാള്‍ ഭാഗ്യമില്ലാത്തയാള്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും. കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. പക്ഷെ എന്നിട്ടും ടീമില്‍ അദ്ദേഹത്തിനു സ്ഥിരമായി അവസരങ്ങള്‍ നല്‍കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടം
ദുലീപ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ റുതുരാജ് ഗെയ്ക്വാദ് സ്‌കോര്‍ ചെയ്തിരിക്കുന്നത് 51 റണ്‍സാണ്. എന്നാല്‍ ശുഭ്മന്‍ ഗില്ലിനു നേടാനായതാവട്ടെ 46 റണ്‍സുമാണ്. യശസ്വി ജയ്‌സ്വാള്‍ 39 റണ്‍സാണ് ആദ്യ കളിയില്‍ സ്‌കോര്‍ ചെയ്തത്.
എന്നിട്ടും റുതുരാജിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി മറ്റു രണ്ടു പേരെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ഇതു റുതുരാജിന്റെയല്ല, മറിച്ചു ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടമാണെന്നും ആരാധകര്‍ കുറിക്കുന്നു.
റുതുരാജ് ഗെയ്ക്വാദ് ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമായിരുന്നു. നേരത്തേ കൈയ്‌ക്കേറ്റ പരിക്കു കാരണം ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ അരങ്ങേറാനുള്ള അവസരം അദ്ദേഹത്തിനു നഷ്ടമായിരുന്നു. റുതുരാജിന്റെ സാന്നിധ്യം ബംഗ്ലാദേശിനെതിരേ തീര്‍ച്ചയായും ഇന്ത്യന്‍ ബാറ്റിങിനെ ശക്തിപ്പെടുത്തുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍.