മുംബൈ: ഇന്ത്യയുടെ ബംഗ്ലാദേശ് ടി20 പരമ്പര 6ാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള താരനിരയെയാണ് പരിഗണിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മൂന്ന് പേരാണ് അരങ്ങേറ്റക്കാരായുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ് എന്നിവരെല്ലാം ടീമിന്റെ ഭാഗമായുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണുള്ളത്.
ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി പരിഗണിച്ചിരിക്കുന്നത് അഭിഷേക് ശര്‍മയെ മാത്രമാണ്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം സഞ്ജു സാംസണെ ഇന്ത്യ ഓപ്പണര്‍ റോളില്‍ പരീക്ഷിക്കാനാണ് സാധ്യത. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും ആരാധകര്‍ എത്തുന്നത്. ഓപ്പണിങ് റോള്‍ സഞ്ജുവിന് ചേരില്ലെന്നും സഞ്ജുവിനെ കുടുക്കാനുള്ള നീക്കമാണിതെന്നുമാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്. എന്നാല്‍ ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്ന് നേരത്തെ സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
സഞ്ജുവിനെ ഓപ്പണിങ്ങിലിറക്കാന്‍ ഇന്ത്യ തയ്യാറെടുക്കവെ മുന്‍ ശ്രീലങ്കന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് കോച്ചുമായ കുമാര്‍ സംഗക്കാര സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനേതാണെന്ന് നിര്‍ദേശിച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
നാലാം നമ്പര്‍ സഞ്ജുവിന് നല്‍കണം
ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ സഞ്ജുവിന് നല്‍കണമെന്നാണ് സംഗക്കാര പറയുന്നത്. സഞ്ജുവിനെ പവര്‍പ്ലേയ്ക്ക് ശേഷം ഇറക്കുന്നതാണ് ഏറ്റവും നല്ലതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സഞ്ജുവിനെ അടുത്തറിയുന്ന ആളാണ് സംഗക്കാര. അതുകൊണ്ടുതന്നെ സംഗക്കാരയുടെ വിലയിരുത്തല്‍ ശരിയാണെന്ന് തന്നെ പറയാം. സഞ്ജുവിന് ബെസ്റ്റ് 7 ഓവര്‍ കഴിഞ്ഞ് ബാറ്റ് ചെയ്യാന്‍ വരുന്നതാണ്. എന്നാല്‍ ഏത് പൊസിഷനിലും കളിക്കാന്‍ അവന് കരുത്തുണ്ട്.
ഉയര്‍ന്ന ശാരീരിക ക്ഷമതയും അവനുണ്ട്. പ്രതിസന്ധികളെ എങ്ങനെ മറികടന്ന് ബാറ്റ് ചെയ്യണമെന്ന് അവനറിയാം. അതുകൊണ്ടുതന്ന എവിടെ വേണമെങ്കിലും സഞ്ജുവിനെ ഇന്ത്യക്ക് കളിപ്പിക്കാവുന്നതാണ്. എവിടെ കളിച്ചാലും സഞ്ജുവിന് മികവ് കാട്ടാനുള്ള പ്രതിഭയുണ്ടെന്നും സംഗക്കാര പറഞ്ഞു. എന്നാല്‍ ഇൗ വാക്കുകള്‍ സഞ്ജുവിനോടുള്ള സ്‌നേഹം കൊണ്ടാണെന്ന് പറയാം. ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ സഞ്ജു പതറാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

മധ്യനിരയില്‍ സ്പിന്നര്‍മാരുടെ അന്തകന്‍
സഞ്ജുവിനെ പവര്‍പ്ലേയില്‍ കളിപ്പിക്കുമ്പോള്‍ പിച്ചിന്റെ അവസ്ഥ പോലും മനസിലാക്കാതെ കടന്നാക്രമിച്ച് കളിച്ച് വിക്കറ്റ് തുലക്കാനാണ് സാധ്യത കൂടുതല്‍. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരത്തിലും ഇതാണ് കണ്ടത്. ഡെക്കിനാണ് സഞ്ജു മടങ്ങിയത്. എന്നാല്‍ പവര്‍പ്ലേ കഴിയുമ്പോഴേക്കും പിച്ചിനെക്കുറിച്ച് ഏറെക്കുറെ ധാരണ ബാറ്റ്‌സ്മാന് ലഭിക്കും. അതുകൊണ്ടുതന്നെ മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവും.
മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെയാണ് കൂടുതല്‍ പ്രതീക്ഷിക്കാവുന്നത്. സഞ്ജു സ്പിന്നിനെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണ്. പവര്‍പ്ലേയില്‍ സ്പിന്നര്‍മാര്‍ വരുമ്പോള്‍ സഞ്ജു പലപ്പോഴും പതറുന്നതായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ വരുമ്പോള്‍ സഞ്ജുവിന് ഗംഭീര പ്രകടനം നടത്താന്‍ സാധിക്കാറുണ്ട്. സഞ്ജുവിന്റെ കൈക്കരുത്ത് മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സഹായിക്കുമെന്ന് തന്നെ പറയാം.
സഞ്ജുവിന് നാലാം നമ്പര്‍ നല്‍കില്ല
ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കില്ല. സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെയോ റിയാന്‍ പരാഗിനെയോ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ടീമിന്റെ സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജു സാംസണെ ഇന്ത്യ ഓപ്പണറായിത്തന്നെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. ഈ റോളില്‍ സഞ്ജു തിളങ്ങുമോയെന്നത് കണ്ടറിയാം.