കറാച്ചി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശിന് ഈ മികവ് ഇന്ത്യയില്‍ കാട്ടാനായില്ല. ഇന്ത്യ ഒന്നര ദിവസം ബാക്കി നിര്‍ത്തിയാണ് സര്‍വാധിപത്യ ജയം നേടിയെടുത്തത്. സൂപ്പര്‍ താരങ്ങളില്‍ പലരും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചിട്ടും ആര്‍ അശ്വിന്റേയും രവീന്ദ്ര ജഡേജയുടേയും മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു
ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ നാട്ടിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിക്കുന്നതാണെന്ന് പറയാം. അടുത്തൊന്നും ഇന്ത്യയില്‍ വന്ന് ടെസ്റ്റ് പരമ്പര ജയിച്ച് മടങ്ങാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ടെസ്റ്റിലെ കുതിപ്പിന് പിന്നില്‍ കൈയടി വാങ്ങുന്നത് രോഹിത് ശര്‍മയും വിരാട് കോലിയുമാണ്. എന്നാല്‍ ഇന്ത്യയുടെ കരുത്ത് രോഹിത്തും കോലിയുമല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം കമ്രാന്‍ അക്മല്‍.
അശ്വിനും ജഡേജയുമാണ് താരങ്ങള്‍
ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് വിജയങ്ങളുടെ ശരിയായ കാരണക്കാര്‍. ഓള്‍റൗണ്ട് പ്രകടനത്തോടെ ഇവര്‍ മത്സരം ജയിപ്പിക്കുന്നു. ബംഗ്ലാദേശിനെതിരേ അശ്വിനും സെഞ്ച്വറിയും ആറ് വിക്കറ്റുമാണ് വീഴ്ത്തിയത്. വലിയ തകര്‍ച്ചയില്‍ നിന്നാണ് അശ്വിന്‍ ടീമിനെ കരകയറ്റിയത്. ജഡേജ അര്‍ധ സെഞ്ച്വറിയും അഞ്ച് വിക്കറ്റുകളും നേടി. ഈ രണ്ട് താരങ്ങളുമില്ലാതെ ഇന്ത്യക്ക് നാട്ടില്‍ ടെസ്റ്റില്‍ മികവ് കാട്ടാന്‍ സാധിക്കില്ല.
ഇവര്‍ വലിയ പ്രകടനം നടത്തുന്നവരാണ്' കമ്രാന്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ രക്ഷിച്ചത് അശ്വിന്റേയും ജഡേജയുടേയും കൂട്ടുകെട്ടാണ്. രണ്ട് പേരും ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഇവര്‍ക്ക് ശേഷം ആരെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ചോദ്യം തന്നെയാണ്.

കോലിയും രോഹിത്തും മോശം ഫോമില്‍
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും മോശം പ്രകടനമാണ് കണ്ടത്. രണ്ട് പേര്‍ക്കും മികവ് കാട്ടാനായില്ല. രോഹിത് ശര്‍മ സമീപകാല പരിമിത ഓവര്‍ പരമ്പരകളില്‍ മിന്നിച്ചെങ്കിലും വിരാട് കോലി നിരാശപ്പെടുത്തുകയാണ്. സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ദൗര്‍ബല്യം വിരാട് കോലിക്കുണ്ട്. സമീപകാലത്തായി ബൗളര്‍മാരിത് നന്നായി മുതലാക്കുന്നുമുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലൂടെ ഇവര്‍ക്ക് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. രണ്ട് ടീമുകള്‍ക്കെതിരേയും രോഹിത്തും കോലിയും ഫോം കണ്ടെത്താതിരുന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ഇവര്‍ക്ക് നിര്‍ണ്ണായകമാണ്. ഫോമിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
നാട്ടില്‍ ഇന്ത്യ വേറെ ലെവല്‍
ഹോം ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര നേടാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയാണുള്ളത്. വമ്പന്മാരായ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് പോലും ഇന്ത്യയെ നാട്ടില്‍ തകര്‍ത്ത് പരമ്പര നേടാന്‍ അടുത്തൊന്നും സാധിച്ചിട്ടില്ല. ഇന്ത്യയുടെ നാട്ടിലെ കരുത്ത് സ്പിന്‍ മികവാണ്. ഇന്ത്യയിലെ പിച്ചുകളെ മുതലാക്കുന്ന ലോകോത്തര സ്പിന്നര്‍മാരാണ് ടീമിനൊപ്പമുള്ളത്.
അതുകൊണ്ടുതന്നെ ഏത് എതിരാളികള്‍ക്കും ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടുകയെന്നത് അല്‍പ്പം പ്രയാസമാണ്. വിദേശ പര്യടനങ്ങളില്‍ പോലും ഇന്ത്യ വലിയ ആധിപത്യം കാട്ടുന്നുണ്ട്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ നേടിയിരുന്നു. ഇംഗ്ലണ്ടിലും ന്യൂസീലന്‍ഡിലുമെല്ലാം കരുത്ത് കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചു.