ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ടീമിന്റെ ബംഗ്ലദേശ് പര്യടനത്തിനു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. അതിനു മുമ്പ് ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യന്‍ ടീം കളിക്കുമെങ്കിലും വൈറ്റ് ബോള്‍ മല്‍സരങ്ങള്‍ക്കാണ് കൂടുതല്‍ ആരാധകരുള്ളെന്നതില്‍ സംശയമില്ല.
ബംഗ്ലാദേശില്‍ മൂന്നു വീതം ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യ കളിക്കുക. ആഗസ്റ്റ് 17 മുതല്‍ 29 വരെ നീളുന്നതാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. 17നാണ് ഏകദിന പരമ്പര തുടങ്ങുക. എല്ലാം ഡേ മല്‍സരങ്ങള്‍ തന്നെയാണ്. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

രോഹിത്തില്ല? ഗില്‍ നയിക്കും
ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ഏകദിന ടീമിനെ നയിക്കാന്‍ ഇതിഹാസ താരവും ഓപ്പണറുമായ രോഹിത് ശര്‍മയുണ്ടായേക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദീര്‍ഘകാലമായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവുകയെന്ന ലക്ഷ്യത്തോടെ ഐപിഎല്‍ കഴിഞ്ഞാല്‍ ശസ്ത്ര ക്രിയക്കു വിധേയനാവാന്‍ തയ്യാറെടുക്കുകയാണ് ഹിറ്റ്മാന്‍.
ശസ്ത്രക്രിയക്കു ശേഷം മാസങ്ങളോളം രോഹിത്തിനു മല്‍സരരംഗത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ തന്നെ ബംഗ്ലാദേശില്‍ അദ്ദേഹത്തെ ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല.
രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലായിരിക്കും ടീമിനെ നയിക്കുക. രോഹിത് വിരമിച്ചതോടെ ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചു കഴിഞ്ഞു. ഇനി വൈറ്റ് ബോളിലും അധികം വൈകാതെ തന്നെ ടീം ഗില്ലിനു വീഴിലാവുമെന്നും ഉറപ്പായിരിക്കുകയാണ്.
ടീമില്‍ ആരെല്ലാം?
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്നെ ഓപ്പണിങില്‍ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശസ്വി ജയ്‌സാളിനു ഓപ്പണിങിലേക്കു നറുക്കുവീഴും. ബാക്കപ്പ് ഓപ്പണറായി ടീമിലുണ്ടാവുക മറ്റൊരു ഇടംകൈയന്‍ ബാറ്റര്‍ അഭിഷേക് ശര്‍മയുമായിരിക്കും. മൂന്നാം നമ്പറില്‍ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ നമുക്കു തീര്‍ച്ചയായും കാണാം.
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ബംഗ്ലാദേശില്‍ കോലിയെ ഉറപ്പായും ഇന്ത്യന്‍ കുപ്പായത്തില്‍ വീണ്ടും കാണാം. അദ്ദേഹത്തിന്റെ ബാക്കപ്പായി ടീമിലെത്തുക യുവതാരം സായ് സുദര്‍ശനായിരിക്കും.
നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ കളിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഏകദിനത്തില്‍ ഈ റോള്‍ അദ്ദേഹം ഭദ്രമാക്കി കഴിഞ്ഞു. ഏകദിന ഫോര്‍മാറ്റിലുള്ള കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസ് നടത്തിത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയായിരുന്നു.
ശ്രേയസ് കഴിഞ്ഞാല്‍ അഞ്ചാമന്‍ മറ്റൊരു സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലായിരിക്കും. ഏകദിനത്തില്‍ നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല. പകരം റിഷഭ് പന്തായിരിക്കും ടീമിലെ ബാക്കപ്പ്.

കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയിലും ഇതു തന്നെയാണ് സംഭവിച്ചത്. രാഹുല്‍ കഴിഞ്ഞാല്‍ ആറ്, ഏഴ് സ്ഥാനങ്ങൡ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരെയും കാണാം. വെറ്ററന്‍ താരം രവീന്ദ്ര ജഡേജയ്ക്കു ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ല.
കുല്‍ദീപ് യാദവിനായിരിക്കും സ്പിന്‍ ബൗളിങ് ചുമതല. എന്നാല്‍ അദ്ദേഹത്തിനു വിശ്രമം അനുവദിക്കപ്പെട്ടാല്‍ പകരം വരുണ്‍ ചക്രവര്‍ത്തിക്കും നറുക്കുവീഴും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിക്കാനാണ് സാധ്യത. മുഹമ്മദ് സിറാജിനും വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങായിരിക്കും ബൗളിങിനു ചുക്കാന്‍ പിടിക്കുക. കൂട്ടിനു പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെയും കാണാം.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ.