മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെയാണ് രണ്ട് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള ഷെഡ്യൂള്‍ പുറത്തുവന്നതിനാല്‍ ഇനിയുള്ള ടെസ്റ്റ് പരമ്പരകളെല്ലാം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മ നയിക്കുന്ന ശക്തമായ താരനിരയാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യക്കായി ഇറങ്ങുന്നത്. മികച്ച യുവതാരങ്ങളും ഇന്ത്യക്കൊപ്പമുണ്ട്.
ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, റിയാന്‍ പരാഗ് എന്നിങ്ങനെ ഇന്ത്യയുടെ ഭാവിയിലേക്ക് നോക്കുമ്പോഴും പ്രതീക്ഷകളേറെയാണ്. ഇന്ത്യയെ മികച്ച പ്രകടനത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള യുവതാരങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിനൊപ്പം ഇനി എത്ര നാളെന്നത് കണ്ടറിയണം. അതുകൊണ്ടുതന്നെ പകരക്കാരെ ഇന്ത്യന്‍ വളര്‍ത്തേണ്ട സമയമാണിതെന്ന് പറയാം.
ഇപ്പോഴിതാ ഇന്ത്യയുടെ ഭാവിയിലെ ഹീറോസായ മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള ഈ താരങ്ങളില്‍ ശുബ്മാന്‍ ഗില്ലിനേയും റിഷഭ് പന്തിനേയും രോഹിത് പരിഗണിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം.
ഭാവിയിലെ മൂന്ന് ഹീറോസ് ഇവരാണ്
യശ്വസി ജയ്‌സ്വാള്‍, ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കാണ് മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവിയുള്ളതെന്നാണ് രോഹിത്തിന്റെ വിലയിരുത്തല്‍. 'ഇവരെക്കുറിച്ച് അധികം പറയേണ്ടതില്ല. സര്‍ഫറാസും ജുറേലും ജയ്‌സ്വാളും ടെസ്റ്റിലേക്കെത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. ഇതിനോടകം തന്നെ തങ്ങള്‍ക്ക് സാധ്യമാകുന്നത് എന്താണെന്ന് ഇവര്‍ കാട്ടിത്തന്നിട്ടുണ്ട്. ജുറേല്‍ വിക്കറ്റിന് പിന്നിലും കേമനാണ്. മൂന്ന് ഫോര്‍മാറ്റിലും സൂപ്പര്‍ താരങ്ങളാവാന്‍ കഴിവുള്ളവരാണ് ഇവരെല്ലാം.
പ്രതിഭ തിരിച്ചറിഞ്ഞ് ഇവരെ കൃത്യമായി വളര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്. എന്നാല്‍ ക്രിക്കറ്റ് പോലൊരു കായിക ഇനത്തില്‍ എന്തും സംഭവിക്കാം. ചിന്തിക്കുന്നതിന് വിപരീതമായി കാര്യങ്ങള്‍ നടന്നേക്കാം. ഇന്ത്യക്കായി കളിക്കാനും വിജയങ്ങള്‍ നേടാനും അതിയായി ആഗ്രഹിക്കുന്നവരാണ് ഇവര്‍' രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇവര്‍ ഇടം നേടിയിട്ടുണ്ട്. ഇവര്‍ക്ക് പ്ലേയിങ് 11ലും അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷ
യശ്വസി ജയ്‌സ്വാള്‍ ഇതിനോടകം ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും ഇന്ത്യക്കായി മികവ് തെളിയിച്ച് കഴിഞ്ഞ താരമാണ്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവരിലൊരാളാണ്. ഭയമില്ലാതെ ബാറ്റുവീശുന്ന താരമാണ് ജയ്‌സ്വാളെന്ന് പറയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയ ജയ്‌സ്വാള്‍ അവസാന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയ്‌സ്വാളിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കെ ഓപ്പണറായി ജയ്‌സ്വാള്‍ വേണമോ വേണ്ടയോ എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശ് പരമ്പരയിലെ ജയ്‌സ്വാളിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഇത് താരത്തിന്റെ വിദേശ പര്യടനത്തിലെ ടീമിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.
ജുറേല്‍ ഭാവിയുള്ള കീപ്പര്‍
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലൂടെ പ്രതിഭ കാട്ടി വളര്‍ന്ന താരമാണ് ദ്രുവ് ജുറേല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജുറേല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത് മികവ് കാട്ടാന്‍ കരുത്തുള്ളവനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം സമ്മര്‍ദ്ദ സാഹചര്യത്തിലും പതറാതെ കളിക്കുന്നവനാണ്. ഇതിനോടകം ടെസ്റ്റിലും ടി20യിലും ജുറേല്‍ അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും കസറുന്ന താരമായിമാറാന്‍ ജുറേലിനാവും. സഞ്ജു സാംസണിന്റെ സീറ്റ് തെറിപ്പിക്കുന്ന തരത്തിലേക്ക് വളരാന്‍ ജുറേലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. വലിയ ഭാവിയുള്ള താരമാണ് ജുറേലെന്ന് നിസംശയം പറയാം.